ചക്കയുടെ മൂല്യവർദ്ധിത ഉല്പന്നങ്ങൾക്ക് അനന്തസാധ്യത: കെ.ആൻസലൻ, എം.എൽ.എ.

0

തിരുപുറം ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെയും ചപ്പാത്ത് ശാന്തിഗ്രാമിന്റെയും നേതൃത്വത്തിൽ നടത്തിയ പത്തു ദിവസത്തെ ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ നിമ്മാണ പരിശീലനത്തിന് വിജയകരമായ സമാപനം.

പത്താം നാളിൽ നടത്തിയ ചക്ക ഉൽപ്പന്നങ്ങളുടെ പ്രദർശനത്തിൽ ഏഴു വാർഡുകളിൽ നിന്നും പങ്കാളികളായ 25 പേർ പഠിച്ച 40 ചക്ക വിഭവങ്ങളുമായി എത്തിയത് ഏവർക്കും കൗതുക കാഴ്ചയായി. ചക്കകൊണ്ടുള്ള ബർഗർ, ഗുലാബ് ജാം, പാലട പായസം, ചക്ക കൂഞ്ഞ് ചില്ലിചിക്കൻ, ചപ്പാത്തി, ഷാർജ, ഐസ് ക്രീം, കട്ലറ്റ്, വിവിധ തരം അച്ചാറുകൾ, കൂഴചക്ക ഇഞ്ചി സ്ക്വാഷ്, ചക്ക ചവണി പായസം, മിക്ചർ, ചക്കക്കുരു ബർഫി, ചപ്പാത്തി, വർണ്ണപുട്ട്, അവലോസുപൊടി, ചമ്മന്തിപ്പൊടി, ചക്കക്കരു പായസം, ചക്ക മീൻ ഫ്രൈ, ചക്ക ഇറച്ചി ഫ്രൈ, ചക്ക മീൻകറി തുടങ്ങിയവയായിരുന്നു വിഭവങ്ങൾ.

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് SEED ഡിവിഷന്റെ സഹായത്തോടെ നടത്തിയ പരിശീലനത്തിന് ജാക്ക് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്റെ സംസ്ഥാന പരിശീലക ടീം അംഗങ്ങളായ അന്നമ്മ പീറ്റർ (പത്തനംതിട്ട), ഇലന്തൂർ വിലാസിനി, ശൂരനാട് രാജശ്രീ, മിത്ര നികേതൻ സയൻറിസ്റ്റുമാരായ ഡോ.ആർ.എസ്.മിനി, ഡോ. എസ്.സിനി, യുവ കേരളം എഡിറ്റർ സുജിത് എഡ്വിൻ പെരേര എന്നിവർ നേതൃത്വം നൽകി.

ചക്കയുടേതുപോലുള്ള ഔഷധ ഗുണവും ജൈവവുമായ മൂല്യവർദ്ധിത ഉല്പന്നങ്ങൾക്ക് വരുന്ന നാളുകളിൽ അനന്ത സാധ്യതകളാണെന്ന് സമാപനസമ്മേളനം ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തിക്കൊണ്ട് കെ.ആൻസലൻ MLA പ്രസ്താവിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. ക്രിസ്തുദാസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തിരുപുറം ഗ്രാമ പഞ്ചായത്തിൽ ചക്ക ഉല്പന്നയുണിറ്റ് തുടങ്ങുമെന്ന് അദ്ദേഹം അറിയിച്ചു. വൈസ് പ്രസിഡന്റ് എം.മേഴ്സി, മെമ്പർ സ്റ്റീഫൻ, കൃഷി ഓഫീസർ ആർ. രത്നരാജ് , ശാന്തിഗ്രാം കോ-ഓർഡിനേറ്റർ എസ്. സുജ, പുത്തൻകട കെ. ശിവകുമാർ തുടങ്ങിയവർ സംസാരിച്ചു.