മുഖ്യമന്ത്രിയെ കണ്ട് മനസു നിറഞ്ഞ് കുട്ടികള്‍ 

0

ഏതു സമയത്തായാലും കുട്ടികളുമായി ബന്ധപ്പെട്ടതെന്തും നമ്മുടെ മനസിനെ സ്വാധീനിക്കും. തന്നെക്കാണാന്‍ എറണാകുളത്തു നിന്നെത്തിയ കുട്ടികള്‍ തന്റെ മനസില്‍ തൊട്ടതിന്റെ അനുഭവം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്നു.

മനസ്സിനെ വല്ലാതെ സ്പര്‍ശിച്ച ചില നിമിഷങ്ങള്‍ ഇന്നുണ്ടായി. എറണാകുളത്തെ കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലെ BUDS സ്കൂളില്‍ നിന്ന് ഇരുപത് കുഞ്ഞുങ്ങള്‍ ഓഫീസില്‍ വന്നു. അവര്‍ക്ക് രണ്ട് ആഗ്രഹങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഒന്ന് വിമാനത്തില്‍ സഞ്ചരിക്കുക, രണ്ട് മുഖ്യമന്ത്രിയെ കാണുക. കൊച്ചിയില്‍ നിന്നും വിമാനത്തിലാണ് ഈ കുഞ്ഞുങ്ങള്‍ തിരുവനന്തപുരത്ത് വന്നത്. ആ യാത്രയില്‍ തന്നെ അവരുടെ ഒരാഗ്രഹം സഫലമായി. മുഖ്യമന്ത്രിയെ കാണുക എന്ന ആഗ്രഹം ഓഫീസില്‍ വന്നപ്പോള്‍ യാഥാര്‍ത്ഥ്യമായി. 

കുഞ്ഞുങ്ങളുടെ സന്തോഷം ഒന്നു കാണേണ്ടതു തന്നെയായിരുന്നു. മാലാഖകളുടെ മനസ്സുള്ളവരാണ് കുഞ്ഞുങ്ങള്‍ എന്നൊരു ചൊല്ലു കേട്ടിട്ടുണ്ട്. ആ ചൊല്ല് സത്യമായി വരുന്ന ഒരനുഭവമായിരുന്നു. നിഷ്കളങ്കമായ മുഖം, തെളിഞ്ഞ മനസ്സ്. പുതിയ കാലത്ത് നഷ്ടപ്പെട്ടതായി പറയുന്ന മൂല്യങ്ങള്‍ ആ കുഞ്ഞുങ്ങളുടെ മുഖത്ത് കാണാമായിരുന്നു. മനസ്സ് ബാല്യത്തിലേക്ക് സഞ്ചരിച്ച ഒരു പ്രതീതി. അവര്‍ക്ക് മിഠായി വിതരണം ചെയ്തു, അവര്‍ക്കായി കേക്ക് മുറിച്ചു. മനസ്സിനെ നന്നായി സപര്‍ശിച്ച ഒരനുഭവമായിരുന്നു.