ലഹരി വര്‍ജനത്തെ പ്രസ്ഥാനമായി സര്‍ക്കാര്‍ ഏറ്റെടുക്കും: മന്ത്രി ടി. പി. രാമകൃഷ്ണന്‍

ലഹരി വര്‍ജനത്തെ പ്രസ്ഥാനമായി സര്‍ക്കാര്‍ ഏറ്റെടുക്കും: മന്ത്രി ടി. പി. രാമകൃഷ്ണന്‍

Wednesday May 31, 2017,

1 min Read

ലഹരി വര്‍ജനത്തെ ഒരു പ്രസ്ഥാനമായി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് എക്‌സൈസ് തൊഴില്‍ വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ പറഞ്ഞു. എക്‌സൈസ് വകുപ്പ് വി. ജെ. ടി ഹാളില്‍ സംഘടിപ്പിച്ച ലോക പുകയില വിരുദ്ധ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

image


മദ്യ വര്‍ജനമാണ് സര്‍ക്കാരിന്റെ നയം. ഒരു മദ്യശാല പൂട്ടിക്കുന്നതിന് വലിയ ബുദ്ധിമുട്ടില്ല. അങ്ങനെ മദ്യശാലകള്‍ പൂട്ടിയതുകൊണ്ട് സമൂഹത്തെ ലഹരിയില്‍ നിന്ന് മോചിപ്പിക്കാനും കഴിയില്ല. ഇതുമായി ബന്ധപ്പെട്ടുള്ള ഉദയഭാനു റിപ്പോര്‍ട്ടില്‍ മദ്യ നിരോധനം അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രിമാരായ ഇ. എം. എസ്, സി. അച്യുതമേനോന്‍, കെ. കരുണാകരന്‍ എന്നിവരും ഇതേ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. നാടിനെ ലഹരിയില്‍ നിന്ന് മോചിപ്പിക്കുന്നതിനാണ് വിമുക്തി മിഷന് സര്‍ക്കാര്‍ രൂപം നല്‍കിയത്. ലഹരി വിമുക്ത സമൂഹമാണ് വിമുക്തിയിലൂടെ ലക്ഷ്യമിടുന്നത്. പുതിയ തലമുറ പുകയിലയുടെ മാരക വിപത്തിനെക്കുറിച്ച് ബോധവാന്‍മാരാകണമെന്നും അദ്ദേഹം പറഞ്ഞു. പുകയില വിരുദ്ധ സന്ദേശങ്ങളടങ്ങിയ ലഘുലേഖ മന്ത്രി പ്രകാശനം ചെയ്തു. വി. എസ്. ശിവകുമാര്‍ എം. എല്‍. എ അധ്യക്ഷത വഹിച്ചു. മേയര്‍ അഡ്വ. വി. കെ. പ്രശാന്ത്, എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിംഗ്, ആര്‍. സി. സി ആര്‍. എം. ഒ ഡോ. സി.വി പ്രശാന്ത്, എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.