ജൈവമാലിന്യത്തില്‍ നിന്ന് വൈദ്യുതി നിര്‍മിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് സുല്‍ത്താന്‍ ബത്തേരിയില്‍  

0

സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ കേരളത്തിലാദ്യമായി ജൈവമാലിന്യത്തില്‍ നിന്ന് വൈദ്യുതി നിര്‍മിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് ആരംഭിക്കും. ഇതു സംബന്ധിച്ച ധാരണാപത്രം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീലിന്റെ സാന്നിധ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ സി.കെ. സഹദേവനും ഡിഡാസ്‌ക് ബയോ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രസിഡന്റും സി.ഇ.ഒ.യുമായ ഗ്ലാഡ്സ്റ്റണ്‍ ഫിലിപ്പും കൈമാറി. പദ്ധതി വിജയിച്ചാല്‍ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും സമാന രീതിയിലുള്ള പദ്ധതികള്‍ നടപ്പാക്കുമെന്നും നാലു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനം പൂര്‍ണമായും മാലിന്യ മുക്ത സംസ്ഥാനമാക്കി മാറ്റാനാവുമെന്നും മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു.

ഗ്രീന്‍ എനര്‍ജി ഈസ് ക്ലീന്‍ എനര്‍ജി എന്ന മുദ്രാവാക്യത്തോടെ ജര്‍മന്‍ ടെക്‌നോളജി ഉപയോഗിച്ച് നടപ്പാക്കുന്ന ഈ എനര്‍ജി പ്ലാന്റിന്റെ നിര്‍മാണ ചുമതല ഡിഡാസ്‌ക് ബയോ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡിനാണ്. പ്ലാന്റ് നിര്‍മിക്കുന്നതിനാവശ്യമായ 37 സെന്റ് സ്ഥലം സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി നല്‍കും. മുനിസിപ്പാലിറ്റി ശേഖരിക്കുന്ന മാലിന്യം സംസ്‌കരിക്കുന്നതിന് കിലോയ്ക്ക് ഒരു രൂപാ നിരക്കില്‍ കമ്പനിക്ക് മുനിസിപ്പാലിറ്റി പ്രതിഫലം നല്‍കും. റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, ഇറച്ചി, കോഴി വില്‍പനശാലകള്‍ എന്നിവയില്‍ നിന്നുള്ള മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് മുനിസിപ്പാലിറ്റി ഫീസ് ഈടാക്കും.

പ്രതിദിനം അഞ്ച് മെട്രിക് ടണ്‍ വരെ മാലിന്യം സംസ്‌കരിക്കാനും 1200 യൂണിറ്റ് വരെ ജൈവ-വൈദ്യൂതി ഉദ്പാദിപ്പിക്കാനും ഈ പ്ലാന്റിനു ശേഷിയുണ്ടാകും. ഉല്പാദിപ്പിക്കുന്ന വൈദ്യുതി വില്‍ക്കുന്നതിന്റെ ലാഭ വിഹിതം പത്തുവര്‍ഷത്തേക്ക് 20 ശതമാനം നിരക്കിലും അടുത്ത അഞ്ചു വര്‍ഷത്തേക്ക് 30 ശതമാനം നിരക്കിലും മുനിസിപ്പാലിറ്റിക്കു നല്‍കും. പതിനഞ്ച് വര്‍ഷത്തിനുശേഷം പ്ലാന്റിന്റെ പൂര്‍ണ ഉടമസ്ഥാവകാശം മുനിസിപ്പാലിറ്റിക്കു ലഭിക്കും. ജനുവരി ഒമ്പതിന് സുല്‍ത്താന്‍ ബത്തേരിയില്‍ പുതിയ പ്ലാന്റിന്റെ നിര്‍മാണ പ്രവൃത്തികള്‍ ഔപചാരികമായി ആരംഭിക്കും.

കൊച്ചിയില്‍ തദ്ദേശ സ്വയംഭരണവകുപ്പിന്റെ മേല്‍നോട്ടത്തില്‍ ജപ്പാന്‍ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ നിര്‍മാണ് ചെലവ് ഇന്‍ഡോ-ജപ്പാന്‍ ചേംബര്‍ ഓഫ് കോമേഴ്‌സാണ് വഹിക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാ ജില്ലയിലും ഓരോ മാലിന്യ സംസ്‌കരണ പ്ലാന്റ് എങ്കിലും നിര്‍മിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ധാരണാപത്രം കൈമാറുന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. ജോസ്, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. എം.സി. ദത്തന്‍, ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ. വാസുകി, സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.എല്‍ സാബു, കൗണ്‍സിലര്‍ സോബിന്‍ വര്‍ഗീസ്, മുനിസിപ്പല്‍ സെക്രട്ടറി സി.ആര്‍. മോഹന്‍ എന്നിവര്‍ സംബന്ധിച്ചു.