കുറഞ്ഞ ചിലവില്‍ കമ്പ്യൂട്ടര്‍; കൈത്താങ്ങായി റിന്യൂ

0

കമ്പ്യൂട്ടര്‍യുഗം എന്നറിയപ്പെടുന്ന ഈ കാലഘട്ടത്തില്‍ എത്ര വീടുകളില്‍ കമ്പ്യൂട്ടര്‍ ഉണ്ട്. എത്രപേര്‍ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ട് എന്നത് ഒരു ചോദ്യം തന്നെയാണ്. കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നത് വീട്ടില്‍ ഒരു കമ്പ്യൂട്ടര്‍ വന്നാല്‍ എളുപ്പത്തില്‍ നേടാവുന്നതേ ഉള്ളൂ. എന്നാല്‍ വീട്ടില്‍ ഒരു കമ്പ്യൂട്ടര്‍ എന്നത് എളുപ്പത്തില്‍ നേടാവുന്ന ഒന്നാണോ? അത് എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുകുന്ദ് ബി എസ് ഒരു നൂതന സംരംഭത്തിന് തുടക്കം കുറിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ബിസിനസ്സുകാര്‍ക്കും ഓഫീസുകള്‍ക്കും എന്നു വേണ്ട എല്ലാവര്‍ക്കും ഒരുപോലെ പ്രയോജനപ്രദമാണ് കമ്പ്യൂട്ടര്‍. എന്നാലിവരില്‍ പലര്‍ക്കും വീട്ടില്‍ ഇത് ലഭ്യമാക്കാന്‍ കഴിയുന്നില്ല എന്ന് മുകുന്ദ് മനസിലാക്കി. കമ്പ്യൂട്ടറിന് ആവശ്യമായ തുക എളുപ്പത്തില്‍ സ്വരൂപിക്കാന്‍ കഴിയാത്തതുതന്നെയായിരുന്നു ഇവരുടെ പ്രശ്‌നം. ഈ തുക എങ്ങനെ ഒരുമിച്ച് കണ്ടെത്തും. വിദ്യാര്‍ഥികള്‍ക്ക് അത് വലിയ വെല്ലുവിളിയായിരുന്നു.

ഈ പ്രതിസന്ധി മറികടക്കാന്‍ തനിക്കെങ്ങനെ സഹായിക്കാനാകും എന്നാണ് മുകുന്ദ് ആദ്യം ചിന്തിച്ചത്. കുറഞ്ഞ ചെലവില്‍ കമ്പ്യൂട്ടറുകള്‍ ലഭ്യമാക്കുകയാണ് പോംവഴി. പക്ഷെ എങ്ങനെ? എന്ന ചോദ്യം അവശേഷിക്കുന്നു. അപ്പോഴാണ് ഉപയോഗിച്ചവ വീണ്ടും ഉപയോഗിക്കുന്നതിനെക്കുറിച്ച് മുകുന്ദിന് ആശയം ഉദിച്ചത്.

സൂററ്റിലെ നിറ്റില്‍ നിന്നും ഇലക്ട്രോണിക്‌സില്‍ ബിരുദവും കൊല്‍ക്കത്ത ഐ ഐ എമ്മില്‍ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ മുകുന്ദ് ചില വന്‍കിട കമ്പനികളില്‍ ജോലി ചെയ്ത് വരവെയാണ് ഇത്തരമൊരു ആശയം ഉണ്ടായത്. ഇതാണ് റിന്യൂ എന്ന സാമൂഹ്യപ്രസക്തിയുള്ള സ്ഥാപനം രൂപീകരിക്കാന്‍ മുകുന്ദിനെ പ്രേരിപ്പിച്ചത്. തുടര്‍ന്ന് പലയിടങ്ങളില്‍ നിന്നും ഉപോഗിച്ച് പഴകിയ കമ്പ്യൂട്ടറുകളും അവയുടെ ഭാഗങ്ങളും ശേഖരിക്കാന്‍ തുടങ്ങി. വന്‍കിട കമ്പനികള്‍ ഉപേക്ഷിച്ചവയും ചില സ്ഥാപനങ്ങളില്‍ നിന്നും ഒഴിവാക്കിയവയും ഒക്കെ ഇതില്‍പ്പെടും. ഇത്തരത്തില്‍ ശേഖരിക്കുന്നവ ഉപയോഗിച്ച് ഉപയോഗപ്രദമായ കമ്പ്യൂട്ടറുകള്‍ തയ്യാറാക്കി ആവശ്യക്കാര്‍ക്ക് നല്‍കാന്‍ സാധിച്ചു. ഇത്തരത്തില്‍ നവീകരിച്ച കമ്പ്യൂട്ടറുകള്‍ വാങ്ങാന്‍ നിരവധിപ്പേരാണ് മുന്നോട്ട് വന്നത്.

