വരപ്രസാദ് റെഡ്ഡി; ഇന്ത്യന്‍ ബയോടെക്‌നോളജി രംഗത്തെ വഴികാട്ടി

വരപ്രസാദ് റെഡ്ഡി; ഇന്ത്യന്‍ ബയോടെക്‌നോളജി രംഗത്തെ വഴികാട്ടി

Saturday May 28, 2016,

5 min Read


വ്യവസ്ഥകളോട് കലഹിച്ച് രണ്ടു തവണ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പുറത്തു പോയി. വിയര്‍പ്പൊഴുക്കി കെട്ടിപ്പടുത്ത കമ്പനിയില്‍ നിന്ന് പുറത്താക്കപ്പെട്ടു. അപമാനത്തില്‍ തല താഴ്‌ത്തേണ്ട അവസ്ഥയില്‍ നിന്ന് വലിയ വിജയങ്ങളിലേക്കുള്ള കുതിച്ചു ചാട്ടം. തന്റെ ആദ്യ കമ്പനിക്ക് അമ്മയുടെ പേരായ ശാന്ത എന്ന പേരു നല്‍കി. ശാന്ത ബയോടെക്‌നിക്‌സ് എന്ന സ്ഥാപനത്തിലൂടെ സാധാരണ ജനങ്ങളെ അസുഖങ്ങളില്‍ നിന്നും മുക്തമാക്കുന്ന വലിയ ദൗത്യം തന്നെ ഇദ്ദേഹം ഏറ്റെടുത്തു. ഭാരതത്തില്‍ ബയോ ടെക്‌നോളജി, ജനിതക എഞ്ചിനീയറിംഗ് മേഖലയില്‍ വിപ്ലവം തന്നെ ഇദ്ദേഹം കൊണ്ടു വന്നു. ഇദ്ദേഹമാണ് രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ച വരപ്രസാദ് റെഡ്ഡി എന്ന എഞ്ചിനീയര്‍.

image


സ്വന്തം പ്രവൃത്തിയോടും സ്ഥാപനത്തോടും അതിലുപരി രാജ്യത്തോടും കൂറുള്ള ഒരു ഇലക്‌ട്രോണിക് എഞ്ചിനിയര്‍ക്ക് മോശം കാര്യങ്ങള്‍ക്ക് കൂട്ടു നില്‍ക്കാനാകുമായിരുന്നില്ല. അതു കൊണ്ടു തന്നെ ജനങ്ങളുടെ പണം കവര്‍ന്നെടുക്കുന്നതടക്കമുള്ള സര്‍ക്കാര്‍ മേഖലയിലെ ക്രമവിരുദ്ധമായ നടപടികളില്‍ പ്രതിഷേധിച്ച് രണ്ടു തവണ റെഡ്ഡി സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചു. സംരംഭക മേഖലയിലേക്ക് കടന്ന റെഡ്ഡി ഒരു കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു. അവശ നിലയിലായിരുന്ന കമ്പനിയെ റെഡ്ഡി തന്റെ കഠിനാധ്വാനം കൊണ്ട് ഉയര്‍ച്ചയിലേക്ക് കൈപിടിച്ചുയര്‍ത്തി. പുതിയ പുതിയ ഉത്പന്നങ്ങള്‍ വികസിപ്പിച്ച് കമ്പനിയുടെ പേരും പെരുമയും വര്‍ധിപ്പിച്ചു. എന്നാല്‍ കമ്പനി വളര്‍ന്നപ്പോള്‍ റെഡ്ഡിയെ അവിടെ നിന്ന് പുറത്താക്കുകയാണ് കമ്പനി ഉടമകള്‍ ചെയ്തത്. ഇതില്‍ മനം നൊന്ത റെഡ്ഡി എന്തു ചെയ്യണമെന്ന ചിന്തയിലായി. സ്വന്തമായി പുതിയ സംരംഭം തുടങ്ങണമോ കൃഷിയിലേക്ക് തിരിയണമോ എന്നുള്ള ചിന്തകള്‍ റെഡ്ഡിയെ അലട്ടി. ആയിടക്കാണ് ഒരു ബന്ധുവിനൊപ്പം വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ ഒരു മീറ്റിംഗില്‍ പങ്കെടുക്കുന്നത്. അവിടെ വെച്ചുണ്ടായ ഒരു അനുഭവം റെഡ്ഡിയെ ആകെ പിടിച്ചുലച്ചു. അത് പിന്നീട് റെഡ്ഡിയുടെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിയെഴുതി. രാജ്യത്തെ അപമാനിക്കുന്ന തരത്തില്‍ ഒരു വിദേശിയുടെ സംസാരം റെഡ്ഡിയിലെ ദേശസ്‌നേഹിയെ ഉണര്‍ത്തി. നിശ്ചയ ദാര്‍ഢ്യത്തോടെ റെഡ്ഡി തുടക്കമിട്ട സംരംഭം രാജ്യത്തെ ജനങ്ങള്‍ക്ക് മുഴുവന്‍ പ്രയോജനകരമായ സംരംഭമായി മാറി.

