അംഗവൈകല്യമുള്ളവര്‍ക്ക് നമുക്കൊപ്പം വരാം, വളരാം

0

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത 'ബാംഗ്ലൂര്‍ ഡെയ്‌സ്' എന്ന ചിത്രത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു പാര്‍വതി അവതരിപ്പിച്ച ആര്‍ ജെ സാറ. അരയ്ക്ക് താഴോട്ട് തളര്‍ന്ന ഒരു വ്യക്തി ആയിരുന്നിട്ടും തന്റെ ജീവിതത്തെ വളരെ പോസിറ്റീവ് ആയി കാണാനും സമൂഹത്തിലെ ബാക്കിയുള്ളവര്‍ക്കൊപ്പം സഞ്ചരിക്കാനും ആ കഥാപാത്രം പ്രേക്ഷകരെ പ്രചോദിപ്പിക്കുന്നു.

ചിത്രത്തില്‍ സാറയുടെ കഥാപാത്രത്തിന്റെ സന്തത സഹചാരിയായ ഒരു മുച്ചക്ര വാഹനമുണ്ട്. സിനിമയോടൊപ്പം ഈ വാഹനവും ശ്രദ്ധേയമായിരുന്നു. എന്നാല്‍ മറ്റൊരു ശ്രദ്ധേയമായ കാര്യം ഈ വാഹനം നിര്‍മ്മിച്ചത് ഒരു കൂട്ടം മലയാളികള്‍ ചേര്‍ന്നാണ്. ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ഓസ്ട്രിച്ച് മൊബിലിറ്റി ഇന്‍സ്ട്രുമെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇത്തരത്തിലെ വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയുടെ തലപ്പത്തുള്ളത് കൊല്ലം ശാസ്താംകോട്ടക്കാരായ ഹരി വാസുദേവന്‍, ബിനു ജെ, ഹര്‍ഷകുമാര്‍, ശ്രീജിത്ത്, വേണു കൃഷ്ണന്‍ യു എന്ന ചങ്ങാതിക്കൂട്ടമാണ്.

ഹരി വാസുദേവിന്റെ തലയില്‍ ഉദിച്ച ആശയം 2007ലാണ് പ്രാവര്‍ത്തികമായത്. അംഗവൈകല്യമുള്ളവര്‍ക്കും ശാരീരികാസ്വസ്ഥതതകള്‍ ഉള്ളവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന വാഹനങ്ങളുടെ പണിപ്പുര അങ്ങനെയാണ് സജ്ജരായത്.

2011ലെ സെന്‍സസ് പ്രകാരം നമ്മുടെ രാജ്യത്ത് ശാരീരികമായി അസ്വസ്ഥതകള്‍ അനുഭവിക്കുന്ന രണ്ടു കോടിയില്‍ പരം ആളുകള്‍ ഉണ്ട്. ഇവര്‍ക്ക് പുറം ലോകം കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ഓസ്ട്രിച്ച് മൊബിലിറ്റി ഇന്‍സ്ട്രുമെന്റ് എന്ന ഏലക്ട്രിക് വീല്‍ചെയര്‍ ഉത്പാദനം ആരംഭിച്ചത്. 2007ല്‍ ആരംഭിച്ച ഈ സ്ഥാപനത്തിലൂടെ ഇത് വരെ ഏകദേശം 1500 ഓളം ആളുകളെ ഞങ്ങള്‍ പുറം ലോകത്തേക്ക് എത്തിച്ചു. അവരില്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടി മുതല്‍ വൃദ്ധര്‍ വരെയുണ്ട്. ഹരി വാസുദേവ് പറയുന്നു.

ബാറ്ററി ഉപയോഗിച്ചാണ് വീല്‍ ചെയര്‍ പ്രവര്‍ത്തിക്കുന്നത്. കല്ലും മണ്ണും നിറഞ്ഞ ദുര്‍ഘടമായ വഴിയിലൂടെയും ഈ വീല്‍ ചെയറിലൂടെ അനായാസം സഞ്ചരിക്കാന്‍ സാധിക്കും.ഉപയോഗിക്കുന്ന ആളുടെ ഇഷ്ടപ്രകാരം ഇതിന്റെ സീറ്റും സ്പീഡും നിയന്ത്രിക്കാന്‍ സാധിക്കും.

അറുപതിനായിരം രൂപ മുതല്‍ മൂന്നു ലക്ഷം രൂപ വരെ വില വരുന്ന 7 വിവിധ തരത്തിലുള്ള മോഡലുകളില്‍ ഈ വീല്‍ചെയറുകള്‍ ലഭ്യമാണ്. വില കൂടുന്നതനുസരിച്ച് ഇതിന്റെ സജ്ജീകരണങ്ങളും കൂടും.

ഓസ്ട്രിച്ച് മൊബിലിറ്റി ഇന്‍സ്ട്രുമെന്റ്‌സിന്റെ കണ്ടുപിടിത്തങ്ങള്‍ ഇതിലൂടെ അവസാനിക്കുന്നില്ല. അംഗവൈകല്യമുള്ളവര്‍ക്ക് സ്വയം തൊഴില്‍ ചെയ്യാന്‍ സംവിധാനമൊരുക്കുന്ന ഒരു മുച്ചക്ര സൗരോര്‍ജ്ജ വാഹനവും ഇവര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സണ്ണി സ്‌പ്ലെണ്ടര്‍ എന്നാണ് ഈ വാഹനത്തിന്റെ പേര്.

ഓസ്ട്രിച്ച് മൊബിലിറ്റി ഇന്‍സ്ട്രുമെന്റ്‌സിന്റെ വെബ്‌സൈറ്റ് ചുവടെ

http://otsrichmobiltiy.com/