സമൂഹത്തിലെ ദുഷിച്ച ചിന്താഗതികള്‍ക്കെതിരെ പോരാടാന്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കേ കഴിയൂ: മന്ത്രി കെ കെ ശൈലജ ടീച്ചര്‍  

0

 മദ്യം, മയക്കുമരുന്ന്, പെണ്‍കുട്ടികളോടുള്ള മോശം പ്രവണതകള്‍ തുടങ്ങിയ ദുഷിച്ച ചിന്താഗതികള്‍ക്കെതിരെ പോരാടാന്‍ പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കേ കഴിയുകയുള്ളൂവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കടുത്ത വര്‍ഗീയത, ഭീകരത, മോശം പ്രവണതകള്‍ എന്നിവ ക്യാമ്പസ് രാഷ്ട്രീയത്തിലൂടെ തുടച്ച് മാറ്റാന്‍ കഴിയും. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ ഈ വര്‍ഷത്തെ കോളേജ് യൂണിയന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഏത് പാര്‍ട്ടിയില്‍ വിശ്വസിച്ചാലും സാരമില്ല എല്ലാവര്‍ക്കും രാഷ്ട്രീയമുണ്ടാകണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ജനാധിപത്യം പൂര്‍ണതയിലെത്തിക്കാന്‍ ഇത് അനിവാര്യമാണ്. അരാഷ്ട്രീയം സമൂഹത്തെ അപകടത്തിലേക്കെത്തിക്കും. അവസര സമത്വം എപ്പോഴുമുണ്ടായിരിക്കണം. അടിമയുടെ കാലഘട്ടം കഴിഞ്ഞു. പെണ്‍കുട്ടികള്‍ ധീരമായിരിക്കണം. തെറ്റുകള്‍ ചൂണ്ടിക്കാട്ടാനുള്ള ധൈര്യം നേടണം. വര്‍ഗീയ വാദത്തെ എതിര്‍ത്ത് സ്ത്രീക്കും പുരുഷനും തുല്യ അവകാശം സമൂഹത്തിലുണ്ടാകണം.

മെഡക്‌സിന്റെ ഗംഭീര വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥികളെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. മെഡക്‌സിന്റെ ഭാഗമായൊരുക്കിയവ സ്ഥിരം സംവിധാനമാക്കി മാറ്റാന്‍ എന്‍.എച്ച്.എം. 25 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. ഇതോടൊപ്പം മെഡക്‌സിന്റെ സുവനീര്‍ മന്ത്രി പ്രകാശനം ചെയ്തു.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. സന്തോഷ് കുമാര്‍, ഡോ. ജോബി ജോണ്‍, പി.ടി.എ. സെക്രട്ടറി ഡോ. ഉഷാദേവി, കോളേജ് യൂണിയല്‍ ചെയര്‍മാന്‍ ബാലു ദേവരാജ്, ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍ എം.ആര്‍., ആരോഗ്യ സര്‍വകലാശാല സെനറ്റ് മെമ്പര്‍ അമല്‍ അഹമ്മദ്, മുന്‍ ചെയര്‍മാന്‍ ജിബിന്‍ ജെയിംസ്, ജിനിന്‍ ആര്‍.എസ്. എന്നിവര്‍ പങ്കെടുത്തു.

ചെയര്‍മാനായി ബാലു ദേവരാജ്, ജനറല്‍ സെക്രട്ടറിയായി ഹരികൃഷ്ണന്‍ എം.ആര്‍., വൈസ് ചെയര്‍ പേഴ്‌സണായി അപര്‍ണ, ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായി ചിന്‍മയ് എസ്. ആനന്ദ്, മാഗസിന്‍ എഡിറ്ററായി നിഖില്‍ സഖറിയ ജോര്‍ജ്, സ്‌പോര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറിയായി അസര്‍ അബ്ദുള്ള വനിതാ പ്രതിനിധിയായി രജനി, ദിവ്യ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു.