സ്റ്റാര്‍അപ് വില്ലേജിന്റെ രണ്ടാംഘട്ടത്തിന് ആവേശത്തുടക്കം

സ്റ്റാര്‍അപ് വില്ലേജിന്റെ രണ്ടാംഘട്ടത്തിന് ആവേശത്തുടക്കം

Thursday July 14, 2016,

2 min Read

സ്റ്റാര്‍ട്ട്അപ് വില്ലേജിന്റെ രണ്ടാംഘട്ടമായ S.COV എന്ന ലോകത്തെ ആദ്യ സ്റ്റുഡന്റ്‌സ് ഡിജിറ്റല്‍ ഇന്‍കുബേറ്ററും രാജ്യത്തെ 50 ലക്ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടുള്ള സ്റ്റാര്‍ട്ട്അപ് പരിശീലന പരിപാടിയുമായ സ്റ്റാര്‍ട്ട് ഇന്‍കോളജിന്റെ (Start In College) പ്രചാരണത്തിന് സംസ്ഥാനത്ത് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

image


സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സംസ്ഥാനസര്‍ക്കാര്‍ ഇക്കൊല്ലം നീക്കിവച്ച 300 കോടി രൂപ കേന്ദ്ര ബജറ്റില്‍ കേന്ദ്ര ശാസ്ത്ര,സാങ്കേതിക വകുപ്പ് രാജ്യത്താകെയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നീക്കിവച്ചിരിക്കുന്ന തുകയെക്കാളും വലുതാണ് എന്ന് തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു.

സിലിക്കണ്‍ വാലിയിലേതിനു തുല്യമായ ലോകോത്തര ഭൗതിക സാഹചര്യങ്ങളുടെ സൃഷ്ടി ലക്ഷ്യമാക്കിയാണ് ഇത്തവണത്തെ സംസ്ഥാനത്തെ ബജറ്റില്‍ കൊച്ചിയില്‍ ടെക്‌നോളജി ഇന്നവേഷന്‍ സോണ്‍ സ്ഥാപിക്കാന്‍ 225 കോടി രൂപ നീക്കിവച്ചിരിക്കുന്നത്. ഇവിടെ ആയിരം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയും. സ്വന്തം ആശയങ്ങളെ പ്രവര്‍ത്തന മാതൃകകളാക്കി മാറ്റുന്നതിന് ഇക്കൊല്ലം ആയിരം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. നമ്മുടെ രാജ്യത്ത് പ്രതിഭാധനരായ വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിച്ചുകൊടുക്കാനായി അഞ്ച് പ്രധാന തന്ത്രങ്ങള്‍ നാം സ്വീകരിക്കേണ്ടിയിരിക്കുന്നു. ലോകോത്തര വിവര വിനിമയ സംവിധാനം, ലോകനിലവാരമുള്ള പ്രതിഭാ വികസന പരിപാടി, ലോക നിലവാരമുള്ള ഫണ്ടിംഗ് സംവിധാനം, സ്റ്റാര്‍ട്ട്അപ് വില്ലേജ് പോലെ പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയിലെ ലോകനിലവാരമുള്ള ഇന്‍കുബേറ്ററുകള്‍ എന്നിവയാണ് ഇവയെും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുടെ സ്റ്റാര്‍ട്ട്അപ് ഇന്ത്യ പദ്ധതിയുമായി ചേര്‍ന്നുപോകുന്ന വിധത്തില്‍ ഇന്ത്യയിലെ 3500 എന്‍ജിനീയറിംഗ് കോളജുകളിലെ 50 ലക്ഷം വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് സ്റ്റാര്‍ട്ട ്ഇന്‍ കോളജ് എന്ന പേരില്‍ നടത്തുന്ന പരിശീലന, പ്രചരണപരിപാടി വഴി ഒരു മാസത്തേയ്ക്ക് സൗജന്യമായി നല്‍കുന്ന ഈ പരിശീലനത്തിലൂടെയായിരിക്കും എസ്‌വി.കോയുടെ പ്രയോജനം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക.

