കോവളം ഫുട്‌ബോള്‍ ടീമിന് പിന്തുണയുമായി മുത്തൂറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷന്‍

0


അണ്ടര്‍ 15 ഐ ലീഗില്‍ കേരളത്തെ പ്രതിനിധീകരിക്കുന്ന കോവളം ഫുട്‌ബോള്‍ ക്ലബ് ടീമിന് പിന്‍തുണയുമായി മുത്തൂറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷന്‍. സാമൂഹ്യ ഉത്തരവാദിത്വ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തു ഫുട്‌ബോള്‍ പ്രതിഭകളെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണു മുത്തൂറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷന്‍ കോവളം എഫ് സിയുമായി സഹകരിക്കുന്നത്. പ്രാരംഭഘട്ടത്തില്‍ ഇത്തവണത്തെ അണ്ടര്‍ 15 ഐ ലീഗിനുള്ള ടീമുമായാണു മുത്തൂറ്റ് സഹകരിക്കുന്നത്. എന്നാല്‍ ഭാവിയില്‍ സഹകരണം കൂടുതല്‍ വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നു മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു.

അണ്ടര്‍ 15 ഐ ലീഗിനുള്ള കോവളം എഫ് സി ടീമിന്റെ ജഴ്‌സി പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശശി തരൂര്‍ എം പി ടീം ജഴ്‌സി പുറത്തിറക്കി. ടീമിന് ഐ ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകട്ടേയെന്നും കൂടുതല്‍ ദേശീയ അന്തര്‍ ദേശീയ നിലവാരമുള്ള താരങ്ങള്‍ കോവളം എഫ് സിയില്‍ നിന്ന് ഉയര്‍ന്നുവരട്ടേയെന്നും അദ്ദേഹം ആശംസിച്ചു.

തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം, കോഴിക്കോട് മേഖലകളില്‍ നിന്നുള്ള കുട്ടികളാണ് ടീമിലുള്ളത്. ടൈറ്റാനിയം ഫുട്‌ബോള്‍ ടീം അംഗവും മുന്‍ സന്തോഷ് ട്രോഫി താരവുമായ എബിന്‍ റോസിന്റെ പരിശീലനത്തിലാണ് ടീം തയാറെടുത്തത്. ടൈറ്റാനിയം കോച്ചും കോവളം എഫ്‌സിയുടെ സെക്രട്ടറിയുമായ എസ്. ഗീവര്‍ഗീസിന്റെ നേതൃത്വത്തിലാണ് ടീം ബംഗലൂരുവിലേക്കു തിരിക്കുന്നത്. ജഴ്‌സി പുറത്തിറക്കുന്ന ചടങ്ങില്‍ തിരുവനന്തപുരം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് വി ിവന്‍കുട്ടി എം എല്‍ എ, ക്ലബ് ഡയറക്റ്റര്‍മാരായ രവിചന്ദ്രമൗലി, ആര്‍ പാര്‍വ്വതീദേവി, എസ് ഗീവര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.