ഇലക്ട്രിക് സ്‌കൂട്ടറുമായി ആതര്‍

0


ബെംഗളൂരു ആസ്ഥാനമായ സ്റ്റാര്‍ട് അപ് കമ്പനിയായ ആതര്‍ തങ്ങളുടെ ആദ്യ എനര്‍ജി സ്‌കൂട്ടറായ 'എസ് 340' പുറത്തിറക്കി. ബെംഗളൂരുവില്‍ നടന്ന സ്റ്റാര്‍ട്ടപ് പരിപാടിയായ സര്‍ജില്‍ വച്ചാണ് എസ്340 ഔദ്യോഗികമായി പുറത്തിറക്കിയത്. ഭാവിയില്‍ എനര്‍ജി വൈദ്യുത ഇരുചക്രവാഹനങ്ങള്‍ ഒഴിച്ചുകൂടാന്‍ കഴിയാത്തവയായി മാറുമെന്ന് ആതര്‍ എനര്‍ജിയുടെ സിഇഒയും സഹസ്ഥാപകനുമായ തരുണ്‍ മെഹ്ത ചടങ്ങില്‍ പറഞ്ഞു.

ഐഐടി മദ്രാസിലെ പൂര്‍വ വിദ്യാര്‍ഥികളായ തരുണ്‍ മെഹ്തയും സ്വപ്‌നില്‍ ജയിനും ചേര്‍ന്ന് 2013 ലാണ് ആതര്‍ എനര്‍ജി കമ്പനി തുടങ്ങിയത്. ഇന്ത്യയിലെ ആദ്യത്തെ എനര്‍ജി വൈദ്യുത സ്‌കൂട്ടര്‍ പുറത്തിറക്കുകയായിരുന്നു ലക്ഷ്യം.

മൂന്നു വര്‍ഷം കൊണ്ടാണ് ആതര്‍ എസ്340 യുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായ രംഗത്തെ പുതിയ മാറ്റത്തിനാവും എസ്340 തുടക്കമിടുക. ബാറ്ററി ഉപയോഗിച്ചാണ് എസ്340 യുടെ പ്രവര്‍ത്തനം. ഡിജിറ്റല്‍ ടച്ച് സ്‌ക്രീന്‍ ഡാഷ്‌ബോര്‍ഡ്, അലുമിനിയം ബോഡി തുടങ്ങിയവയാണ് വാഹനത്തിന്റെ മറ്റു പ്രത്യേകതകള്‍. 90 മിനിറ്റ് കൊണ്ട് ബാറ്ററി ചാര്‍ജ് ചെയ്യാം. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 60 കിലോമീറ്റര്‍ ഓടിക്കാം. ടച്ച് സ്‌ക്രീന്‍ ഡാഷ്‌ബോര്‍ഡില്‍ ഒരു വെഹിക്കിള്‍ കണ്‍ട്രോള്‍ യൂണിറ്റുണ്ട്. ബാക്കി അവശേഷിക്കുന്ന ചാര്‍ജില്‍ ഇനി എത്ര ദൂരം കൂടി ഓടിക്കാന്‍ കഴിയുമെന്നു ഇതില്‍ നോക്കി മനസ്സിലാക്കാം. ഡാഷ്‌ബോര്‍ഡില്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കാനുള്ള സംവിധാനവുമുണ്ട്.

മറ്റുള്ള വാഹനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായിട്ടാണ് എസ്340 നിര്‍മിച്ചിരിക്കുന്നത്. ഇതിലെ വെഹിക്കിള്‍ കണ്‍ട്രോള്‍ യൂണിറ്റ് ഉദ്ദേശിക്കുന്ന സ്ഥലത്തെത്താന്‍ എത്ര സമയമെടുക്കും എന്നു കാണിച്ചുതരും. ഓടിക്കുന്ന വേഗതയ്ക്കനുസരിച്ച് എത്ര സമയമെടുക്കുമെന്നും പറഞ്ഞുതരുമെന്നു തരുണ്‍ വ്യക്തമാക്കി

എസ്340 യുടെ പ്രത്യേകതകള്‍

1. ടച്ച് സ്‌ക്രീന്‍ ടാഷ്‌ബോര്‍ഡ്

2. ഓണ്‍ ബോര്‍ഡ് നാവിഗേഷന്‍

3. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 60 കിലോമീറ്റര്‍ ഓടിക്കാം

4. 90 മിനിറ്റ് കൊണ്ട് ബാറ്ററി ചാര്‍ജ് ചെയ്യാം

5. ബെംഗളൂരു, കര്‍ണാടക എന്നിവിടങ്ങളിലാണ് ഉത്പാദനം

6. വില്‍പന ഓണ്‍ലൈനിലൂടെ മാത്രം

7. വീടിന്റെ വാതില്‍ക്കല്‍ ഉല്‍പ്പന്നം എത്തിക്കും. ഒപ്പം സേവനവും

വാഹനം കേടാകുന്നതിനു മുന്‍പു തന്നെ അതിനെക്കുറിച്ച് അറിയാനുള്ള സംവിധാനം ഇന്നു അത്യാവശ്യമാണ്. പലരും വാഹനത്തിന് എന്തെങ്കിലും തകരാര്‍ ഉണ്ടായിക്കഴിഞ്ഞതിനു ശേഷമാണ് അതു മനസ്സിലാക്കുക. എന്നാല്‍ എസ്340 ഉപയോഗിക്കുന്നവര്‍ക്ക് തകരാറുകള്‍ മുന്‍പേ തന്നെ മനസ്സിലാക്കാന്‍ സാധിക്കും. ഇതിനുള്ള സംവിധാനം വാഹനത്തിലുണ്ടെന്ന് തരുണ്‍ പറഞ്ഞു.

ഫ്‌ലിപ്കാര്‍ട്ട് സ്ഥാപകരായ സച്ചിന്‍ ബെന്‍സാല്‍, ബിന്നി ബെന്‍സാല്‍, മെഡല്‍ സിഇഒയായ രാജു വെങ്കട്ടരാമന്‍, ടൈഗര്‍ ഗ്ലോബല്‍ എന്നിവരുടെ പിന്തുണയോടെയാണ് ആതറിന്റെ പ്രവര്‍ത്തനം. 2015 മേയില്‍ ടൈഗര്‍ ഗ്ലോബലില്‍ നിന്നും 12 മില്യന്‍ ഡോളറാണ് ആതറിന് നിക്ഷേപമായി ലഭിച്ചത്. ഇനി മോട്ടോര്‍ ബൈക്കുകളും ബാറ്ററിയില്‍ ഓടുന്ന കാറുകളും വികസിപ്പിക്കുകയാണ് ആതറിന്റെ ലക്ഷ്യം.