'എലക്‌സ് 2017' ദേശീയ പ്രദര്‍ശനമേള: ലോഗോ പ്രകാശനം ചെയ്തു

0

സംസ്ഥാന സര്‍ക്കാരിന്റെ കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിംഗ് പ്രോഡക്ട് (കെല്‍) സംഘടിപ്പിക്കുന്ന ദേശീയ പ്രദര്‍ശനമേളയായ 'എലക്‌സ് 2017'ന്റെ ലോഗോ പ്രകാശനം വ്യവസായ-കായികവകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വഹിച്ചു.

 മറ്റ് സംസ്ഥാന സര്‍ക്കാരുകളെയും, സ്വകാര്യ സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ചാണ് 'എലക്‌സ് 2017' സംഘടിപ്പിക്കുന്നത്. വൈദ്യുത ഉത്പന്ന നിര്‍മ്മാണ വിതരണ മേഖലയിലുള്ള സ്ഥാപനങ്ങളാണ് മേളയില്‍ പങ്കെടുക്കുന്നത്. സാമൂഹികവും ഗാര്‍ഹികവുമായ നിര്‍മ്മാണ രീതികളിലുള്ള പദ്ധതികള്‍ ഉള്‍പ്പെടുത്തി വൈദ്യുതിയെ സാങ്കേതികവിദ്യയുമായി സമന്വയിപ്പിച്ച് വികസിപ്പിക്കാവുന്ന മേഖലകള്‍ സമ്മേളനത്തില്‍ പ്രദര്‍ശനത്തോടൊപ്പം ശില്‍പശാലയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രദര്‍ശനമേളയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.elexexpo.com ന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി പോള്‍ ആന്റണി നിര്‍വഹിച്ചു. എസ്.പി.ബി അസോസിയേറ്റ്‌സാണ് മേളയുടെ സംഘാടനം. ട്രാന്‍സ്‌ഫോര്‍മറുകള്‍ മുതല്‍ എല്‍.ഇ.ഡി ലൈറ്റുകള്‍, സോളാര്‍ പാനലുകള്‍ വരെയുള്ള വൈദ്യുത സാങ്കേതിക ഉപകരണങ്ങളുടെ പ്രദര്‍ശനവും ഊര്‍ജപ്രതിസന്ധി മറികടക്കാനുള്ള ചര്‍ച്ചകളും 'എലക്‌സ് 2017'ല്‍ ഉണ്ടാകും. റിയാബ് ചെയര്‍മാന്‍ ഡോ. എം.പി. സുകുമാരന്‍ നായര്‍, കെല്‍ എം.ഡി ഷാജി. എം. വര്‍ഗീസ്, വിവിധ പൊതുമേഖലാ സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു