മണിയുടെ ഓര്‍മ്മകളില്‍ ചാലക്കുടി വിതുമ്പി

0


മണിയുടെ ഓര്‍മകള്‍ പങ്കുവെച്ചുള്ള സഹപ്രവര്‍ത്തകരുടെ അനുസ്മരണത്തില്‍ ചാലക്കുടി വിതുമ്പി. മണിയോടെപ്പമുള്ള നിമിഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് സഹപ്രവര്‍ത്തകര്‍ ഓര്‍മകള്‍ അയവിറക്കിയപ്പോള്‍ അവരുടെ നൊമ്പരത്തില്‍ ചാലക്കുടിക്കും പിടിച്ചുനില്‍ക്കാനായില്ല. കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തടിച്ചുകൂടിയ ചാലക്കുടിക്കാര്‍ ഈറന്‍ കണ്ണുകളോടെയാണ് അനുസ്മരണ വേദിയില്‍നിന്ന് മടങ്ങിയത്.

ചാലക്കുടിക്കാരുടെ ദുഖത്തില്‍ പങ്കുചേരാന്‍ മലയാള സിനിമയിലെ മുഖ്യ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ഇന്നസെന്റ് എന്നിവര്‍ക്കൊപ്പം തമിഴകത്തുനിന്ന് വിക്രം, കരുണാസ് എന്നിവരുള്‍പ്പെടെയാണ് എത്തിയത്. സംവിധായകരായ സിബി മലയില്‍, കമല്‍ എന്നിവര്‍ക്കൊപ്പം നിരവധി സുഹൃത്തുക്കളും സിനിമാ പ്രവര്‍ത്തകരും അണിനിരന്നു.

ഇന്നസെന്റാണ് മണിയുടെ ഓര്‍മകള്‍ പങ്കുവച്ച് അനുസ്മരണത്തില്‍ സംസാരിച്ചത്. തുടര്‍ന്ന് മണിയുടെ അഭിനയ ജീവിതത്തിന്റെ ഓരോ ഏടകളും തുന്നിച്ചേര്‍ത്ത് ചിത്രീകരിച്ച ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിച്ചു. തങ്ങളുടെ കരുത്തായിരുന്നു മണി എന്നായിരുന്നു ഇന്നസെന്റിന്റെ വാക്കുകള്‍. പെട്ടെന്ന് ദേഷ്യം വരികയും അതുപോലെ സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്ന സ്വഭാവക്കാരനായിരുന്നു മണിയെന്നും ഇന്നസെന്റ് അനുസ്മരിച്ചു.

ചാലക്കുടിക്കോ കേരളത്തിനോ മാത്രമല്ല മറിച്ച് ഇന്ത്യക്ക് തന്നെ വലിയ നഷ്ടമുണ്ടാക്കിയതാണ് മണിയുടെ വേര്‍പാട് എന്ന് മമ്മൂട്ടി അനുസ്മരിച്ചു. നടന്‍ എന്നതിനൊപ്പം മിമിക്രി കലാകാരനെന്ന നിലയിലും തമിഴകത്തിന്റെ മനം കവര്‍ന്ന കലാകാരനാണ് മണിയെന്നായിരുന്നു വിക്രത്തിന്റെ വാക്കുകള്‍.

സത്യസന്ധതയും ധൈര്യവുമുള്ള വ്യക്തിയായിരുന്നു മണിയെന്ന് മോഹന്‍ലാലും അനുസ്മരിച്ചു. സാധാരണക്കാരനായി വന്ന് വന്നവഴി മറക്കാതെനിന്ന വ്യക്തിത്വമായിരുന്നു മണിയെന്ന് സിബി മലയില്‍ പറഞ്ഞു. സുരാജ് വെഞ്ഞാറമൂട്, നരേന്‍, ആസിഫലി, ഹരിശ്രീ അശോകന്‍, ഷാജോണ്‍, കോട്ടയം നസീര്‍, സുന്ദര്‍ദാസ്, ടിനിടോം തുടങ്ങിയവരും അനുസ്മരിച്ചു.