ദന്തസംരക്ഷണം ഉറപ്പു വരുത്തി 'ഇതിദിര്‍ക'

0

എന്‍ജിനിയറിംഗ് ആരോഗ്യ മേഖലകള്‍ തമ്മില്‍ ചേര്‍ന്നാല്‍ എന്താ പ്രയോജനം? ഒരു പ്രയോജനവും ഇല്ലെന്നാണ് ഉത്തരമെങ്കില്‍ തെറ്റി. ഈ രണ്ട് മേഖലയിലേയും വ്യക്തിത്വങ്ങള്‍ ചേര്‍ന്ന് ക്യാന്‍സറിനെതിരെ പൊരുതുകയാണിവിടെ ഡോ, പ്രീതി അഡില്‍ ചന്ദ്രാക്കര്‍ സഹോദരന്‍ പ്രവീണ്‍ അഡില്‍ എന്നിവരാണ് ഒരു പഴയ ട്രക്കില്‍ ഇതിനായി തങ്ങളുടെ യാത്ര ആരംഭിച്ചത്. ഛത്തീസ്ഗഡിലെ ചില ഗ്രാമപ്രദേശങ്ങളിലൂടെയായിരുന്നു ഇവരുടെ യാത്ര. അവരുടെ മൊബൈല്‍ ദന്തല്‍ യൂനിറ്റുമായാണ് അവര്‍ സഞ്ചരിച്ചിരുന്നത്. ഗ്രാമപ്രദേശങ്ങളിലെ പല ഇടങ്ങളിലായി ദന്തല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. പ്രധാനമായും നാടോടികള്‍ക്കാണ് മുന്‍ഗണന നല്‍കിയിരുന്നത്. വളരെ കുറഞ്ഞ ഫീസ് ഇടാക്കായിരുന്നത് ഗ്രാമവാസികള്‍ക്ക് വളരെ ആശ്വാസമായിരുന്നു.

നിലവില്‍ ഏകദേശം 1.5 ശതമാനം ദന്ത ഡോക്ടര്‍മാര്‍ മാത്രമാണ് ഗ്രാമപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. അതായത് 98 ശതമാനം ഡോക്ടര്‍മാരും നഗരങ്ങളില്‍ മാത്രം പ്രവര്‍ത്തിച്ചു വരുന്നു. കാല്‍ ഭാഗം ജനങ്ങള്‍ക്കായാണ് ഭൂരിഭാഗം ഡോക്ടര്‍മാരും പ്രവര്‍ത്തിച്ച് വരുന്നത് എന്നതാണ് വസ്തുത. സര്‍ക്കാര്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് അത് പ്രയോജനപ്രദമല്ല. കാരണം പലപ്പോഴും മൈലുകളോളം ദൂരം സഞ്ചരിച്ചുവേണം ഇവര്‍ക്ക് ക്യാമ്പുകളില്‍ എത്തിച്ചേരാന്‍. ഈ രീതിയില്‍ എത്തിച്ചേര്‍ന്നാലും ഇവിടെ രോഗം മാത്രം കണ്ടെത്തി പറയുന്നതല്ലാതെ അതിന് ചികിത്സയോ ആവശ്യമായ മരുന്നോ നല്‍കുന്നില്ല. അതിനായി മറ്റ് ആശുപത്രികളെ സമീപിക്കേണ്ടി വരുന്നു.

ഇതാണ് ഈ സഹോദരങ്ങള്‍ ഗ്രാമവാസികള്‍ക്കായി ക്യാമ്പ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചതിന്റെ പ്രധാന കാരണം. ആദ്യം വലിയ പ്രതികരണം ലഭിച്ചില്ലെങ്കിലും ഇപ്പോള്‍ നിരവധി രോഗികള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നു എന്നത് ഇവര്‍ക്ക് സംതൃപ്തി നല്‍കുന്നു. 2008ല്‍ രാജ്‌നന്ദഗാവോണ്‍ സി ഡി സി ആര്‍ ഐയില്‍ നിന്നും ബി ഡി എസ് നേടിയ പ്രീതിക്ക് പരിചയ സമ്പന്നതയൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ സ്വതന്ത്രമായി പ്രാക്ടീസ് ചെയ്ത് പരിചയ സമ്പന്നത നേടാന്‍ പ്രീതിക്ക് സാധിച്ചിട്ടുണ്ട്. കാണ്‍പൂര്‍ ഐ ഐ ടിയില്‍ നിന്നും ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗില്‍ നിന്നും ബിരുദം നേടിയ പ്രവീണ്‍ സിംഗപ്പൂരിലും ഇന്ത്യയിലും കോര്‍പ്പറേറ്റ് മേഖലകളില്‍ പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് അതൊക്കെ ഉപേക്ഷിക്കുകയായിരുന്നു. അവരുടെ മാതൃ സംസ്ഥാനമായ ഛത്തീസ്ഗഡിനായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം അവരില്‍ കലശലായിരുന്നു. ഗ്രാമത്തിലെ കുടുംബത്തില്‍ വളര്‍ന്ന അവര്‍ക്ക് ഗ്രാമത്തോടുള്ള അടുപ്പം വളരെ വലുതായിരുന്നു. അവരുടെ ചെറുപ്പകാലത്ത് പുകയില ഉപയോഗത്തെ തുടര്‍ന്ന് ബന്ധുക്കളടക്കം നിരവധിപ്പേര്‍ മരിച്ചത് വലിയ ആഘാതമായിരുന്നു. ഇതിന് അറുതിവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇതിധിര്‍ക എന്ന ക്ലിനിക് ആരംഭിച്ചത്.

