വേനല്‍ക്കാലത്ത് കുട്ടികളെ അംഗന്‍വാടികളില്‍ പോകാന്‍ നിര്‍ബന്ധിക്കരുത്:ബാലാവകാശസംരക്ഷണ കമ്മീഷന്‍  

0

കൊടുംചൂടും ജലദൗര്‍ലഭ്യവും അടുത്ത രണ്ടുമാസത്തേയ്ക്ക് തുടരാന്‍ സാധ്യതയുളളതിനാല്‍ ഇക്കാലയളവില്‍ കുട്ടികളെ അംഗന്‍വാടികളില്‍ പോകാന്‍ നിര്‍ബന്ധിക്കുന്നത് ബാലാവകാശലംഘനം ആയിരിക്കുമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ വിലയിരുത്തി. അംഗന്‍വാടികളില്‍ എത്താത്ത കുട്ടികള്‍ക്കുളള പോഷകാഹാര സാധനങ്ങള്‍ അമ്മമാര്‍ വഴി വീട്ടില്‍ എത്തിക്കുന്നതിന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ക്കും ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രോജക്റ്റ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്ന് കമ്മീഷന്‍ സാമൂഹ്യനീതി ഡയറക്റ്ററോട് ആവശ്യപ്പെട്ടു.

പാലക്കാട് ജില്ലയിലെ അയിലൂര്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ അംഗന്‍വാടിയില്‍ കുടിവെളളം ലഭിക്കുന്നില്ലെന്ന് പഞ്ചായത്ത് അംഗം എം. പത്മഗിരീശന്‍, യൂസഫ് അലനല്ലൂര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നിര്‍ദ്ദേശം. ഈ അംഗന്‍വാടിയില്‍ സമയബന്ധിതമായി ജലനിധി വഴി വെളളം എത്തിക്കാന്‍ അയിലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. അംഗന്‍വാടിയിലെ കുട്ടികള്‍ക്ക് ആവശ്യമുളള വെളളം എത്തിച്ചു കൊടുക്കേണ്ടത് ഗ്രാമപഞ്ചായത്തിന്റെയും പഞ്ചായത്ത് സെക്രട്ടറിയുടെയും കര്‍ത്തവ്യമാണെന്നും അതില്‍നിന്ന് സെക്രട്ടറിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം ഉറപ്പുവരുത്തുന്നതില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനുളളില്‍ അറിയിക്കാനും കമ്മീഷന്‍ ഉത്തരവായി.