തനിക്ക് വിലയിടാന്‍ വന്ന യുവനേതാവിന് യുവതിയുടെ കിടിലന്‍ മറുപണി; കയ്യടികളുമായി സോഷ്യല്‍ മീഡിയ  

1

ഫോണില്‍ വിളിച്ച് തനിക്ക് വിലയിടാന്‍ വന്ന യുവനേതാവിനെ വ്യത്യസ്തമായ രീതിയില്‍ കൈകാര്യം ചെയ്ത യുവതിക്ക് സോഷ്യല്‍ മീഡിയയുടെ കയ്യടി. എജ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്റും മോട്ടിവേഷണല്‍ സ്പീക്കറുമായി എറണാകുളം സ്വദേശി ശ്രീലക്ഷ്മി സതീഷ് എന്ന യുവതിയാണ് തനിക്ക് വിലയിടാന്‍ വന്ന യുവനേതാവിനെ മാതൃകാപരമായ ശിക്ഷയിലൂടെ കൈകാര്യം ചെയ്തത്. ഫോണില്‍ വിളിച്ചയാള്‍ വഴി തന്റെ നാട്ടുകാരന്‍ തന്നെയാണ് തന്റെ നമ്പര്‍ മോശപ്പെട്ട അടിക്കുറിപ്പോടെ ഫേസ്ബുക്ക് ഗ്രൂപ്പിലിട്ടതെന്നും അത് വഴിയാണ് ഫോണ്‍ കോളുകള്‍ വരുന്നതെന്നും യുവതി മനസ്സിലാക്കി. തുടര്‍ന്ന് കേസുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ച കാര്യം അവനെ നേരിട്ട് വിളിച്ച് തന്നെ അറിയിക്കുകയായിരുന്നു. എന്നാല്‍ പയ്യന്റെ അച്ഛന്‍ വീട്ടില്‍ വന്ന് കരഞ്ഞ് കാലുപിടിച്ചതോടെ ഒത്തുതീര്‍പ്പിന് തയ്യാറായ ശ്രീലക്ഷ്മി മുന്നോട്ട് വെച്ച ആവശ്യം, തെറ്റിന് പ്രായശ്ചിത്തമായി അവന്റെ പേരില്‍ 25,000 രൂപ അഭയയിലോ, ശ്രീചിത്രയിലോ, ഗാന്ധിഭവനിലോ അടച്ച് രസീത് ഏല്‍പ്പിക്കുക എന്നതായിരുന്നു.

കേസെന്ന് കേട്ട് വിറച്ച യുവ നേതാവ് അത് അപ്പാടെ അനുസരിച്ചു. പണമടച്ച് രസീത് ശ്രീലക്ഷ്മിയെ ഏല്‍പ്പിച്ചു. കഴിഞ്ഞ ദിവസം ശ്രീലക്ഷ്മി തന്നെ തനിക്ക് നേരിട്ട അനുഭവവും ഈ രസീതും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. യുവതിയുടെ ഈ നടപടിക്ക് മികച്ച പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. നിരവധിപേര്‍ ഇക്കാര്യത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ശ്രീലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം:

എനിക്ക് വിലയിടാന്‍ വന്നവന് ഞാന്‍ കൊടുത്ത പണി( സ്ത്രീകളുടെ ഫോണ്‍ നമ്പര്‍ കാണുമ്പോള്‍ ഉള്ള ചൊറിച്ചിലിനു ഇതേ മരുന്നുള്ളൂ) ഈ അടുത്ത ദിവസം അപരിചിതമായ നമ്പറില്‍ നിന്ന് എനിക്കൊരു കാള്‍ വന്നു. എന്നെ അവനു കാണണം. എത്ര രൂപയ്ക്കു എന്നെ കിട്ടും എന്നതായിരുന്നു ചോദ്യം? പിന്നെ തുരുതുരെ calls ഉം മെസ്സേജുകളും തന്നെ. ഫോണ്‍ എടുക്കാതെയായി. ഫോണ്‍ ഓഫ് ചെയ്ത് വേക്കേണ്ട അവസ്ഥയായി. ആദ്യംഒരു അന്ധാളിപ്പ് തോന്നി. പിന്നെ വന്ന നമ്പറുകളിലൊന്നില്‍ ഞാന്‍ തിരിച്ചു വിളിച്ചു. ഞാനെന്റെ പ്രൊഫൈല്‍ അവനെ പറഞ്ഞു മനസ്സിലാക്കി. ഇടയ്ക്കു കണക്കിന് കൊടുക്കുകയും ചെയ്തു.

