വിശ്വാസം വിജയമാക്കിയ ടി എസ് കല്യാണരാമന്‍

0

വിശ്വാസം അതല്ലേ എല്ലാം എന്ന് പറയാന്‍ പഠിപ്പിച്ച ആള്‍. ആത്മവിശ്വാസത്തില്‍ പണിതെടുത്ത പൊന്ന് അതാണ് ടി എസ് കല്യാണരാമന്‍. രാജ്യത്തിന്റെ അതിരുകള്‍ കടന്ന് മലയാളിയുടെ ബിസിനസ് സാമ്രാജ്യം ലോകത്ത് എത്തിച്ച ബിസിനസ് മാന്ത്രികനാണ് കല്യാണ്‍ ജൂലേഴ്‌സിന്റെ സാരഥിയായ ടി എസ് കല്യാണരാമന്‍. കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമായ തൃശ്ശൂര്‍ നഗരത്തില്‍ നിന്നും തന്നെയാണ് കല്യാണരാമന്‍ തന്റെ ബിസിനസ്സ് യാത്ര ആരംഭിച്ചത്. വിശ്വാസത്തിനും വിജയത്തിനുമിടയ്ക്ക് ഒരു ശ്വാസത്തിന്റെ അകലമേയുള്ളൂ എന്ന് തെളിയിച്ച ഈ മനുഷ്യന്‍ കല്യാണ്‍ ജ്വല്ലേഴ്‌സ് എന്ന പേര് ലോകത്തിന്റെ എല്ലായിടങ്ങളിലേക്കും എത്തിച്ചു.

ലോകമെങ്ങും ഷോറൂമുകള്‍ തുറന്ന് ആഗോള കാഴ്ച്ചപ്പാടോടെ ബിസിനസ് ചെയ്യുന്ന തരത്തില്‍ അദ്ദേഹത്തെ വളര്‍ത്തിയത് ആത്മവിശ്വാസത്തോടെയുള്ള പ്രവര്‍ത്തനമാണ്. 1993ല്‍ ഒരു ലക്ഷം ഡോളര്‍ മൂലധനവുമായി തൃശ്ശൂരില്‍ ആദ്യ ജ്വലറി തുറന്ന കല്യാണിന് ഇന്ന് ഇന്ത്യയിലും വിദേശത്തുമായി 83 സ്റ്റോറുകള്‍ ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജ്വലറി ഷോറൂം കല്യാണ്‍ ജ്വലേഴ്‌സ് ചൈനയില്‍ തുറന്നത് ഈ വര്‍ഷം ഏപ്രിലിലാണ്. വിജയം എത്തിപിടിക്കാന്‍ ഒട്ടനവധി കടമ്പകള്‍ താണ്ടണം. അത്രത്തോളം സഹനങ്ങള്‍ സഹിച്ചാല്‍ മാത്രമെ ജീവിതത്തിലും ബിസിനസ്സിലും വിജയം കൈവരിക്കാന്‍ സാധിക്കൂ . ലാളിത്യത്തിന്റെയും മൂല്യങ്ങളുടെയും പ്രതീകമാണ് കല്യാണ്‍ ജൂലേഴ്‌സ്. വിശ്വാസത്തില്‍ പൊതിഞ്ഞ ആഭരണങ്ങള്‍ നല്‍കുമ്പോള്‍ അത് വിശ്വാസത്തോടെ വാങ്ങാനും കഴിയും എന്ന് അദ്ദേഹം തെളിയിച്ചു.