image


വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ മീറ്റിംഗിനിടെയാണ് ഹെപ്പറ്റൈറ്റിസ് ബി എന്ന രോഗം വിതക്കുന്ന നാശനഷ്ടങ്ങള്‍ റെഡ്ഡി തിരിച്ചറിയുന്നത്. രാജ്യത്ത് 50 ദശലക്ഷം ആള്‍ക്കാര്‍ ഈ രോഗം മൂലം കഷ്ടത അനുഭവിക്കുന്നതായും റെഡ്ഡി മനസിലാക്കി. എന്നാല്‍ 90കളുടെ തുടക്കത്തില്‍ ലോകത്തെ രണ്ടു രാജ്യങ്ങളില്‍ മാത്രമാണ് ഹെപ്പറ്റൈറ്റിസ് ബി ക്കുളള വാക്‌സിന്‍ നിര്‍മ്മിച്ചിരുന്നത്. വാക്‌സിന്റെ വില സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഭാരതത്തില്‍ പണക്കാര്‍ക്ക് മാത്രമേ അക്കാലത്ത് ഈ വാക്‌സിന്‍ പ്രാപ്യമായിരുന്നുള്ളൂ. ഇതിന് ഒരു മാറ്റം കൊണ്ടു വരണമെന്ന് റെഡ്ഡി അതിയായി ആഗ്രഹിച്ചു. എന്നാല്‍ ഈ വാക്‌സിന്റെ സാങ്കേതികത്വം നേടിയെടുക്കാനായി സമീപിച്ചപ്പോള്‍ ഇന്ത്യയെ കളിയാക്കി ആ കമ്പനിയുടെ വിദേശ പ്രതിനിധി പറഞ്ഞ വാക്കുകള്‍ റെഡ്ഡിയുടെ ഹൃദയത്തിലാണ് പതിച്ചത്. നിങ്ങള്‍ ഇന്ത്യക്കാര്‍ സാങ്കേതിക വിദ്യക്കായി ഭിക്ഷ യാചിക്കാനാണ് വരുന്നതെന്നും സാങ്കേതിക വിദ്യ പറഞ്ഞു തന്നാല്‍ തന്നെ അതു മനസിലാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരുമെന്നും പറഞ്ഞ് റെഡ്ഡിയെ കളിയാക്കി. ഇന്ത്യയില്‍ ദിനം പ്രതി ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ ജനിക്കുന്നതിനാല്‍ രോഗം മൂലമുള്ള ആയിരങ്ങളുടെ മരണം നിങ്ങളെ ബാധിക്കില്ലെന്നും പറഞ്ഞ് രാജ്യത്തെ അധിഷേപിക്കുകയും ചെയ്തു. അപമാനിതനായി ഇന്ത്യയില്‍ തിരികെയെത്തിയ റെഡ്ഡി അങ്ങനെയാണ് ശാന്ത ബയോടെക്‌നിക്‌സ് എന്ന കമ്പനിക്ക് തുടക്കമിട്ടത്. അന്ന് നമ്മുടെ രാജ്യത്ത് ബയോ-ഫാര്‍മ്മ കമ്പനികള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പല കോളജുകളിലും ബയോ ടെക്‌നോളജി പഠിപ്പിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഈ മേഖലയില്‍ അധികമാരും ജോലി ചെയ്തിരുന്നില്ല. തന്റെ കമ്പനിക്ക് അനുയോജ്യരായ ആള്‍ക്കാരെ തിരഞ്ഞെടുക്കുക എന്നതായിരുന്നു അടുത്ത വെല്ലുവിളി. അദ്ദേഹം പ്രയത്‌നിക്കാന്‍ സന്നദ്ധരായവരും രാജ്യസ്‌നേഹമുള്ളവരുമായ ചെറുപ്പക്കാരെ തന്റെ കമ്പനിയില്‍ ജോലിക്കായി നിയോഗിച്ചു. കമ്പനിക്കായി പലയിടത്തു നിന്നുമായി അദ്ദേഹം ഒരു കോടി 90 ലക്ഷം രൂപ സമാഹരിച്ചു. എന്നാല്‍ ആ തുക റെഡ്ഡി ഉദ്ദേശിച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മതിയാകുമായിരുന്നില്ല. ഈ സമയത്താണ് റെഡ്ഡിയുടെ ബിസിനസ് പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായ ഒമാനിലെ വിദേശ കാര്യമന്ത്രി രണ്ടു കോടിയോളം രൂപ റെഡ്ഡിയുടെ ബിസിനസില്‍ നിക്ഷേപിച്ചത്. അതു കൂടാതെ തന്റെ ഉറപ്പിന്‍മേല്‍ ഒമാനില്‍ നിന്ന് അദ്ദേഹം ലോണും റെഡ്ഡിക്ക് തരപ്പെടുത്തിക്കൊടുത്തു. ഭാരതത്തില്‍ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കേണ്ട ഇന്‍ഡസ്ട്രിയല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നോ ഇന്ത്യന്‍ ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നോ ഒരു സഹായവും റെഡ്ഡിയുടെ ശാന്ത ബയോടെക്‌നിക്‌സിന് കിട്ടിയില്ല. ലോണിന് അപേക്ഷിച്ചിരുന്ന ബാങ്കുകള്‍ വിചിത്രമായ ചോദ്യങ്ങളാണ് ചോദിച്ചിരുന്നത്. ബയോ-ടെക്‌നോളജി മേഖല ഭാരതത്തില്‍ സജീവമല്ലെന്നും ഇതിനാല്‍ ലോണ്‍ തരാനാകില്ലെന്നുമായിരുന്നു ചില ബാങ്കുകളുടെ നിലപാട്. ഇലക്ട്രിക്കല്‍ എഞ്ചിനീയറായ താന്‍ എങ്ങനെ ബയോ ടെക്‌നോളജി കമ്പനി നടത്തുന്നു എന്നതായിരുന്നു ചിലരുടെ സംശയം. എന്നാല്‍ വരപ്രസാദ് റെഡ്ഡിക്ക് ഇതിനെല്ലാം കൃത്യമായ ഉത്തരമുണ്ടായിരുന്നു. രാജ്യത്ത് പ്രതിവര്‍ഷം 25 ദശലക്ഷം കുട്ടികളാണ് ജനിക്കുന്നത്. ഇവരെ ഹെപ്പറ്റൈറ്റിസ് രോഗത്തില്‍ നിന്ന് മുക്തമാക്കാന്‍ മൂന്ന് തവണ ഇവര്‍ക്ക് വാക്‌സിനേഷന്‍ നടത്തേണ്ടതുണ്ട്. അത്തരത്തില്‍ ഭാരതത്തില്‍ തന്നെ 75 ദശലക്ഷം വാക്‌സിനുകളുടെ വിപണനം സാധ്യമാകുമെന്നിരിക്കെയാണ് ബാങ്കുകള്‍ റെഡ്ഡിയുടെ ബിസിനസിനെ തള്ളിക്കളഞ്ഞത്. വിദേശ കമ്പനികള്‍ ഒരു വാക്‌സിന് 840 രൂപ ഈടാക്കുമ്പോള്‍ തനിക്ക് അതേ വാക്‌സിന്‍ 50 രൂപക്ക് നല്‍കാനാകുമെന്ന വാഗ്ദാനവും ബാങ്കുകള്‍ വിശ്വാസത്തിലെടുത്തില്ല. സര്‍ക്കാരടക്കമുള്ളവരുടെ പിന്തുണയൊന്നും ലഭിക്കാതെ വന്നെങ്കിലും തന്റെ ഉദ്യമത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ റെഡ്ഡി തയ്യാറായിരുന്നില്ല. ഏറെ ബൂദ്ധിമുട്ടിയാണെങ്കിലും തന്റെ സ്വപ്ന പദ്ധതിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ച അദ്ദേഹം ഒടുവില്‍ ഹെപ്പറ്റൈറ്റിസ് ബി എന്ന രോഗത്തെ പ്രതിരോധിക്കാനായുള്ള വാക്‌സിന്‍ നിര്‍മ്മിക്കുക തന്നെ ചെയ്തു. തന്റെ കമ്പനി പുറത്തിറക്കിയ വാക്‌സിന്‍ രംഗത്തു വന്നതോടെ കുറഞ്ഞ വിലക്ക് ഹെപ്പറ്റൈറ്റിസ് ബി രോഗത്തെ ചെറുക്കാമെന്ന സ്ഥിതി സംസ്ഥാനത്ത് വന്നു. റെഡ്ഡി തന്റെ വാക്‌സിന്‍ വിലകുറച്ചു നല്‍കിത്തുടങ്ങിയതോടെ മറ്റു കമ്പനികള്‍ക്കും ഈ മരുന്ന് വിലകുറച്ചു നല്‍കേണ്ടതായി വന്നു. 

