എല്ലാ വിദ്യാര്‍ത്ഥികളെയും മിടുക്കരാക്കുന്ന വിദ്യാലയാന്തരീക്ഷം സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

0

എല്ലാ വിദ്യാര്‍ത്ഥികളെയും മിടുക്കരാക്കുന്ന തരത്തില്‍ മികച്ച വിദ്യാലയാന്തരീക്ഷമൊരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അട്ടക്കുളങ്ങര സര്‍ക്കാര്‍ സെന്‍ട്രല്‍ സ്‌കൂളില്‍ ജവഹര്‍ ബാലഭവന്‍ സംഘടിപ്പിച്ച ദശപുഷ്പം 2017 പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 പൊതു വിദ്യാലയങ്ങളെ ശാക്തീകരിച്ച് എല്ലാവര്‍ക്കും മികച്ച വിദ്യാഭ്യാസം നല്‍കാനും വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ കണ്ടെത്തി അവര്‍ക്ക് വേണ്ടത്ര പ്രോത്സാഹനം നല്‍കാനും പ്രാപ്തമായ വിദ്യാഭ്യാസരീതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ക്ലാസ് മുറികളെ സംബന്ധിച്ച പഴയ സങ്കല്‍പങ്ങളെല്ലാം മാറിക്കഴിഞ്ഞു. സംസ്ഥാനത്തൊട്ടാകെ വിവിധ പൊതുവിദ്യാലയങ്ങളിലായി 45,000 ക്ലാസ്മുറികള്‍ സ്മാര്‍ട്ടാക്കിയെന്നും മന്ത്രി പറഞ്ഞു. അട്ടക്കുളങ്ങര സ്‌കൂളിലെ നവീകരിച്ച സ്‌കൂള്‍കെട്ടിടത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ജവഹര്‍ ബാലഭവന്‍ ജില്ലയിലെ പത്ത് സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന അറിവിന്റെ കല എന്ന പരിപാടിയില്‍ ആദ്യത്തേതാണ് അട്ടക്കുളങ്ങര സ്‌കൂളില്‍ സംഘടിപ്പിച്ചത്. ജവഹര്‍ ബാലഭവന്‍ ചെയര്‍മാനും എം.എല്‍.എ യുമായ കെ. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ജവഹര്‍ ബാലഭവന്‍ പ്രിന്‍സിപ്പല്‍ ഡോ. എസ്. മാലിനി സ്വാഗതം പറഞ്ഞു. ആര്‍കിടെക്ട് ജി. ശങ്കര്‍, ഡോ. ജി.എസ്. പ്രദീപ്, ജവഹര്‍ ബാലഭവന്‍ ഭരണ സമിതിയംഗം ഇ.എം. രാധ, ഗവ. സെന്‍ട്രല്‍ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ കല കെ.ജി. തുടങ്ങിയവര്‍ സംബന്ധിച്ചു.