ഒന്നും ചെയ്യാതെ ഒരു ദിവസംകൊണ്ട് എങ്ങനെ ആറ് കോടി രൂപ ഉണ്ടാക്കാം

0


ഏറ്റവും കുറഞ്ഞ വിലയില്‍ ആരെയും മോഹിപ്പിക്കുന്ന ഒരു സാധനം പുറത്തിറക്കി ഒരു ദിവസം കൊണ്ട് കോടിക്കണക്കിന് രൂപ സമ്പാദിച്ച ഒരു സ്റ്റാര്‍ട്ടപ് സംരംഭത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

1. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ കീഴില്‍ നിങ്ങള്‍ ഒരു സാധനം പുറത്തിറക്കാന്‍ പോകുന്നുവെന്നു ലോകത്തോട് വിളിച്ചു പറയുക (ചെലവ്0)

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി ഓരോരുത്തര്‍ക്കും ഹരമായി മാറിയിരിക്കുന്നു. കുറഞ്ഞ വിലയില്‍ ഒരു സ്മാര്‍ട് ഫോണ്‍ പുറത്തിറക്കുക. എല്ലാവരും കേള്‍ക്കാനാഗ്രഹിക്കുന്ന ഒരു പേരു നല്‍കുക. 251 രൂപ വിലയുള്ള ഫ്രീഡം 251 പോലെ. ത്രീജി, എച്ച്ഡി സ്‌ക്രീന്‍, ഇരട്ട ക്യാമറ എന്നീ ഫീച്ചറുകളും ഫോണിനുണ്ടെന്നു ഉറക്കെ പറയുക.

2. മാര്‍ക്കറ്റിങ് ചെലവ് ( ചെലവ്0)

ആഗോള മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുനേടുക. പ്രചാരമുള്ള വാര്‍ത്താദിന പത്രങ്ങളിലും വെബ്‌സൈറ്റുകളിലും ബിബിസി പോലുള്ള വാര്‍ത്താ ചാനലുകളിലും നിങ്ങളുടെ സാധനത്തെക്കുറിച്ചുള്ള വിവരണം നല്‍കുക. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങി സമൂഹ മാധ്യമങ്ങളും ഇതിനായി ഉപയോഗിക്കുക. സത്യമൊന്നും അറിയാതെ തന്നെ ഇന്ത്യന്‍ മാധ്യമങ്ങള്‍ നിങ്ങളുടെ സാധനത്തെക്കുറിച്ചുള്ള വാര്‍ത്ത നല്‍കും. അദ്ഭുതത്തോടെ ജനങ്ങള്‍ ഈ വാര്‍ത്ത കേള്‍ക്കുകയും ഇന്ത്യക്കാരെ അദ്ഭുതത്തോടെ കാണുകയും ചെയ്യും.

3. സാധനം പുറത്തിറക്കുന്നതിന് ഒരു തീയതി നിശ്ചയിക്കുക (ചെലവ് 5 ലക്ഷം)

നിങ്ങളുടെ സാധനം പുറത്തിറക്കുന്നതിന് ഒരു തീയതി നിശ്ചയിക്കുക. മഹാരാഷ്ട്രയില്‍ നടന്ന മെയ്ക്ക് ഇന്‍ ഇന്ത്യ പരിപാടി പോലെ സര്‍ക്കാരിന്റെ ക്യാംപയിനുകള്‍ നടക്കുന്നതിനു തൊട്ടടുത്തുള്ള തീയതി തിരഞ്ഞെടുക്കുക. അങ്ങനെയെങ്കില്‍ പരിപാടിയിലേക്ക് നിങ്ങള്‍ക്ക് മാധ്യമങ്ങളെ വിളിക്കേണ്ടി വരില്ല. ക്ഷണിക്കാതെ തന്നെ അവരെല്ലാം ഉറപ്പായും എത്തും.

കുറഞ്ഞ വിലയുള്ള 5 ചൈന നിര്‍മിത ഫോണുകള്‍ വാങ്ങുക. എന്നിട്ടതില്‍ നിങ്ങളുടെ ബ്രാന്‍ഡ് സ്റ്റിക്കര്‍ ഒട്ടിക്കുക. ഇങ്ങനെ പല മോഡലില്‍ ഭംഗിയുള്ള ഫോണുകള്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചോളും.

4. ജനങ്ങള്‍ക്ക് മുന്‍കൂട്ടി ഫോണ്‍ ബുക്ക് ചെയ്യാനായി ഒരു വെബ്‌സൈറ്റ് തുടങ്ങുക (ചെലവ് 75,000)

നിങ്ങളുടെ വിലാസവും ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പരും മറ്റു വിവരങ്ങളും നല്‍കുന്നതിനായി ഒരു ചെറിയ വെബ്‌സൈറ്റ് തുടങ്ങുക. (ഫ്രീഡം 251 വെബ്‌സൈറ്റ് പോലെയാകരുത്. അതില്‍ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ ഒന്നുമില്ല)

കാലാവധിയും നിബന്ധനകളും നല്‍കുന്ന പേജില്‍ ഒരു നിബന്ധന കൂടി നല്‍കുക അടുത്ത ആറു മാസത്തിനുള്ളില്‍ എന്തെങ്കിലും കാരണത്താല്‍ ഫോണ്‍ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ പണം തിരികെ നല്‍കുന്നതാണ്.

5. ബുക്കിങ്ങിനായി നിങ്ങളുടെ വെബ്‌സൈറ്റ് തുറക്കുക (ചെലവ്0)

50 ലക്ഷം ഉപഭോക്താക്കള്‍ 251 രൂപ വീതം നല്‍കി. ഡെലിവറി ചാര്‍ജായി 40 രൂപയും. അങ്ങനെ നിങ്ങള്‍ക്ക് 145 കോടി രൂപ കിട്ടി. അടുത്ത ആറു മാസത്തിനുള്ളില്‍ ഫോണ്‍ നല്‍കിയില്ലെങ്കില്‍ പണം തിരികെ നല്‍കുമെന്നു ഉറപ്പു കൊടുക്കുക. ഈ 145 കോടിയും ആറുമാസത്തേക്ക് ബാങ്കില്‍ നിക്ഷേപിക്കുക. നിങ്ങള്‍ക്ക് 9 ശതമാനം പലിശ ലഭിക്കും. അങ്ങനെ പലിശയിനത്തില്‍ നിങ്ങള്‍ക്ക് 6.5 കോടി രൂപ ലഭിക്കും.

ആറുമാസം കഴിയുമ്പോള്‍ ഉപഭോക്താക്കളില്‍ നിന്നും ശേഖരിച്ച 145 കോടി രൂപ അവര്‍ക്ക് തിരിച്ചു നല്‍കുക. എന്നാല്‍ 6.5 കോടി രൂപ നിങ്ങളുടെ പോക്കറ്റില്‍ കിടക്കും.

(ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ലേഖകന്റേതാണ്. ഇതൊരിക്കലും യുവര്‍ സ്റ്റോറിയുടേതല്ല)