രുചി വൈവിധ്യങ്ങളില്‍ കൈപ്പുണ്യം തെളിയിച്ച് കേരളത്തിലെ സ്ത്രീകള്‍

1

കേരളത്തിന്റെ രുചി വൈവിധ്യങ്ങള്‍ക്ക് ഒരിക്കല്‍ കൂടി അന്താരാഷ്ട്ര തലത്തില്‍ സുവര്‍ണ്ണ തിളക്കം. കേരളത്തിലെ 'സാഫ്' തീരമൈത്രി റസ്റ്റോറന്റ് ആന്റ് കാറ്ററിങ് യൂണിറ്റ് ഒരുക്കിയ ഭക്ഷണ ശാലക്കാണ് മേളയിലെ മികച്ച രുചിക്കൂട്ടിനുള്ള സ്വര്‍ണ്ണ മെഡല്‍ ലഭിച്ചത്. കേരളം താരമായ 35ാമത് അന്താരാഷ്ട്ര വ്യാപാരമേളയില്‍ പവലിയനോടൊപ്പം കേരളത്തിലെ തീരപ്രദേശത്തുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകളുടെ കൈപ്പുണ്യവും സുവര്‍ണ്ണ നേട്ടത്തിലൂടെ ആദരിക്കപ്പെട്ടു. 

സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍(സാഫ്) ന്റെ നേതൃത്വത്തില്‍ കേരളത്തിലെ 'തീരമൈത്രി' ഒരുക്കിയ ഭക്ഷ്യ വിഭവങ്ങളുടെ കൊതിയൂറുന്ന രുചി നുണയാന്‍ ലക്ഷങ്ങളാണ് അന്താരാഷ്ട്ര വ്യാപാരമേളയിലെത്തിയത്. രുചി വൈവിധ്യം കേട്ടറിഞ്ഞ് എത്തിയവര്‍ ആ രുചിയൊരുക്കിയ വളയിട്ട കൈകള്‍ക്ക് മുന്നില്‍ കൈകൂപ്പുന്ന കാഴ്ച്ചയായിരുന്നു ഭക്ഷണശാലയില്‍. കേരളത്തിലെ തീരക്കടലിലും കായലിലും പുഴകളിലുമുള്ള മത്സ്യങ്ങള്‍ കൊണ്ട് ഒരുക്കിയ വിഭവങ്ങള്‍ പെട്ടെന്നാണ് മേളയിലെ ഹിറ്റായി മാറിയത്. വൈവിധ്യമാര്‍ന്ന രുചിയോടൊപ്പം മലയാളത്തിലെ പ്രമുഖ ചലച്ചിത്രങ്ങളുടെയും കഥാപാത്രങ്ങളുടെയും പേര് വിഭവങ്ങള്‍ക്ക് നല്‍കിയതോടെ ഭക്ഷണശാല ഒന്നുകൂടി ശ്രദ്ധിക്കപ്പെട്ടു.  

കറുത്തമ്മ ചെമ്മീന്‍, പരീക്കുട്ടി മീന്‍ എന്നിവ കൂടാതെ 'അമരം' കോമ്പോ എന്ന പുതിയ വിഭവവും സാഫ് ഒരുക്കി. 'അമരം' കോമ്പോയില്‍ മീന്‍ വറുത്തത്, മീന്‍കറി എന്നിവ കൂടാതെ ചെമ്മീന്‍ വിഭവങ്ങളും ഭക്ഷ്യപ്രേമികള്‍ക്ക് മുന്നിലെത്തി. കരിമീന്‍, വറ്റ എന്നീ മത്സ്യങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ മീന്‍ പൊള്ളിച്ചത്, മീന്‍ കട്‌ലറ്റ്, ഫിഷ് തവ ഫ്രൈ, ഫിഷ് ബിരിയാണി എന്നിവ മേളയിലെത്തിയ ഭക്ഷണ പ്രേമികള്‍ക്ക് മുന്നില്‍ 'സാഫ്' വിളമ്പി. കായലുകളിലെയും പുഴകളിലെയും വ്യത്യസ്തമായ ചെമ്മീന്‍ കൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങള്‍ക്കായിരുന്നു ഏറെ ഡിമാന്റ്.ഫുഡ് കോര്‍ട്ട് രണ്ടില്‍ സ്റ്റാള്‍ നം. 10 ലാണ് സാഫ് തീരമൈത്രി ഭക്ഷണശാല ഒരുക്കിയത്. ഫ്രീസറുകള്‍ ഉപയോഗിക്കാതെ തത്സമയം മത്സ്യങ്ങള്‍ പാകം ചെയ്താണ് വിഭവങ്ങള്‍ ഉണ്ടാക്കിയതെന്ന പ്രത്യേകതയുമുണ്ട്. മത്സ്യബന്ധന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാഫിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി. ആര്‍ സത്യവതി, പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ കോഴിക്കോട് വെള്ളയില്‍ കടപ്പുറത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകളാണ് വിഭവങ്ങള്‍ ഒരുക്കിയത്. കെ.കെ. ഇന്ദിര, ബിന്ദു, ജയശ്രീ, ടി.വി. ഇന്ദിര, റുഖിയ എന്നീ അഞ്ചംഗ സംഘം ഒരുക്കിയ കൊതിയൂറുന്ന വിഭവങ്ങള്‍ക്ക് ലഭിച്ച സുവര്‍ണ്ണ മെഡല്‍ കേരളത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ് സമ്മാനിച്ചത്. പ്രഗതി മൈതാനില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയറ്റ്‌ലിയില്‍ നിന്ന് സംസ്ഥാന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ മിനി ആന്റണി പുരസ്‌ക്കാരങ്ങള്‍ ഏറ്റുവാങ്ങി. കേന്ദ്ര സഹമന്ത്രി നിര്‍മ്മല സീതാരാമന്‍, ഐ.ടി.പി.ഒ സി.എം.ഡി എല്‍.സി. ഗോയല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും വിവിധ മന്ത്രാലയങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും പങ്കെടുത്ത 'മെയ്ക്ക് ഇന്‍ ഇന്ത്യ' മുഖ്യപ്രമേയമായിരുന്ന വ്യാപാരമേളയില്‍ 'മെയ്ക്ക് ഇന്‍ കേരള' പ്രമേയമാക്കിയാണ് കേരളം പുരസ്‌ക്കാര നേട്ടം കൈവരിച്ചത്. കേരളത്തിന്റെ പരമ്പരാഗത ഭക്ഷ്യ വിഭവങ്ങളുടെ രുചിക്കൂട്ട് വിളമ്പി സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍ സാഫിലെ വനിതകള്‍ മലയാളികള്‍ക്ക് അഭിമാന മുഹൂര്‍ത്തം സമ്മാനിച്ചു. മുമ്പ് പല തവണ സ്വര്‍ണ്ണ മെഡല്‍ ഉള്‍പ്പെടെ പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുള്ള കേരളം 'ഡിജിറ്റല്‍ ഇന്ത്യ' മുഖ്യപ്രമേയമാകുന്ന 2016 ലെ വ്യാപാരമേളയിലും മികവ് ആവര്‍ത്തിക്കുവാനുള്ള ആവേശവുമായാണ് മടങ്ങുന്നത്.