2011ല്‍ നടത്തിയ സര്‍വേയിലെ കണക്കുകള്‍ പ്രകാരം 9.5 ശതമാനം മാത്രമാണ് ഇന്ത്യയിലെ വീടുകളില്‍ കമ്പ്യൂട്ടറുകള്‍ ഉള്ളത്. അതായത്, പത്ത് വീടുകള്‍ എടുത്താല്‍ അതില്‍ ഒന്നില്‍ താഴെ വീടുകളില്‍ മാത്രമാണ് സ്വന്തമായി കമ്പ്യൂട്ടര്‍ ഉള്ളത്. ഇന്ത്യയിന്‍ ജനസംഖ്യയുടെ ഏറിയ പങ്കിനും കമ്പ്യൂട്ടര്‍ എന്നത് ബജറ്റില്‍ താങ്ങാനാകാത്ത ഒരു ഉപകരണമാണെന്നതാണ് ഇത് വ്യക്തമാക്കുന്നത്. ഇത്തരത്തിലുള്ള ഉപഭോക്താക്കളെ കണ്ടെത്തി കമ്പ്യൂട്ടറുകള്‍ നല്‍കാനാണ് മുകുന്ദിന്റെ നേതൃത്വത്തിലുള്ള റിന്യൂ ശ്രമിച്ചത്. മുകുന്ദിനെ കൂടാതെ ഒരു മാനേജറും ഏഴ് ടെക്‌നീഷ്യന്‍മാരും സംഘത്തിലുണ്ട്. 4500 രൂപ മുതല്‍ വിലയുള്ള കമ്പ്യൂട്ടറുകളാണ് ഇവര്‍ നല്‍കുന്നത്.

കമ്പ്യൂട്ടര്‍ സൗകര്യം ആവശ്യമുള്ളതും എന്നാല്‍ അതിന്റെ ചെലവ് താങ്ങാനാകാത്തതുമായ സ്‌കൂളുകളാണ് പ്രധാനമായും മുകുന്ദ് ലക്ഷ്യം വെച്ചത്. വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് ആവശ്യമായ കമ്പ്യൂട്ടറുകള്‍ എത്തിച്ചു നല്‍കിയും, പിന്നീട് അവക്കുണ്ടാകുന്ന അറ്റകുറ്റപ്പണികള്‍ തീര്‍ത്തു നല്‍കാനും മുകുന്ദും സംഘവും പ്രത്യേകം ശ്രദ്ധിച്ചു. അടുത്തത് സ്‌കൂളില്‍ പോകുന്ന വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കള്‍ക്കാണ് നല്‍കിയത്. ഇവരില്‍ പലര്‍ക്കും കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ അറിയുമായിരുന്നില്ല. അവര്‍ക്കായി കുറഞ്ഞ സമയത്തില്‍ പ്രാഥമിക പഠന ക്ലാസ്സുകള്‍ ഇവര്‍ നല്‍കി. കൂടുതലും ഹൈസ്‌കൂള്‍ നിലവാരത്തിലുള്ള സ്‌കൂള്‍ കുട്ടികളുടെ വീടുകളിലാണ് കമ്പ്യൂട്ടറുകള്‍ നല്‍കിയത്. എന്‍ ജി ഒകളില്‍ ആവശ്യത്തിന് ഡെസ്‌ക് ടോപ്പ്, ലാപ്‌ടോപ്പ്, സെര്‍വറുകള്‍ എന്നിവയും കുറഞ്ഞ ചെലവില്‍ എത്തിച്ചു നല്‍കി. പല ചെറുകിട വ്യവസായങ്ങള്‍ക്കും കമ്പ്യൂട്ടര്‍ ആവശ്യമായിരുന്നു. അവരുടെ സ്റ്റോക്ക് വിവരങ്ങള്‍ സൂക്ഷിക്കുന്നതിനും കണക്കുകള്‍ നോക്കുന്നതിനും ഈ മേഖലയില്‍ ധാരാളം കമ്പ്യൂട്ടറുകള്‍ എത്തിക്കാന്‍ ഇവര്‍ക്ക് സാധിച്ചു. 67 ശതമാനത്തോളം ചെറുകിട വ്യവസായികള്‍ കമ്പ്യൂട്ടര്‍ ഇല്ലാതെ പ്രവര്‍ത്തിച്ചുവന്നിരുന്നു എന്ന തിരിച്ചറിയലാണ് ഈ മേഖലയിലേക്ക് മുകുന്ദിനേയും സംഘത്തേയും എത്തിച്ചത്. നിലവില്‍ ബാംഗ്ലൂരില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സംരംഭത്തെ മറ്റ് സംസ്ഥാനങ്ങളിലേക്ക വ്യാപിപ്പിക്കുകയാണ് മുകുന്ദിന്റേയും സംഘത്തിന്റേയും ലക്ഷ്യം.

മുകുന്ദിന്റെ ഉപഭോക്താക്കളെല്ലാം ആധുനിക സംവിധാനങ്ങളോട് കൂടിയ കമ്പ്യൂട്ടറുകളുടെ ആവശ്യക്കാരായിരുന്നില്ല. ഇത്തരത്തിലുള്ള ഉപഭോക്താക്കളുടെ ആഗ്രഹം നിറവേറ്റാന്‍ തങ്ങള്‍ക്കായി എന്നതാണ് സംരംഭത്തിന്റെ വിജയമായി മുകുന്ദ് കാണുന്നത്.