image


എസ്‌വി.കോയിലൂടെ ഭൗതിക അതിരുകള്‍ക്കപ്പുറം സംരംഭകത്വ സഹായം എത്തിക്കുന്നതിനുള്ള പുതിയ മാതൃകയാണ് സ്റ്റാര്‍ട്ട്അപ് വില്ലേജ് നടപ്പിലാക്കുകയെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകനും സ്റ്റാര്‍ട്ടപ് വില്ലേജ് ചീഫ് മെന്ററുമായ ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ആഗോളതലത്തിലെ പരിചയം യുവസംരംഭകര്‍ക്ക് നല്‍കിയാല്‍ ഇവരുടെ സമീപനവും മാറ്റാനാകുമെന്ന് സ്റ്റാര്‍ട്ട്അപ് വില്ലേജ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍ പറഞ്ഞു.ദേശീയ ശാസ്ത്ര, സാങ്കേതിക സംരംഭക വികസന ബോര്‍ഡ് മേധാവി ഡോ.എച്ച്.കെ.മിത്തല്‍, ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.കുര്യന്‍, ഐടി സെക്രട്ടറി എം.ശിവശങ്കര്‍, ഫ്രെഷ്‌ഡെസ്‌ക് സ്ഥാപകന്‍ ഗിരീഷ് മാതൃബൂതം, കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ശ്രീ കുഞ്ചെറിയ ഐസക് എന്നിവര്‍ പങ്കെടുത്തു.

സ്റ്റാര്‍ട്ട്അപ് വില്ലേജിന്റെ ബോര്‍ഡ് അംഗങ്ങളെയും പ്രമുഖ പങ്കാളികളെയും ചടങ്ങില്‍ ആദരിച്ചു.സ്റ്റാര്‍ട്ട്അപ് വില്ലേജിന്റെ ഡിജിറ്റല്‍ പതിപ്പായ എസ്‌വി.കോ, സംരംഭകത്വത്തിലേക്ക് ആദ്യ ചുവടുവയ്ക്കുന്ന ആയിരക്കണക്കിന് കോളജ് വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുത്. 2012ല്‍ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ച ഇന്ത്യയിലെ ആദ്യ പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയിലെ ടെക്‌നോളജി ഇന്‍ക്യുബേറ്ററായ സ്റ്റാര്‍ട്ട്അപ് വില്ലേജിന്റെ ആദ്യഘട്ടമായ 201215ല്‍ 500ഓളം സ്റ്റാര്‍ട്ട്അപ്പുകളെ പിന്തുണയ്ക്കുകയും മൂവായിരത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു.

image


എസ്‌വി.കോയുടെ തുടക്കമായ ബീറ്റാ ഘട്ടം തന്നെ വിദ്യാര്‍ത്ഥികളില്‍ വമ്പിച്ച പ്രതികരണം സൃഷ്ടിച്ചിരുന്നു. എസ്‌വി.കോയുടെ ബീറ്റാ ഘട്ടത്തിലെ 20 ടീമുകള്‍ ഇന്‍കുബേഷന്‍ പൂര്‍ത്തിയാക്കി മുംബൈയിലെ സോണ്‍ ആക്‌സിലറേറ്ററില്‍ പ്രവേശനം നേടി. ടാലി എന്ന സ്ഥാപനം ചില ഇന്‍കുബേറ്ററുകളെ താല്ക്കാലികമായി ഏറ്റെടുത്തിട്ടുണ്ട്. മറ്റു ചില ടീമുകളിലെ അംഗങ്ങള്‍ ഓല, ഫ്രീചാര്‍ജ് തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകളില്‍ മികച്ച ജോലി സമ്പാദിക്കുകയും ചെയ്തു. പ്രവേശനം, പരിശീലനം, മാര്‍ഗദര്‍ശനം എന്നിവയിലൂടെ യോഗ്യത ലഭ്യമാകുന്നതുവരെയുള്ള എല്ലാ ഘട്ടങ്ങളിലും ഒരു ഡിജിറ്റല്‍ ഇന്‍കുബേഷന്‍ സംവിധാനത്തിന്റെ പ്രയോജനം രാജ്യത്തെ 50 ലക്ഷത്തോളം വരുന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളില്‍ സംരംഭക സ്വഭാവം വളര്‍ത്തിയെടുക്കുന്നതിന് ഉപയോഗിക്കുക എന്നതിലാണ് എസ്‌വി.കോ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. www.sv.co യില്‍ അപേക്ഷ നല്‍കി രാജ്യത്തിന്റെ ഭാവിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കാളികളാകാന്‍ കഴിയും.