ജനകീയാസൂത്രണം രണ്ടാംഘട്ടം നിര്‍വഹണത്തെ അടിസ്ഥാനമാക്കി: മന്ത്രി ടി എം തോമസ് ഐസക്  

0

പദ്ധതി നിര്‍വഹണത്തെ അടിസ്ഥാനമാക്കിയാണ് ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടം നടപ്പാക്കുകയെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജനകീയാസൂത്രണം രണ്ടാംഘട്ടം ഏകദിന ശില്‍പ്പശാലയുടെ ഉദ്ഘാടനവും വിദ്യാഭ്യാസമന്ത്രി രചിച്ച സമഗ്ര സുസ്ഥിര വികസനത്തിന്റെ ജനകീയ മുഖം എന്ന പുസ്തകം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് നല്‍കി പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെ മൊത്തം വികസന കാഴ്ചപ്പാടില്‍ ശുചിത്വം, ജലസംരക്ഷണം, ജൈവകൃഷി, പാര്‍പ്പിടം, പൊതുവിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളെ പൊതുവായി ലക്ഷ്യം വച്ചുകൊണ്ട് മുന്നോട്ടുപോകാനുള്ള ക്രമമാണ് സര്‍ക്കാരിന്റേത്. ജതകീയാസൂത്രണം സമൂഹത്തിലും രാഷ്ട്രീയത്തിലും ഒട്ടേറെ വളര്‍ച്ചയ്ക്കും സംഘര്‍ഷത്തിനും കാരണമായിട്ടുണ്ട്. അധികാരം വികേന്ദ്രീകരിച്ച് താഴേയ്ക്ക് പോകുന്നതില്‍ പലര്‍ക്കും ഇടര്‍ച്ചയുണ്ടായിരുന്നു. എന്നാല്‍ ഒരിടത്ത് ചെയ്ത് മനസ്സിലാക്കി അതില്‍ നിന്നും പാഠങ്ങളും പോരായ്മകളും ഉള്‍ക്കൊണ്ടശേഷമാണ് സംസ്ഥാനതലത്തില്‍ സര്‍ക്കാര്‍ ജനകീയാസൂത്രണ പദ്ധതി നടപ്പാക്കിയത്. പ്രാദേശികമായി അധികാരം നല്‍കിയാല്‍ പുതുതായി ചെയ്യാന്‍ കഴിയാത്തതായി ഒന്നുമില്ല. ആസൂത്രണം മുകളില്‍ നിന്നും നടത്താതെ താഴെത്തട്ടില്‍ തുടങ്ങുകയും മേല്‍ത്തട്ടിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മുന്നോട്ടുപോകുകയും ചെയ്താല്‍ ലക്ഷ്യത്തിലെത്താനാകും. അതിന് ലക്ഷ്യത്തിലേയ്ക്കുള്ള കാഴ്ചപ്പാട് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്തുകള്‍ പദ്ധതി രൂപീകരിക്കുമ്പോള്‍ അതിനനുസൃതമായി സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും ഉണ്ടാകും. അപ്പോള്‍ പ്രാദേശിക തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കും. സാങ്കേതിക സഹായവും അധിക വിഭവവും പദ്ധതികളുടെ സംയോജനവും ഉറപ്പുവരുത്താന്‍ ഇത് സഹായിക്കും. ഏത് പദ്ധതിക്കും ഒരു മാസ്റ്റര്‍പ്ലാന്‍ ആവശ്യമാണ്. പൊതുവിദ്യാഭ്യാസ യജ്ഞം കെട്ടിടംപണിയാണെന്ന ചിന്ത ഉപേക്ഷിക്കണം. ഭാവിയിലേയ്ക്ക്കൂടിയുള്ള പ്രവര്‍ത്തനം ഇവിടെ അനിവാര്യമാണ്. അക്കാദമിക് പ്രോഗ്രാമുകളിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലുമുള്‍പ്പെടെ കൃത്യമായ വികസന പദ്ധതിരേഖ തയ്യാറാക്കി സമര്‍പ്പിക്കുന്ന സ്‌കൂളുകള്‍ക്ക് മാത്രമേ പണം അനുവദിക്കുകയുള്ളൂ. മാസ്റ്റര്‍പ്ലാന്‍ രീതി സമ്പ്രദായം ഉറപ്പുവരുത്തുന്ന സ്‌കൂളുകള്‍ക്ക് മേയ് മാസത്തില്‍ നടക്കുന്ന കിഫ്ബ്‌സ് യോഗത്തില്‍ തുക അനുവദിക്കും. എല്ലാ പദ്ധതികള്‍ക്കും വിദഗ്ദ്ധ സമിതിയും അനിവാര്യമാണ്. താഴെത്തലത്തിലെ പരിമിതി വിടവുകള്‍ മേല്‍തട്ടില്‍ നികത്താന്‍ കഴിയുന്ന വിധത്തില്‍ ആസൂത്രണം മാറണമെന്നും മന്ത്രി പറഞ്ഞു.

വികസനം എന്നത് തലമുറകള്‍ക്ക് അനുസൃതമായിരിക്കണമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ഒരുഘട്ടം കഴിയുമ്പോള്‍ വികസനം തിരിച്ചുപോകുന്ന കാഴ്ചകളുണ്ട്. ഭരണത്തില്‍ ആരുമാറിയാലും വികസനം നിലനില്‍ക്കണമെന്നും മന്ത്രി പറഞ്ഞു. നാല് ഘട്ടങ്ങളിലായാണ് ജനകീയാസൂത്രണം സംസ്ഥാനത്ത് നടപ്പായത്. 73 - 74 ഭരണഘടനാ ഭേദഗതിയിലൂടെ അധികാരവികേന്ദ്രീകരണം നടപ്പായി. എന്നാല്‍ അതുകൊണ്ടുമാത്രം താഴെത്തട്ടില്‍ ഭരണമുണ്ടാകില്ല എന്ന തിരിച്ചറിവോടെ കേരളം പ്രാദേശിക വികസനത്തിനായി മൂന്ന് പ്രധാന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. ആസൂത്രണ വികേന്ദ്രീകരണം, ധനവികേന്ദ്രീകരണം, ഭരണതല വികേന്ദ്രീകരണം എന്നിവയായിരുന്നു അത്. എന്നാല്‍ ഇതിനെ സംയോജിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം ആവശ്യമായതോടെ ധനഉദ്ഗ്രഥനം, വകുപ്പുകളുടെ ഉദ്ഗ്രഥനവും നടപ്പാക്കി. ഇതെല്ലാമുള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സുസ്ഥിര വികസന പദ്ധതിയുടെ പുനരാവിഷ്‌കാരമാണ് രണ്ടാംഘട്ടത്തില്‍ നടപ്പാക്കുന്നത്. ഓരോ മേഖലയിലും പ്രത്യേകം മാസ്റ്റര്‍ പ്ലാനുകള്‍ ഉണ്ടായാല്‍ വികസനത്തിന് ആര്‍ക്കും തടയിടാനാവില്ല. വികസനം വഴി പാര്‍ശ്വവല്‍ക്കരണം ഇല്ലാത്ത ഒരു ജനതയെ സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.