ഓണമെത്തി രവീന്ദ്രന്റെ മട്ടുപ്പാവില്‍

ഓണമെത്തി രവീന്ദ്രന്റെ മട്ടുപ്പാവില്‍

Monday September 05, 2016,

2 min Read

വിളവെടുപ്പുമായി ബന്ധപ്പെട്ട കാര്‍ഷിക ഉത്സവമാണ് നമ്മുടെ ഓണം. എന്നാല്‍ നഗരവാസികള്‍ക്ക് ഓണം ആഘോഷിക്കണമെങ്കില്‍ എല്ലാം വിപണിയില്‍ നിന്നു വാങ്ങണം. അരി മുതല്‍ പച്ചക്കറി വരെ. എന്നാല്‍ തലസ്ഥാന നഗരിയില്‍ താമസിക്കുന്ന രവീന്ദ്രനെ ഈ ഗണത്തില്‍ പെടുത്താനാകില്ല. ഓണ വിഭവങ്ങള്‍ക്കാവശ്യമായതെല്ലാം രവീന്ദ്രനെന്ന സ്ഥിരോത്സാഹി പത്തു സെന്റിലെ തന്റെ വീട്ടില്‍ സ്വന്തമായി കൃഷി ചെയ്യും. അരി മുതല്‍ പച്ചക്കറി വരെ വീട്ടിലുത്പാദിപ്പിച്ചാണ് ഇക്കുറി രവീന്ദ്രനും കുടുംബവും ഓണത്തെ വരവേല്‍ക്കുന്നത്.

image


പത്തു സെന്റിനകത്തുള്ള തന്റെ വീട്ടിലെ മട്ടുപ്പാവില്‍ വിളഞ്ഞ കരനെല്ലും പച്ചക്കറികളും വിളവെടുക്കാന്‍ ഇക്കുറി മന്ത്രി തന്നെ നേരിട്ടെത്തി. സംസ്ഥാന വൈദ്യുതമന്ത്രി കടകംപള്ളി സുരന്ദ്രനാണ് കഴിഞ്ഞ ദിവസം രവീന്ദ്രന്റെ മട്ടുപ്പാവില്‍ വിളഞ്ഞ നെല്ല് വിളവെടുത്തത്. മേടം പത്തിന് വിത്തു പാകി കഴിഞ്ഞ ദിവസം വിളവെടുത്ത നെല്ലു കുത്തിയാകും ഇക്കുറി രവീന്ദ്രന്റെ വീട്ടിലെ ഓണസദ്യ. വെള്ളം കെട്ടി നിര്‍ത്തേണ്ട ആവശ്യമില്ലാതെ നനവു മാത്രം ഉപയോഗിച്ച് വളര്‍ത്താവുന്ന ഉമ, പ്രത്യാശ നെല്ലാണ് ഇക്കുറി രവീന്ദ്രന്‍ മട്ടുപ്പാവില്‍ വിളവെടുത്തത്. സാധാരണഗതിയില്‍ 120 ദിവസം കൊണ്ട് വിളവെടുക്കാനാകുന്ന നെല്‍വിത്തിനമാണ് ഇവ. എന്നാല്‍ പൂര്‍ണമായി ജൈവരീതിയില്‍ കൃഷി ചെയ്യുന്നതിനാല്‍ മൂപ്പെത്താന്‍ 130 ദിവസമെടുക്കുമെന്ന് രവീന്ദ്രന്‍ പറയുന്നു. രവീന്ദ്രന്റെ കൃഷിയിലുള്ള താത്പര്യവും ഗവേഷണ തല്‍പ്പരതയും കാരണം സംസ്ഥാനകേന്ദ്രസര്‍ക്കാരുകളുടെ സഹകരണത്തോടെ കൃഷി വകുപ്പ് നഗരപരിസ്ഥിതി മെച്ചപ്പെടുത്താന്‍ പ്രഖ്യാപിച്ച ആത്മ(അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി) കര്‍ഷക സ്‌കൂള്‍ രവീന്ദ്രന് അനുവദിച്ചിരുന്നു. ഒരു ബാച്ചില്‍ 40ലധികം പേരാണ് രവീന്ദ്രന്റെ പക്കല്‍ നിന്ന് കൃഷിയിലെ പാഠങ്ങള്‍ പഠിച്ച് പുറത്തിറങ്ങുന്നത്. ഇക്കുറി രവീന്ദ്രനില്‍ നിന്ന് കൃഷി പാഠങ്ങള്‍ പഠിച്ചിറങ്ങിയവര്‍ തങ്ങളുടെ വീട്ടില്‍ വിളവെടുത്ത പച്ചക്കറി കൊണ്ട് അത്തപ്പൂക്കളം ഒരുക്കിയും അതു കൊണ്ട് ഉണ്ടാക്കിയ വിഭവങ്ങളും കൊണ്ട് ഉള്ളൂരുള്ള രവീന്ദ്രന്റെ വീടായ റജി ഭവനില്‍ ഓണസദ്യയൊരുക്കിയാണ് പിരിഞ്ഞത്. പച്ചക്കറികൃഷിക്ക് മണ്ണൊരുക്കുന്നതു മുതല്‍ വിളവെടുക്കുന്നതു വരെ കൃഷിയുടെ സര്‍വതലസ്പര്‍ശിയാണ് രവീന്ദ്രന്റെ ക്ലാസുകള്‍.