image


1997ലാണ് റെഡ്ഡി തന്റെ വാക്‌സിന്‍ ഇന്ത്യയില്‍ പുറത്തിറക്കിയത്. അത് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ ജൂബിലി വര്‍ഷം കൂടിയായിരുന്നു. തന്റെ കമ്പനിയിലൂടെ ബയോടെക്‌നോളജിയിലും ജനറ്റിക് എഞ്ചിനീയറിംഗിലും പുതിയൊരു കാല്‍വെപ്പ് നടത്തിയ അഭിമാനത്തിലായിരുന്നു റെഡ്ഡി. വാക്‌സിന്റെ വില കുറഞ്ഞത് സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമായി. എന്നാല്‍ ആശ്ചര്യമെന്നു പറയട്ടെ ഹെപ്പറ്റൈറ്റിസ് ബിയെ ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ശാന്ത ബയോടെക്‌നിക്‌സിന്റെ ഈ വാക്‌സിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. സ്വന്തം നാട്ടില്‍ അവഗണനയെല്‍ക്കേണ്ടി വന്നിട്ടും പാകിസ്ഥാന്‍ അടക്കമുള്ള അയല്‍രാജ്യങ്ങള്‍ ശാന്ത ബയോടെക്‌നിക്‌സില്‍ നിന്ന് മരുന്നുകള്‍ വാങ്ങിയാണ് തങ്ങളുടെ ദേശീയ ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഒടുവില്‍ ഏറെ നാളത്തെ പരിശ്രമത്തിന് ശേഷം 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹൈപ്പറ്റൈറ്റിസ് ബി നിര്‍മ്മാര്‍ജ്ജന യജ്ഞത്തില്‍ റെഡ്ഡിയുടെ വാക്‌സിന്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. സര്‍ക്കാരിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ കൈക്കൂലി നല്‍കണമെന്ന ചില മന്ത്രിമാരുടെ നിലപാടാണ് വരപ്രസാദ് റെഡ്ഡിക്ക് തിരിച്ചടിയായത്. എന്നാല്‍ ആദര്‍ശങ്ങളില്‍ വിട്ടു വീഴ്ച വരുത്താന്‍ തയ്യാറാകാതിരുന്ന റെഡ്ഡി ഇതിന് ഒരുക്കമായിരുന്നില്ല.