ഇന്ത്യയിലെ ഏറ്റവും ധനികനായ ജൂലറിയുടമയെന്ന ബഹുമതി കല്യാണ്‍ ജൂലേഴ്‌സ് ഉടമ ടി എസ് കല്യാണരാമന്‍ നേടിയത് അളുകള്‍ക്ക് അദ്ദേഹത്തോടുള്ള വിശ്വാസമാണ്. 800 കോടി രൂപയുടെ നിക്ഷേപം നടത്തി ഇന്ത്യയിലും പശ്ചിമേഷ്യയിലും കൂടുതല്‍ റീട്ടെയ്ന്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ പദ്ധതിയിടുന്ന കല്യാണ്‍ രാമന്റെ ഏറ്റവും വലിയ സവിശേഷത അതിവേഗം തീരുമാനമെടുക്കാനുള്ള കഴിവാണ്. ചുറ്റിലും നിലനിര്‍ത്തുന്ന മാതൃകകളില്‍ നിന്ന് മാറി നടക്കാന്‍ കല്യാണ്‍ രാമന്‍ കാണിച്ച ചങ്കൂറ്റമാണ് ഇന്ന് കല്യാണ്‍ ജ്വലേഴ്‌സിനെ ഉയരങ്ങളില്‍ എത്തിച്ചിരിക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് ആഭരണങ്ങള്‍ തിരഞ്ഞെടുത്ത് വാങ്ങാന്‍ സാധിക്കും വിധം വിപുലമായ സ്റ്റോക്കും വിശാലമായ ഷോറൂം തുറന്ന് ജ്വല്ലറി റീട്ടെയില്‍ രംഗത്ത് ട്രെന്റ് ആയ കല്യാണരാമന്‍ വിദേശ രാജ്യങ്ങളിലും ഇന്ത്യയിലും അതിവേഗത്തിലാണ് ബിസിനസ് വ്യാപിപ്പിച്ചത്‌.

കടയുടമയുടെ കണ്ണുതെറ്റിയാല്‍ കച്ചവടം പാളുമെന്ന് തുടങ്ങിയ ചിന്താഗതിയെ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും പ്രൊഫഷണലിസത്തിന്റേയും പിന്‍ബലത്തില്‍ കല്യാണരാമന്‍ തകര്‍ത്തെറിയുകയായിരുന്നു. ബിസിനസ് വിപുലീകരണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഡിജിറ്റല്‍ സാങ്കേതിക വിദ്യ കല്യാണ്‍ സജ്ജമാക്കിയിരുന്നു. ലോകമെമ്പാടും വളരുമ്പോള്‍ ബിസിനസ് ചര്‍ച്ചകള്‍ക്കും കോണ്‍ഫറന്‍സിനുമെല്ലാം സൗകര്യങ്ങളുള്ള സ്വകാര്യ എയര്‍ക്രാഫ്റ്റ് പോലും കല്യാണത്തിന് സ്വന്തമാകുന്ന കല്യാണ ശൈലിക്ക് ഉദാഹരണമാണ് പരമ്പരാഗതമായ വഴികളില്‍ നിന്ന് മാറി ചിന്തിക്കുക എന്നത്.

ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ് രംഗത്തും കല്യാണ്‍ എന്നും വേറിട്ട് നിന്നിരുന്നു. കല്യാണിന്റെ പരസ്യ ക്യാംപയിനുകള്‍ രാജ്യന്തര തലത്തില്‍ തന്നെ ചര്‍ച്ച വിഷയമായിട്ടുണ്ട്. ഇന്ത്യയിലെ മുന്‍നിര താരങ്ങളെ അണി നിരത്തിയാണ് കല്യാണ്‍ പരസ്യം ഒരുക്കിയിട്ടുള്ളത്.

ആദ്യം നല്ലൊരു സെയില്‍സ്മാനാകൂ പിന്നീട് മതി ബിസിനസ്സുകാരനാകുന്നതെന്ന അഭിപ്രായമാണ് ടി എസ് കല്യാണരാമനുള്ളത്. വിശ്വാസം അത് ഊട്ടി ഉറപ്പിക്കുവാന്‍ പ്രയാസമാണ്. അത് ഉറപ്പിച്ചു കഴിഞ്ഞാല്‍ ഇളക്കി മാറ്റാനും സാധിക്കില്ല. അതു തന്നെയാണ് കല്യാണ്‍ ജ്വലേഴ്‌സിന്റെ വിജയവും. പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും പാത പിന്തുടര്‍ന്ന് വിജയ ലാഭം ലക്ഷ്യം മുന്നില്‍ കാണാതെ ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ രീതിയില്‍ കൂടി തന്റെ ബിസിനസ് രംഗം വളര്‍ത്തി കൊണ്ട് വന്ന് അതില്‍ വിജയം കൈവരിച്ച കല്യാണരാമന്‍ വിശ്വാസത്തിന്റെ മാറ്റി നിറുത്തപ്പെടാത്ത ഒരു പ്രതീകമാണ്.

കടപ്പാട്: ധന്യാ ശേഖര്‍