2002മുതല്‍ നെല്‍കൃഷി ചെയ്തു വരുന്ന രവീന്ദ്രന്‍ 1998 മുതല്‍ ജൈവവളങ്ങളും നിര്‍മ്മിച്ചു വരുന്നുണ്ട്. മണ്ണിര കമ്പോസ്റ്റ്, മത്തി, ശര്‍ക്കര, നെയ്യ് എന്നിവ ചേര്‍ത്തു തയാറാക്കുന്ന ഫിഷ് അമിനോ ആസിഡ്, പുഷ്പ്പിക്കുന്നതിനും കായ്ഫലമുണ്ടാക്കുന്നതിനായി മുട്ട മിശ്രിതം, ചാണകം, ഗോമൂത്രം, ആഹാരവശിഷ്ടങ്ങള്‍ ചേര്‍ത്തു നിര്‍മ്മിക്കുന്ന ഗവ്യം, നാറ്റം, മണം, കറ, കയ്പ് എന്നിവയടങ്ങുന്ന പച്ചിലകള്‍, ചാണകം ഗോമൂത്രം തുടങ്ങിയ ചേര്‍ത്ത് നിര്‍മ്മിക്കുന്ന ഹൃദയാമൃതം തുടങ്ങിയ തുടങ്ങിയ ജൈവ വളങ്ങളാണു രവീന്ദ്രന്‍ തന്റെ പച്ചക്കറികള്‍ക്കു നല്‍കുന്നത്. ചേന, ചേമ്പ്, കാച്ചില്‍, വാഴ എന്നിവ വീട്ടുവളപ്പിലാണു കൃഷിചെയ്യുന്നത്. ഇതു കൂടാതെ അപൂര്‍വമായ ചെടികളും കിഴങ്ങുകളും എവിടെ കണ്ടാലും അതു സ്വായത്തമാക്കുക എന്നതും രവീന്ദ്രന്റെ ശീലമാണ്. ശാസ്ത്രീയമായ രീതികളിലൂടെ താന്‍ വികസിപ്പിച്ചെടുത്ത രീതികള്‍ക്ക് കൃഷിവകുപ്പും ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളും പിന്തുണയുമായി രംഗത്തുണ്ട്. മട്ടുപ്പാവിലെ വിളവെടുപ്പിനിനി ഇക്കുറി മന്ത്രി കടകംപള്ളി സുരേന്ദ്രനൊപ്പം മുന്‍മേയര്‍ അഡ്വ. ചന്ദ്രിക കൃഷി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എ എം സുനില്‍കുമാര്‍, ആത്മ പ്രോജക്ട് ഡയറക്ടര്‍ മിനി കെ രാജന്‍, ഡെപ്യൂട്ടി പ്ലോജക്ട് ഡയറക്ടര്‍ ഡോ. പി ഒ ശോശാമ്മ, സബിത നാരായണന്‍, മുന്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഡോ. എന്‍ ജി ബാലചന്ദ്രന്‍, മുന്‍ സി ടി സി ആര്‍ ഐ സീനിയര്‍ ശാസ്ത്രജ്ഞന്‍ ഡോ. സി എസ് രവീന്ദ്രന്‍ എന്നരടങ്ങുന്ന സംഘവുമുണ്ടായിരുന്നു.

image


ടെറസില്‍ കൃഷിചെയ്താല്‍ സ്ഥലം കേടാകുമെന്ന പേടിയാണ് എല്ലാവര്‍ക്കും എന്നാല്‍ ഈ ആശങ്കക്ക് അര്‍ഥമില്ലെന്ന് ഉറപ്പിച്ചു പറയുന്നു രവീന്ദ്രന്‍. വീടിന്റെ ബീം വരുന്ന സ്ഥലത്ത് പ്രത്യേക സ്റ്റാന്റ് ഉണ്ടാക്കി ഗ്രോബാഗ് വച്ച് കൃഷി ചെയ്യുക എന്നതാണ് തന്റെ കൃഷിരീതിയെന്ന് രവീന്ദ്രന്‍ വ്യക്തമാക്കുന്നു. കാച്ചിലിന്റെ ഒരു ചുവട്ടില്‍ നിന്നും 275 കിലോഗ്രം കാച്ചില്‍ ഇദ്ദേഹം ഉല്‍പ്പാദിപ്പിച്ച് 2014ല്‍ ലിങ്ക ബുക്ക് ഓഫ് റെക്കോഡ്‌സിലും രവീന്ദ്രന്‍ ഇടംനേടി. ഏതാണ്ട് പത്തു വര്‍ഷം മുമ്പാണ് ടെറസില്‍ കൃഷി ചെയ്യാന്‍ ആരംഭിച്ചത്. പാഷന്‍ ഫ്രൂട്ടും ഇവിടെ കൃഷിചെയ്യുന്നു. ഇതിന്റെ തൈകളും ഇദ്ദേഹം വില്‍ക്കാറുണ്ട്. ഭാര്യയും രണ്ടു പെണ്‍മക്കളുമാണ് ഇദ്ദേഹത്തിനുള്ളത്. രണ്ടു മക്കളുടേയും വിവാഹം കഴിഞ്ഞ് മുത്തച്ഛന്റെ റോളും നന്നായി ചെയ്യുന്നു. വിളവെത്തും മുമ്പ് നട്ടു വളര്‍ത്തിയ ചെടികളുടെ കായ്കള്‍ പേരക്കുട്ടികള്‍ നുള്ളിക്കളയാതെ പിന്നാലെയുണ്ട് അപ്പൂപ്പനായ രവീന്ദ്രന്‍.