ഭാഷാപഠനം സുഗമമാക്കാന്‍ മലയാളം സര്‍വകലാശാലയുടെ മലയാള പാഠം പദ്ധതി

ഭാഷാപഠനം സുഗമമാക്കാന്‍ മലയാളം സര്‍വകലാശാലയുടെ മലയാള പാഠം പദ്ധതി

Thursday June 22, 2017,

1 min Read

മലയാള പഠനം അനായാസവും രസകരവുമാക്കുന്നതിന് മലയാള സര്‍വകലാശാല തയ്യാറാക്കിയ മലയാള പാഠം പദ്ധതി പ്രവര്‍ത്തനക്ഷമമായതായി വൈസ്ചാന്‍സലര്‍ കെ. ജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്റര്‍നെറ്റ്, മൊബൈല്‍ഫോണ്‍, ടാബ് എന്നിവയിലൂടെ അക്ഷരമാലയും വാക്കുകളും വാക്യങ്ങളും പഠിക്കാനുതകുന്ന ആപ്പുകള്‍ പദ്ധതിയുടെ ഭാഗമായി സൗജന്യമായി ലഭ്യമാകും. 

image


കളികളിലൂടെയും കുട്ടികളില്‍ കൗതുകം വര്‍ദ്ധിപ്പിച്ചും മലയാളം പഠിപ്പിക്കുന്ന വിധത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. അക്ഷരകേളി, പദകേളി, സ്‌കൂള്‍ നിഘണ്ടു, ഇ കോപ്പിബുക്ക് എന്നിവയിലൂടെയാണ് പഠനം. സ്‌കൂളുകളില്‍ മലയാള പഠനം സാധ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം സര്‍വകലാശാല ഒരുക്കുന്ന ഓണ്‍ലൈന്‍ മലയാള ഭാഷാ നിഘണ്ടു ആഗസ്‌റ്റോടെ തയ്യാറാവും. ജനങ്ങള്‍ക്ക് പുതിയ വാക്കുകള്‍ നിഘണ്ടുവിലേക്ക് നിര്‍ദ്ദേശിക്കുന്നതിനുള്ള സംവിധാനവുമുണ്ടാവും. ഈ വാക്കുകള്‍ പരിശോധിച്ച ശേഷം ഉള്‍പ്പെടുത്തും. ഭാഷാ സാഹിത്യ രംഗത്ത് സംഭാവനകള്‍ നല്‍കിയ എ. ആര്‍. രാജരാജവര്‍മ്മ, എഴുത്തച്ഛന്‍ എന്നിവരുടെയും മിഷനറി മലയാളത്തിന്റെയും പൂര്‍ണ വിവരങ്ങള്‍ സര്‍വകലാശാല തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. പുതിയതായി തയ്യാറാക്കിയ മലയാള പാഠം ആപ്ലിക്കേഷന്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും പഠനവൈകല്യമുള്ളവര്‍ക്കും പ്രയോജനകരമാകുമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. സി. ബി. എസ്. ഇ, ഐ. സി. എസ്. ഇ സ്‌കൂളുകള്‍ക്ക് മലയാളം പഠിപ്പിക്കുന്നതിന് ആവശ്യമായ പ്രത്യേക പാക്കേജ് കര്‍മ്മ പദ്ധതിയില്‍ തയ്യാറാക്കും. മലയാള ഭാഷ, സാഹിത്യം, കേരള സംസ്‌കാരം എന്നിവ പഠിക്കാനും അവഗാഹം നേടാനും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റു പഠിതാക്കള്‍ക്കും സാധിക്കുന്ന തരത്തില്‍ ഓണ്‍ലൈന്‍ പരിപാടികള്‍ ആരംഭിക്കും. ഭാഷാപഠനത്തിനുള്ള വിപുലമായ റിസോഴ്‌സ് സെന്റര്‍ മലയാള സര്‍വകലാശാലയില്‍ സ്ഥാപിക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.