വൈദ്യുതിബില്‍ എളുപ്പത്തില്‍ അടയ്ക്കാന്‍ സഹായിച്ച് ഫെഡറല്‍ ബാങ്ക്

0


വൈദ്യുതി ബില്‍ ഓണ്‍ലൈന്‍ വഴി എളുപ്പത്തില്‍ അടയ്ക്കാന്‍ സഹായിച്ച് ഫെഡറല്‍ ബാങ്ക്. ഇതിന് സഹായിക്കുന്ന പേയ്‌മെന്റ് ഗേറ്റ്‌വേ സംവിധാനത്തിന് ഫെഡറല്‍ ബാങ്ക് തുടക്കമിട്ടു. ഏതു ബാങ്കില്‍ അക്കൗണ്ടുള്ള കെഎസ്ഇബി ഉപഭോക്താവിനും തങ്ങളുടെ വൈദ്യുതി ബില്ലുകള്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ മുഖേനയോ നെറ്റ് ബാങ്കിംഗ് വഴിയോ ഏതു സമയത്തും അടയ്ക്കാന്‍ സാധിക്കും.

കെഎസ്ഇബിയുടെ വൈദ്യുതി ബില്‍ അടയ്ക്കുന്നതിനുള്ള പേമെന്റ് ഗേറ്റ്‌വേ സംവിധാനം ഏര്‍പ്പെടുത്തുന്ന ആദ്യത്തെ ബാങ്കാണ് ഫെഡറല്‍ ബാങ്ക്. ബാങ്ക് തുടക്കമിട്ട സ്‌കാന്‍ ആന്‍ഡ് പേ സംവിധാനം വഴി പണമടയ്ക്കാന്‍ സാധിക്കുന്ന സംവിധാനത്തിനും വൈകാതെ തുടക്കമാകും. വൈദ്യുത ഭവനില്‍ നടന്ന ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ കെ.ഐ വര്‍ഗീസും വൈദ്യുതി ബോര്‍ഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.ശിവശങ്കറും ചേര്‍ന്ന് ഈ സൗകര്യത്തിന് തുടക്കമിട്ടു.

ബാങ്കിംഗ് മേഖലയില്‍ ഉപഭോക്താക്കളുടെ സൗകര്യം ഏറ്റവുമധികം വര്‍ധിപ്പിക്കാനുതകുന്ന നൂതന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഫെഡറല്‍ ബാങ്ക് പ്രതിജ്ഞാബദ്ധരാണെന്ന് കെ.ഐ. വര്‍ഗീസ് പറഞ്ഞു. ഏതുസമയത്തും ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വൈദ്യുതി ബില്‍ അടയ്ക്കാനുതകുന്ന പേയ്‌മെന്റ് ഗേറ്റ്‌വേ സംവിധാനം ഏര്‍പ്പെടുത്തുന്നതിനായി കെഎസ്ഇബിയുമായി സഹകരിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഇതിനൊന്നും യാതൊരുതരത്തിലുള്ള സര്‍വ്വീസ് ചാര്‍ജുകളും ഈടാക്കുന്നില്ല.

നിലവില്‍ ലഭ്യമായവയില്‍വച്ച് ഏറ്റവും സുരക്ഷിതവും സൗകര്യപ്രദവുമായ ഓണ്‍ലൈന്‍ പേമെന്റ് സംവിധാനവും ക്യൂആര്‍ കോഡ് ഉപയോഗിച്ചുള്ള മൊബൈല്‍ പേമെന്റ് രീതിയുമായ ഫെഡറല്‍ ബാങ്കിന്റെ സ്‌കാന്‍ ആന്‍ഡ് പേ വഴി പണമടയ്ക്കാനുള്ള സൗകര്യം എത്രയും പെട്ടെന്ന് നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉപയോക്താക്കള്‍ക്ക് തങ്ങളുടെ വൈദ്യുതി ബില്‍ ഓണ്‍ലൈന്‍ ആയി അടയ്ക്കാനുള്ള സൗകര്യം 2013ല്‍ നിലവില്‍ വന്നതാണെന്നും ഈ പദ്ധതിയില്‍ ആദ്യം പങ്കാളികളാകുന്ന ബാങ്ക് ഫെഡറല്‍ ബാങ്കാണെന്നും കെഎസ്ഇബി ചെയര്‍മാനും എംഡിയുമായ എം.ശിവശങ്കരന്‍ പറഞ്ഞു.

ഇപ്പോള്‍ പേയ്‌മെന്റ് ഗേറ്റ് വേ സൗകര്യംകൂടി ഏര്‍പ്പെടുത്താന്‍ ഫെഡറല്‍ ബാങ്ക് തയ്യാറായതോടെ ഏതു ബാങ്കില്‍ അക്കൗണ്ടുള്ള ഉപയോക്താവിനും സെക്ഷന്‍ ഓഫീസില്‍ പോയി വരിനില്‍ക്കാതെതന്നെ തങ്ങളുടെ വൈദ്യുതിബില്‍ ബാങ്ക് അക്കൗണ്ടുവഴി അടയ്ക്കാനാകുമെന്നതാണ് ഇതുകൊണ്ടുള്ള മെച്ചമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.