image


1948 നവംബര്‍ 17ന് ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയലിലെ പാപിറേട്ടിപ്പാലം ഗ്രാമത്തിലാണ് വരപ്രദാസ് റെഡ്ഡിയുടെ ജനനം. അമ്മയുടെ സഹോദരന്റെ വീട്ടില്‍ നിന്നാണ് റെഡ്ഡി തന്റെ വിദ്യാഭ്യാസം ചെയ്തത്. രാഷ്ട്രീയത്തില്‍ ഇടപക്ഷത്തോട് അനുഭാവമുള്ള റെഡ്ഡിയുടെ അമ്മാവന്‍ വളരെ സത്യസന്ധനും സമൂഹത്തില്‍ പേരും പെരുമയുമുള്ള വ്യക്തിത്വമായിരുന്നു. പുചലപ്പള്ളി സുന്ദരയ്യ എന്ന നേതാവിന്റെ പ്രഭാവം അദ്ദേഹത്തില്‍ കാണാമായിരുന്നു. തന്റെ സ്വത്തു വകകള്‍ മുഴുവനും അദ്ദേഹം ഇടതു പക്ഷ പാര്‍ട്ടിക്ക് എഴുതി നല്‍കുകയായിരുന്നു. അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തനത്തിനായി വിവാഹം പോലും കഴിച്ചിരുന്നില്ല. ജനസേവനത്തിനായി സ്വയം സമര്‍പ്പിച്ച അമ്മാവന്റെ ജീവിതം റെഡ്ഡിയില്‍ വലിയ സ്വാധീനം ചെലുത്തി. സ്വന്തം അമ്മ കടുത്ത ഈശ്വരവിശ്വാസിയും അമ്മാവന്‍ യുക്തിവാദിയുമായിരുന്നതിനാല്‍ ഏതു വിശ്വാസം തിരഞ്ഞെടുക്കണമെന്നത് റെഡ്ഡിക്ക് ഒരു സമസ്യയായിരുന്നു. എന്നാല്‍ ഏറെ ആലോചിച്ച് ഇതിന് മധ്യത്തില്‍ നില്‍ക്കുന്ന ഒരു നിലപാട് സ്വീകരിക്കുന്നതാണ് ഉചിതമെന്ന തീരുമാനത്തിലെത്തുകയായിരുന്നു അദ്ദേഹം. തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം 1970ലാണ് റെഡ്ഡി തന്റെ എഞ്ചിനീയറിംഗ് ബിരുദം കരസ്ഥമാക്കുന്നത്. അതിനു ശേഷം കമ്പ്യൂട്ടര്‍ പഠനത്തിനായി ജര്‍മ്മനിയിലേക്ക് പോയി. ഒരു വര്‍ഷത്തെ കോഴ്‌സ് ചെയ്യുന്നതിനിടെ ജര്‍മ്മന്‍ സംസ്‌കാരം അദ്ദേഹത്തെ വല്ലാതെ സ്വാധീനിച്ചു. അതിനു ശേഷം അദ്ദേഹം കുറച്ചു നാളത്തേക്ക് അമേരിക്കയിലേക്കും പോയി. എന്നാല്‍ അമേരിക്ക അദ്ദേഹത്തെ ഒട്ടും ആകര്‍ഷിച്ചില്ല. ചുറ്റിക്കറങ്ങാനല്ലാതെ ജോലി ചെയ്യാനും താമസിക്കാനും പറ്റിയ സ്ഥലമല്ലെന്നാണ് അമേരിക്കയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിലയിരുത്തല്‍. 1971-72 കാലഘട്ടത്തില്‍ അദ്ദേഹം വിദേശത്തു നിന്നും ഇന്ത്യയിലേക്ക് തിരികെയെത്തി. ഹൈദ്രാബാദിലെ ഡിഫന്‍സ് ഇലക്‌ട്രോണിക്‌സ് റിസര്‍ച്ച് ലബോറട്ടറിയില്‍ അദ്ദേഹത്തിന് ജോലി ലഭിച്ചു. വിദേശത്തു നിന്നുമുള്ള സാങ്കേതികവിദ്യക്കു പകരം ഇലക്‌ട്രോണിക്‌സ് രംഗത്ത് തങ്ങളുടേതായ സാങ്കേതിക വിദ്യ ഉപയോഗിച്ച് മുന്നേറാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും നടപ്പിലാക്കുകയുമായിരുന്നു അവിടെ. എന്നാല്‍ അവിടെ കാര്യങ്ങള്‍ അത്തരത്തിലല്ല നടന്നിരുന്നത്. ഗുണപരമായി കാര്യങ്ങള്‍ മുന്നോട്ട്പോകുന്നില്ലെന്നായപ്പോള്‍ റെഡ്ഡിക്ക് അവിടുത്തെ സംവിധാനത്തോട് തന്നെ മടുപ്പ് തോന്നിത്തുടങ്ങി. 

