ഫോട്ടോഗ്രാഫിയുടെ വാതായനങ്ങള്‍ തുറന്നുകാട്ടി ടി.പി.എഫ്

0

ട്രിവാന്‍ഡ്രം ഫോട്ടോഗ്രാഫേഴ്‌സ് ഫോറം (ടി പി എഫ്) ടെക്‌നോപാര്‍ക്കിലെ പാര്‍ക്ക് സെന്ററില്‍ സംഘടിപ്പിച്ച ബേസിക് ഫോട്ടോഗ്രാഫി ശില്‍പശാല മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടി മുതല്‍ എഴുപത് വയസുള്ള വയോധികന്‍ വരെ ഈ ശില്‍പശാലയുടെ ഭാഗമായത് ഫോട്ടോഗ്രാഫിയോടുള്ള താല്പര്യത്തിനു പരിധികളോ പരിമിതികളോ ഇല്ലെന്ന സത്യം വ്യക്തമാക്കുന്നതായിരുന്നു. താങ്കളുടെ അഭിരുചി രക്ഷകര്‍ത്താക്കള്‍ക്കും പകര്‍ന്നു നല്‍കണം എന്ന ആഗ്രഹത്തോടെ ചില കുട്ടികള്‍ മാതാപിതാക്കളെയും കൂട്ടിയാണ് ശില്‍പശാലയ്‌ക്കെത്തിയത്. വിദഗ്ദ്ധ ഡിസൈനറും, ഫോട്ടോഗ്രാഫറുമായ ഹരീഷ് എന്‍ നമ്പൂതിരിയാണ് ശില്‍പശാല നയിച്ചത്. മലയാള മനോരമയിലെ സീനിയര്‍ പിക്ചര്‍ എഡിറ്റര്‍ ബി. ജയചന്ദ്രന്‍ ഭദ്രദീപം കൊളുത്തി ശില്‍പശാല ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ ക്യാമറകള്‍ വ്യാപകമായതോടെ നിരവധി ചെറുപ്പക്കാര്‍ ഈ മേഖലയിലേക്ക് കടന്നു വരുന്നുണ്ടെന്നും, ഫോട്ടോകളുടെ രൂപത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവര്‍ നടത്തുന്ന പ്രസക്തമായ ഇടപെടലിലൂടെ പല വാര്‍ത്തകളെയും മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ഒഴിവാക്കാന്‍ സാധിക്കാത്ത തരത്തില്‍ സമൂഹ ശ്രദ്ധയില്‍ കൊണ്ട് വരാന്‍ സാധിക്കുന്നുണ്ടെന്നും ശില്‍പശാല ഉത്ഘാടനം ചെയ്തു സംസാരിക്കവേ ബി.ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടു. 

ഫോട്ടോഗ്രാഫിയുടെ അടിസ്ഥാന വിവരങ്ങള്‍ താല്‍പര്യമുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയായ ട്രിവാന്‍ഡ്രം ഫോട്ടോഗ്രാഫേഴ്‌സ് ഫോറമാണ് (ടി.പി.എഫ്) ടെക്‌നോപാര്‍ക്ക് ടുഡേ എന്ന പോര്‍ട്ടലുമായി ചേര്‍ന്ന് ഞായറാഴ്ച ടെക്‌നോപാര്‍ക്കില്‍വച്ച് ബേസിക് ഫോട്ടോഗ്രാഫി വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചത് . ഉച്ചയ്ക്ക് 2 മുതല്‍ 6 വരെ പാര്‍ക്ക് സെന്ററിലെ ട്രാവന്‍കൂര്‍ ഹാളില്‍വച്ച് നടന്ന 'അടിസ്ഥാന ഫോട്ടോഗ്രാഫി ശില്‍പ്പശാല'യില്‍ 125 പേരാണ് പങ്കെടുത്തത്. അവധിക്കാല പരിപാടികളുടെ ഭാഗമായി മേയ് 1ന് ടി.പി. എഫിന്റെ നേതൃത്വത്തില്‍ ശാസ്താംപാറയിലേക്ക് നടത്തിയ ഫോട്ടോവാക്കില്‍ 82 പേര്‍ പങ്കെടുത്തിരുന്നു. ഫോട്ടോഗ്രാഫി പ്രേമികള്‍ക്ക് സാങ്കേതിക പരിജ്ഞാനം നല്‍കുന്നതിനുള്ള പ്രൊഫഷണല്‍, അമച്വര്‍ ഫോട്ടോഗ്രാഫറന്മാരുടെ കൂട്ടായ്മ എന്ന രീതിയിലാണ് ടി .പി.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരുക്കുന്നതെന്നും, പ്രായ ഭേദമന്യേ ആര്‍ക്കും ഈ കൂട്ടായ്മയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയും ഫോട്ടോഗ്രാഫിയുടെ സാങ്കേതിക വശങ്ങള്‍ മനസിലാക്കാനും കഴിയുമെന്നും ശില്‍പ്പശാലയുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കവേ ടി.പി.എഫിനു തുടക്കമിട്ട സെയ്ദ് ഷിയാസ് മിര്‍സ പറഞ്ഞു. 

ടി .പി .എഫ് സംസ്ഥാന പ്രസിഡന്റ് ബിജു ജെ ജോസ് വിന്‍, സെക്രട്ടറി അഷറഫ് വട്ടിയൂര്‍ക്കാവ്, ജോയിന്റ് സെക്രട്ടറി സൂര്യജിത്ത് കട്ടപ്പന, വൈസ് പ്രസിഡന്റ് മഹേഷ് ജയന്‍, ട്രഷറര്‍ സതീഷ് കമ്മത്ത് എന്നിവര്‍ ശില്പശാലയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു. ടെക്‌നോപാര്‍ക്ക് ടുഡേയുടെ സ്റ്റാറ്റര്‍ജിക് ഡയറക്ടര്‍ രഞ്ജിത്ത് രാമചന്ദ്രന്‍ ചടങ്ങില്‍ നന്ദി രേഖപ്പെടുത്തി. ട്രിവാന്‍ഡ്രം ഫോട്ടോഗ്രാഫേഴ്‌സ് ഫോറമെന്ന ഈ കൂട്ടായ്മയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിനുമായി www.tpfkerala.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 980 9385113 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യാം.