അപ്പോഴേക്കും അവന്‍ പേടിച്ചു വിറച്ചു കാലു പിടിക്കാനും കരയാനും തുടങ്ങി. അവന്‍ എന്റെ നമ്പര്‍ കിട്ടിയ വഴി പറഞ്ഞു. എന്റെ നാട്ടുകാരനായ ഒരു ' മോന്‍' എന്റെ നമ്പര്‍ ഒരു ഗ്രൂപ്പില്‍ ഇട്ടു. സൂപ്പര്‍ സാധനമാണ് എന്ന അടിക്കുറിപ്പോടെ. ഗ്രൂപ്പില്‍ നിന്ന് ഉടന്‍ തന്നെ എന്നെ അറിയുന്ന കുട്ടികളും ചേച്ചിയായ എന്നെ വിളിച്ചു പറഞ്ഞു. സ്‌ക്രീന്‍ ഷോട്ടും അയച്ചു തന്നു. എന്റെ നാട്ടുകാരനായ. എന്നെ ചേച്ചീന്നു തികച്ചു വിളിക്കാതെ. എന്നെ കാണുമ്പോ തന്നെ ബഹുമാനിച്ചു വില്ലു പോലെ വളയുന്ന പൊന്നു മോന്‍.

കേസ് കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. എങ്ങനെയോ ഇതറിഞ്ഞ് അഖിലേന്ത്യാ പാര്‍ട്ടിയുടെ യുവജനപ്രസ്ഥാനത്തിലെ ചില പ്രവര്‍ത്തകര്‍ എന്നെ വിളിച്ചു. അന്നേരം ആണ് ഈ പൊന്നുമോന്‍ പാര്‍ട്ടിയുടെ ആ സ്ഥലത്തെ സെക്രട്ടറി ആണെന്ന് ഞാന്‍ അറിയുന്നത്. ഇത്തരം സ്ത്രീലമ്പടന്മാരേയും ആഭാസന്‍മാരേയും ആണോ പാര്‍ട്ടി നേതൃസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നും ഒരു സ്ത്രീയായ എന്നെ അപമാനിച്ച 'പൊന്നും കുടത്തിനെ 'പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം എന്നും ഞാന്‍ പറഞ്ഞു.ഊണും ഉറക്കവും ഇല്ലാതെ കഷ്ടപ്പെട്ട് പഠിച്ച് ജീവിതം പൊരുതി നേടിയ ഒരു സ്ത്രീയാണ് ഞാന്‍. ഒരിടത്തും ഞാനെന്റെ അഭിമാനത്തേയോ സ്ത്രീത്വത്തേ യോ മുറിവേല്‍പ്പിച്ചിട്ടില്ല. ഒരുത്തനേയും ഞാനെന്റെ അഭിമാനത്തെ തൊട്ടു കളിയ്ക്കാന്‍ പോയിട്ട്, വൃത്തികെട്ട കണ്ണു കൊണ്ട് ഒന്നു നോക്കാന്‍ പോലും ഞാന്‍ അനുവദിക്കില്ല. നിയമപരമായി ഞാന്‍ മുന്നോട്ടു നീങ്ങാന്‍ ഉറപ്പിച്ചു.