ഗ്രാമപ്രദേശങ്ങള്‍ നേരിടുന്നതില്‍ പ്രധാന പ്രശ്‌നമായിരുന്നു ഓറല്‍ ക്യാന്‍സര്‍. ഇത് തുരത്തുന്നതിനായി ഗ്രാമത്തില്‍ തന്നെ ഒരു ക്ലിനിക് ആരംഭിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിനായി ഇവര്‍ ജനങ്ങളെ ആദ്യം വിശ്വാസത്തിലെടുത്തു. ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കാനും അവര്‍ മുന്നോട്ടു വന്നു. ചികിത്സയെക്കാള്‍ ഉപരി രോഗം വരാതെ തടയുകയായിരുന്നു അവരുടെ ലക്ഷ്യം. അതിനായി നിരന്തരം പല്ല് പരിശോധനകള്‍ നടത്തി. രോഗികള്‍ക്ക് ഒരു ക്യാമ്പ് കാര്‍ഡ് നല്‍കി. പരിശോധനക്കായി ഈ കാര്‍ഡ് ഇവര്‍ക്ക് ഉപയോഗിക്കാം. നേരിട്ട് ക്ലീനിക്കില്‍ എത്തുന്നതിനേക്കാള്‍ ക്യാമ്പില്‍ എത്തുന്നത് ഇവര്‍ക്ക് എളുപ്പമായി. കാര്‍ഡ് നല്‍കി മൂന്ന് മാസം വരെ ഇതിന് കാലാവധി ഉണ്ടായിരുന്നു. പലരും പല്ലിന് വേദന ഉണ്ടാകുമ്പോള്‍ മാത്രമാണ് പരിശോധനക്കായി എത്തുന്നത.് ദരിദ്രരായ ഗ്രാമവാസികള്‍ ഒരു ദിവസത്തെ വേതനം ഉപേക്ഷിച്ച് പരിശോധനക്കെത്താന്‍ മടിച്ചിരുന്നു.

കഴിയുന്നത്ര ഫീസ് ഇളവ് നല്‍കാനും മരുന്നുകള്‍ വിലക്കുറച്ച് നല്‍കാനും ഇവര്‍ ശ്രമിച്ചിരുന്നു. ഇത് നേടാനും അധികദൂരം പേകാതെ തന്നെ ഇവര്‍ക്ക് നേടാന്‍ കഴിഞ്ഞിരുന്നു. മരുന്നു നിര്‍മാണ കമ്പനികളുമായി മികച്ച ബന്ധം പുലര്‍ത്താനും അവര്‍ ശ്രമിച്ചിരുന്നു. ഇത് കൂടുതല്‍ ഡിസ്‌കൗണ്ടില്‍ മരുന്നു ലഭിക്കാനും സഹായകമായി. ഗ്രാമത്തിന്റെ മറ്റ് ഭാഗങ്ങളിലും സ്‌പെഷ്യലിസ്റ്റ് ക്ലിനിക്കുകള്‍ ആരംഭിക്കാന്‍ ഇവര്‍ ശ്രമം തുടങ്ങി. ഓരോ ഗ്രാമങ്ങളിലും ദന്തല്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി പ്രതിനിധികളേയും നിയോഗിച്ചു. പ്രായമായവര്‍ക്കും അസുഖബാധിതര്‍ക്കും പ്രയോജനപ്രദമായ രീതിയില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനും ശ്രദ്ധിച്ചു.