ഊര്‍ജ സംരക്ഷണ സന്ദേശം ഉയര്‍ത്തി ഭൗമമണിക്കൂര്‍-2016

0

ഊര്‍ജ സംരക്ഷണ സന്ദേശം ഉയര്‍ത്തി ഭൗമമണിക്കൂര്‍-2016 ഈ മാസം 19നാണ് ഈ വര്‍ഷത്തെ ഭൗമമണിക്കൂര്‍ ആചരിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി മുടങ്ങാതെ ആചരിച്ചുവരുന്ന ഭൗമ മണിക്കൂറിലൂടെ ഓരോ വര്‍ഷവും കെ എസ് ഇ ബി ഗ്രിഡില്‍ 147 മെഗാവാട്ടിന്റെ വൈദ്യുതി ഉപയോഗക്കുറവാണ് രേഖപ്പെടുത്താന്‍ സാധിച്ചത്. വീട്ടിലേയും ഓഫീസിലേയും കടകളിലേയും മറ്റ് സ്ഥാപനങ്ങളിലേയും കഴിയുന്നിടത്തോളം വൈദ്യുതി വിളക്കുകള്‍ രാത്രി 8.30 മുതല്‍ 9.30വരെ അണച്ച് ഊര്‍ജ്ജ സംരക്ഷണത്തിന് ഊന്നല്‍ നല്‍കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംഘാടകരായ ഡബ്‌ള്യു ഡബ്‌ള്യു എഫ് ഇന്ത്യ സംസ്ഥാന ഡയറക്ടര്‍ രഞ്ജന്‍ മാത്യു വര്‍ഗീസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗോ ടു റൂഫ് ടോപ്പ് സോളാര്‍ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ഡബ്‌ള്യു ഡബ്‌ള്യു എഫ് ഇന്ത്യയോടൊപ്പം പരിസ്ഥിതി വ്യതിയാന കാലാവസ്ഥാ വകുപ്പ്, കെ എസ് ഇ ബി, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, മ്യൂസിയം, മൃഗശാല വകുപ്പ് തുടങ്ങി ഒട്ടേറെ സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങളും ഇതില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 172 രാജ്യങ്ങളാണ് ഇതില്‍ പങ്കെടുത്തത്. ഇന്ത്യയില്‍ 150 ഓളം നഗരങ്ങളിലും മറ്റ് സ്ഥലങ്ങളിലും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഭൗമ മണിക്കൂര്‍ ആചരിച്ച് വരികയാണ്. ഈ വര്‍ഷം ക്രിക്കറ്റ് ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന്‍ ആണ് ഇത്തവണത്തെ അംബാസിഡര്‍.

ആഗോള താപനവും കാലാവസ്ഥാ വ്തിയാനവും വരുത്തിവെക്കുന്ന വിപത്തിനെതിരെ ചെയ്യാവുന്ന ഒരു ചെറിയ കാര്യമായാണ് ഭൗമമണിക്കൂര്‍ ആചരിച്ചുവരുന്നത്. രാജ്യത്ത് രാഷ്ട്രപതി ഭവന്‍, പ്രധാനമന്ത്രിയുടെ വസതി, വിവിധ മുഖ്യമന്ത്രിമാരുടെ വസതികള്‍, ഓഫീസുകള്‍, ചരിത്ര സ്മാരകമായ ഇന്ത്യാഗേറ്റ്, ഗേറ്റ് വേ ഓഫ് ഇന്ത്യ, ഹൗറാ പാലം തുടങ്ങിയവയിലും വൈദ്യുതി വിളക്കുകള്‍ അണച്ച് ഭൗമ മണിക്കൂര്‍ ആചരിക്കാറുണ്ട്. ലൈറ്റുകള്‍ മാത്രമല്ല, മറ്റ് വൈദ്യുതോപകരണങ്ങളും ഓഫ് ചെയ്തുവേണം ഭൗമ മണിക്കൂര്‍ ആചരിക്കാന്‍. ഊര്‍ജ്ജ സംരക്ഷണം ശീലമാക്കുന്നതില്‍ നിന്നും ഭൂമിയുടെമേല്‍പതിച്ചിരിക്കുന്ന ആഗോളതാപനവും അതുകൊണ്ടുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും ആവുന്നിടത്തോളം കുറക്കാന്‍ ശ്രമിക്കുകയാണ് ലക്ഷ്യം.

2007 ലെ ആദ്യത്തെ എര്‍ത്ത് അവര്‍ ആചരണം ആസ്‌ട്രേലിയായിലെ സിഡ്‌നിയിലായിരുന്നു. അന്ന് തങ്ങള്‍ക്ക് അത്യാവശ്യമില്ലാത്ത വൈദ്യുത വിളക്കുകള്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് അണച്ച് കൊണ്ട് പൊതുജനവും വ്യവസായങ്ങളും എര്‍ത്ത് അവര്‍ ആചരിച്ചു. 10% ഊര്‍ജ്ജമാണ് അന്നവിടെ ലാഭിച്ചതായി കണ്ടെത്തിയത്. കേരളത്തെപോലെ ഒരു സംസ്ഥാനത്ത് പറ്റുന്നത്ര ജലവൈദ്യുത പദ്ധതികള്‍ ആയിക്കഴിഞ്ഞു. താപവൈദ്യുതി നിലയങ്ങള്‍ക്കുള്ള ഇന്ധനം ലഭ്യമല്ല. അത് ആഗോളതാപനത്തിന്റെ ആക്കം കൂട്ടുകയും ചെയ്യുന്നു. ആണവനിലയങ്ങള്‍ പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്നുമാത്രമല്ല, ജനസാന്ദ്രത കൂടിയ കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് ആണവനിലയത്തിനുള്ള സാധ്യതയുമില്ല. അതുകൊണ്ടുതന്നെ ആവുന്നത്ര ഊര്‍ജ്ജ സംരക്ഷണത്തിന് ഊന്നല്‍ നല്‍കുകയും പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസുകളിലേക്ക് ആശ്രയം മാറ്റുകയും വേണം.