മെഡിക്കല്‍ കോളേജിന്റെ മാസ്റ്റര്‍ പ്ലാനിന് അംഗീകാരം നല്‍കും: മുഖ്യമന്ത്രി

മെഡിക്കല്‍ കോളേജിന്റെ മാസ്റ്റര്‍ പ്ലാനിന് അംഗീകാരം നല്‍കും: മുഖ്യമന്ത്രി

Wednesday May 31, 2017,

2 min Read

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനായുള്ള മാസ്റ്റര്‍പ്ലാനിന് കാലതാമസം കൂടാതെ അംഗീകാരം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെഡിക്കല്‍ കോളേജിനെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തി രോഗീ സൗഹൃദപരമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായ രോഗീ സൗഹൃദ ഒ.പി. സംവിധാനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും എസ്.എ.ടി. ആശുപത്രിയിലെ പുതിയ മാതൃ-ശിശു മന്ദിരത്തിന്റെ പ്രവര്‍ത്തനോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്തി. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി രോഗികള്‍ക്ക് മുന്‍കൂര്‍ അപ്പോയ്‌മെന്റ് എടുക്കുവാനുള്ള സംവിധാനവും ഇതോടൊപ്പം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

image


തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുവാന്‍ ബഡ്ജറ്റില്‍ 400 കോടി രൂപ കിഫ്ബി വഴി വകയിരുത്തിയിട്ടുണ്ട്. കിഫ്ബിക്ക് മെഡിക്കല്‍ കോളേജ് സമര്‍പ്പിച്ച സെന്റര്‍ ഓഫ് എക്‌സലന്‍സ് പദ്ധതിയും നിലവിലുള്ള എല്ലാ വികസന പദ്ധതികളും ഉള്‍പ്പെടുത്തിയായിരിക്കും മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നത്. പ്രകൃതിസൗഹൃദമായ രീതിയില്‍ ലോകോത്തര നിലവാരത്തില്‍ ഏറ്റവും നൂതനമായ സംവിധാനങ്ങളും ഉപകരണങ്ങളും ഓപ്പറേഷന്‍ തിയേറ്റര്‍ കോപ്ലക്‌സുകളും ഇവിടെ ഒരുക്കുവാന്‍ ഇതിലൂടെ സാധിക്കും. ഇത്തരത്തിന്‍ മറ്റ് മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവ കേരള മിഷന്റെ ഭാഗമായി ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ലൈഫ്, ആര്‍ദ്രം എന്നിങ്ങനെ നാല് ദൗത്യങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. അതില്‍ ആര്‍ദ്രം മിഷന്റെ ഭാഗമായുള്ള രോഗീ സൗഹൃദ ഒ.പി. സംവിധാനമാണെന്ന് എസ്.എ.ടി. ആശുപത്രിയില്‍ ഉദ്ഘാടനം നടത്തിയത്. സാധാരണ ഒ.പി.യില്‍ കാണുന്ന നീണ്ട ക്യൂ ഒഴിവാക്കാന്‍ സാധിക്കുന്നത് വലിയ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ മുഖച്ഛായ മാറ്റുക എന്നതാണ് ആര്‍ദ്രം പദ്ധതിയിലൂടെ സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്നത്. കാരണം സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരില്‍ മഹാഭൂരിപക്ഷവും സാധാരണക്കാരില്‍ സാധാരണക്കാരാണ്. അതുകൊണ്ടുതന്നെ അവരുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യരംഗത്ത് ഓരോ പദ്ധതിയും ആവിഷ്‌ക്കരിക്കുന്നത്.

രോഗീസൗഹൃദ ഒപി സംവിധാനത്തിലൂടെ ഒരു വ്യക്തി ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തി തിരിച്ച് പോകുന്നതുവരെയുള്ള വിവിധ ക്രമീകരണങ്ങളാണ് ലക്ഷ്യമിടുന്നത്. രോഗീ സൗഹൃദ ആശുപത്രിയായിരിക്കുമിത്. ലോക്കല്‍ ഒ.പി.യും റഫറല്‍ ഒ.പി.യുമുണ്ട്. റഫറല്‍ ഇല്ലാതെ വരുന്നവര്‍ക്കും ഇവിടെ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. വികലാംഗര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാതൃ-ശിശുമന്ദിരത്തിന്റെ വിപുലീകരണത്തിനായി അഞ്ച് കോടി രൂപ സംസ്ഥാന ബജറ്റില്‍ അനുവദിച്ചിരുന്നു. പ്രതിവര്‍ഷം പതിനായിരത്തോളം കുഞ്ഞുങ്ങളുടെ ജനനത്തിനാണ് ഈ ആശുപത്രി സേവനങ്ങള്‍ നല്‍കുന്നത്. പ്രതിദിനം ആയിരത്തോളം രോഗികള്‍ ഇവിടെ ചികിത്സ തേടുന്നുണ്ട്. ചികിത്സയ്ക്കായി എത്തുന്ന ഒരു രോഗിക്കുപോലും പ്രയാസപ്പെടേണ്ട സാഹചര്യം ഇനി ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ച ആര്‍ദ്രം പദ്ധതിയിലൂടെ സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗീ സൗഹൃദമായ അന്തരീക്ഷരം ഒരുക്കിവരികയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. രോഗികള്‍ ആദ്യം വരുന്നത് ഒ.പി.യിലാണ്. അതിനാല്‍ തന്നെ രോഗീ സൗഹൃദം ആദ്യം തുടങ്ങേണ്ടത് ഒ.പി.യിലാണ്. മുഖ്യമന്ത്രിയും താനും കൂടി ഡല്‍ഹി എയിംസ് സന്ദര്‍ശിക്കുകയും അതിന്റെ അടിസ്ഥാനത്തിലുള്ള സൗകര്യങ്ങളാണ് എസ്.എ.ടി. ആശുപത്രിയിലും ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി.ആരോഗ്യ കേരളം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍ ഐ.എ.എസ്. റിപ്പോര്‍ട്ടവതരിപ്പിച്ചു. നഗരസഭ മേയര്‍ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വി.കെ. മധു, കൗണ്‍സിലര്‍ എസ്.എസ്. സിന്ധു, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, ഡോ. തോമസ് മാത്യു എന്നിവര്‍ സംസാരിച്ചു.