എന്നാല്‍ ഇന്നലെ ഈ പൊന്നുമോന്റെ അച്ഛന്‍ എന്റെ വീട്ടില്‍ വന്നു എന്നോട് ക്ഷമ പറഞ്ഞു. കാലു പിടിക്കാന്‍ പോലും ആ അച്ഛന്‍ തയ്യാറായി. എന്റെ അച്ഛന്റെ പ്രായമുള്ള ഒരാളുടെ അപേക്ഷ കേട്ടില്ലാന്നു വെക്കാന്‍ എന്റെ മനസ്സ് അനുവദിച്ചില്ല..അതുകൊണ്ട് ഞാന്‍ compromise ന് തയ്യാറായി. എന്നാല്‍ എന്റെ സ്ത്രീത്വത്തിന് വിലയിട്ടവന് മുഖമടച്ചു ഒന്ന് കൊടുക്കണം എന്ന് തോന്നി. പക്ഷെ അത് കൊണ്ട് ആര്‍ക്കു എന്ത് പ്രയോജനം. അതിനാല്‍ ഞാന്‍ ഒരു പ്രതിവിധി കണ്ടു. എന്നെ അപമാനിക്കാന്‍ ശ്രമിച്ച പൊന്നു മോനോട് ഞാന്‍ പറഞ്ഞു ' എന്നോട് നീ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി അഭയയിലോ, ശ്രീ ചിത്ര ഹോമിലോ, ഗാന്ധിഭവനിലോ 25,000/ രൂപ ജ ……….ന്‍ എന്ന നിന്റെ പേരില്‍ സംഭവന നല്‍കി രസീത് എന്നെ ഏല്‍പ്പിക്കണം. അല്ലെങ്കില്‍ ഞാന്‍ നിയമനടപടികളുമായി മുന്നോട്ടു പോകും'

മകന്‍ ജയിലില്‍ കിടക്കാതിരിക്കാന്‍ അവന്റെ അച്ഛന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നും ഇല്ലാന്ന് കണ്ടപ്പോള്‍ എന്റെ ഡിമാന്റ് അംഗീകരിച്ചു. 'ഇന്നവന്‍ ശ്രീ ചിത്ര ഹോമില്‍ 25,000 രൂപ സംഭാവനയായി അടച്ചു' ഇതു കൊണ്ടെങ്കിലും അവന്‍ നല്ല വഴി നടന്ന് നന്നായി ജീവിച്ചോട്ടെ. എന്നു കരുതി പേര് പറഞ്ഞ് ഞാന്‍ നാണം കെടുത്തുന്നില്ല. എന്നാലും കരണം പൊട്ടിച്ച് ഒന്നു കൊടുത്തു വിട്ടിട്ടുണ്ട്. ഇതു ഞാന്‍ ഇവിടെ അവസാനിപ്പിക്കുന്നു. ഇതിന്റെ പേരില്‍ ഉഡായിപ്പുമായി ഇറങ്ങിയാല്‍ മനുഷ്യത്വം എന്നൊന്ന് ഞാനിനി കാണിക്കത്തില്ല. ശ്രീചിത്ര ഹോമിന് സംഭവന നല്‍കിയ 25000/ രൂപയുടെ രസീതും ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുന്നു. പാര്‍ട്ടിയില്‍ നിന്നും പൊന്നുമോനെ പുറത്താക്കി കൊണ്ടുള്ള പാര്‍ട്ടി മീറ്റിംഗിന്റെ മിനിറ്റ്‌സും 8 മണിക്ക് എനിക്ക് അയച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ട്.

NB : നാളെ ക്കഴിഞ്ഞ് ഈ നെറികെട്ടവനെ പാര്‍ട്ടി തിരിച്ചു എടുക്കുമോ എന്നെനിക്കറിയില്ല. അങ്ങനെയാണെങ്കില്‍ പാര്‍ട്ടിയ്ക്ക് ഒരിക്കലും തീരാത്ത കളങ്കമായിത്തീരുന്ന പീഡനകഥകള്‍ നമുക്ക് കേള്‍ക്കാം. അല്ലേല്‍ കാണാം. വീടു കയറി വെട്ടുന്ന സ്വഭാവമാണത്രേ ഇവന്. ക്രിമിനല്‍ പശ്ചാത്തലവും സ്വഭാവവും ഉള്ള ഇവനെ ഇത്രയും നാള്‍ പാര്‍ട്ടി കൊണ്ടു നടന്നതു തന്നെ തീര്‍ത്തും അപഹാസ്യമാണ്. സ്ത്രീ സുരക്ഷ ഉറപ്പാക്കേണ്ട യുവജനപ്രസ്ഥാനങ്ങള്‍ ഇങ്ങനെ അധ:പതിക്കുന്നത് തികച്ചും ലജ്ജാവഹമാണ്.