സംസ്ഥാന നദീതട അതോറിറ്റി രൂപീകരിക്കും: മുഖ്യമന്ത്രി  

0

സംസ്ഥാനത്തെ നദികളുടെ സംരക്ഷണം ഉറപ്പാക്കാനായി സംസ്ഥാന നദീതട അതോറിറ്റി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി നിയമസഭയില്‍ പുതിയ ബില്‍ കൊണ്ടു വരുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പെരിയാര്‍ സംരക്ഷണത്തിനായി പെരിയാര്‍ റിവര്‍ മാനേജ്‌മെന്റ് അതോറിറ്റി രൂപീകരിക്കുന്നത് സംബന്ധിച്ച് എസ് ശര്‍മ്മയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. 

നിയമസഭയില്‍ പുതിയ ബില്‍ കൊണ്ടു വരാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്. സംസ്ഥാന തലത്തില്‍ നദീതട അതോറിറ്റിയും അതിന് കീഴില്‍ വിവിധ നദീതട ബോര്‍ഡുകളും വരുന്ന രീതിയില്‍ നിയമനിര്‍മ്മാണം നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നദീതട അതോറിറ്റി നിലവില്‍ വരുന്നതോടെ നദീമലിനീകരണം തടയുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കാനാകും. ഓരോ നദികള്‍ക്കും പ്രത്യേകമായ അതോറിറ്റി എന്നതിന് പകരം കേരളത്തിലെ നദികള്‍ ചേര്‍ന്ന നദീതട അതോറിറ്റിയാണ് ഉചിതമാവുക. നീരൊഴുക്കു തടയാനും ജൈവവൈവിദ്ധ്യം നിലനിര്‍ത്താനും നദീതട പരിപാലന പദ്ധതികള്‍ക്ക് രൂപം നല്‍കാനും അതോറിറ്റിയിലൂടെ സാധ്യമാകും. അതു കൊണ്ടു തന്നെ സംസ്ഥാന തലത്തിലുള്ള അതോറിറ്റിയാണ് നന്നാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നദീസംരക്ഷണം സംബന്ധിച്ച് ഈയിടെ കേന്ദ്രത്തില്‍ ചേര്‍ന്ന നീതി ആയോഗ് യോഗത്തില്‍ ചര്‍ച്ച ചെയ്തായും കേരളത്തിലെ ഭാരതപ്പുഴ, പെരിയാര്‍, വേമ്പനാട് കായല്‍ എന്നിവ ശുദ്ധീകരിക്കുന്നതിനായി ചര്‍ച്ചയില്‍ സഹായവാഗ്ദാനം ലഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ഇതിനാവശ്യമായ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.