image


അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ അവിടെ നിന്ന് വിരമിക്കാന്‍ തന്നെ റെഡ്ഡി തീരുമാനിച്ചു. 1977ല്‍ ആന്ധ്രാപ്രദേശിലെ ഔദ്യോഗിക് വികാസ് നിഗമില്‍ ജോലിക്ക് ചേര്‍ന്നു. എന്നാല്‍ അവിടെയും സര്‍ക്കാരില്‍ സ്വാധീനമുള്ളവര്‍ ചേര്‍ന്നു നടത്തുന്ന ഒത്തുകളിയാണ് നടക്കുന്നതെന്ന് റെഡ്ഡിക്ക് മനസിലായി. അവിടെ നിന്നും റെഡ്ഡിയുടെ മനസ് പിന്തിരിഞ്ഞു. ബാക്കിയെല്ലാം ചരിത്രം. ഒരു വാസ്‌കിന്‍ നിര്‍മ്മിക്കാന്‍ സഹായം തേടിയപ്പോല്‍ ഏറ്റ പരിഹാസം റെഡ്ഡിയെ രാജ്യത്തിനു വേണ്ടി പ്രയത്‌നിക്കാന്‍ പ്രേരിപ്പിച്ചു. ഒടുവില്‍ താന്‍ നിര്‍മ്മിച്ച വാക്‌സിന്‍ യു എന്‍ സഭ തന്നെ അംഗീകരിച്ച് ലോകത്താകമാനം വിതരണം ചെയ്തു. പല സ്ഥലങ്ങളിലും ഇന്ത്യ ഇത് സൗജന്യമായി നല്‍കി. അങ്ങനെ ഇന്ത്യ ദാനത്തിനായി കേഴുകയല്ല മിറച്ച് ലോക നന്‍മക്കു വേണ്ടി ദാനം ചെയ്യുന്ന രാജ്യമാണെന്ന തിരിച്ചറിവ് റെഡ്ഡി സൃഷ്ടിച്ചു. ഇന്നും റെഡ്ഡിയുടെ ആദര്‍ശത്തിലൂന്നിയുള്ള യാത്ര തുടരുകയാണ്.