ക്ഷയരോഗം; മൂന്ന് പദ്ധതികള്‍ക്ക് തുടക്കമായി

0

സംസ്ഥാനത്ത് ക്ഷയരോഗ, ശ്വാസകോശ രോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട മൂന്ന് പദ്ധതികള്‍ക്ക് തുടക്കമായി. ക്ഷയരോഗ മരുന്നുകള്‍ ഒന്നിടവിട്ട ദിവസങ്ങള്‍ക്കു പകരം പ്രതിദിനം കഴിക്കേണ്ട നിശ്ചിത മാത്ര സമ്മിശ്രങ്ങളായി നല്‍കുന്നതാണ് ആദ്യത്തേത്. 99 ഡോട്ട്‌സ്, ശ്വാസ് എന്നിവയാണ് മറ്റു പദ്ധതികള്‍. മരുന്നു കഴിക്കുന്നത് മുടങ്ങാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ വഴി രോഗിക്ക് അലര്‍ട്ട് നല്‍കുന്നതാണ് 99 ഡോട്ട്‌സ്. 

ചികിത്സ ഇടയ്ക്കു വെച്ചു നിര്‍ത്താതിരിക്കാന്‍ ഇത് സഹായിക്കും. ദീര്‍ഘകാല ശ്വാസകോശ രോഗ(സിഒപിഡി) നിയന്ത്രണത്തിനും പ്രതിരോധത്തിനും സര്‍ക്കാര്‍ ആശുപത്രികളെ ഉപയോഗപ്പെടുത്തിയുള്ള പദ്ധതിയാണ് ശ്വാസ്. തിരുവനന്തപുരത്ത് ഹില്‍ട്ടണ്‍ ഗാര്‍ഡനില്‍ ഭാരത സര്‍ക്കാര്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ലോകാരോഗ്യസംഘടന, ദേശീയാരോഗ്യദൗത്യം എന്നിവ സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട ക്ഷയരോഗ നിര്‍മാര്‍ജന ശില്പശാലയില്‍ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്ത്യയുടെ അവസ്ഥയില്‍നിന്ന് വ്യത്യസ്തമായി സംസ്ഥാനത്ത് ക്ഷയരോഗം കുറഞ്ഞുവരുന്നത് ആശ്വാസകരമാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന് ആരോഗ്യമേഖലയിലുള്ള ഉയര്‍ന്ന പദവി കണക്കിലെടുത്ത് ക്ഷയരോഗം പൂര്‍ണമായി തുടച്ചുനീക്കേണ്ടതുണ്ട്. എന്നാല്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ വര്‍ധിച്ചുവരികയാണ്. നഗരങ്ങള്‍ ഏറെ മലിനീകരിക്കപ്പെട്ടിരിക്കുന്നു.നാട്ടിന്‍പുറങ്ങളും മലിനീകരണമുക്തമല്ല. അലര്‍ജി രോഗങ്ങള്‍ ഉള്‍പ്പെടെ വ്യാപിക്കാന്‍ ഇതു കാരണമാകുന്നു. അതിനെ കീഴടക്കാന്‍ നിരന്തരമായ പരിശോധനയും മരുന്നും ബോധവത്കരണവും ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ശ്വാസ് പദ്ധതിയുടെ മാര്‍ഗരേഖ ചടങ്ങില്‍ മന്ത്രി പ്രകാശനം ചെയ്തു. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ അധ്യക്ഷനായി. കേന്ദ്ര സര്‍ക്കാരിന്റെ ട്യൂബര്‍ക്കുലോസിസ് പ്രോഗ്രാം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ.സുനില്‍ ഖപാര്‍ഡെ, ദേശീയാരോഗ്യ ദൗത്യം ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍.രമേഷ്, സംസ്ഥാന ഹെല്‍ത്ത് റിസോഴ്‌സ് സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.ഷിനു കെ.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.