ആറന്മുള പുഞ്ചയില്‍ മുഖ്യമന്ത്രി വിത്തെറിയും

ആറന്മുള പുഞ്ചയില്‍ മുഖ്യമന്ത്രി വിത്തെറിയും

Saturday October 22, 2016,

2 min Read

വിമാനത്താവള പദ്ധതിയിലൂടെ വിവാദമായ ആറന്മുള പുഞ്ച പാടശേഖരത്ത് ഇനി കൃഷിയുടെ സുവര്‍ണകാലം. ഈ മാസം 29നു വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പാടശേഖരത്ത് വിത്തെറിഞ്ഞ് കൃഷിയിറക്കും. ഇതിനോടടുത്തു തരിശായി കിടക്കുന്ന പാടങ്ങളും കൃഷിയോഗ്യമാക്കും. മെത്രാന്‍ കായല്‍, കോഴിക്കോട് ആവളപാണ്ടി, തൃശൂര്‍ കണിമംഗലം പാടശേഖരങ്ങളിലും കൃഷിയിറക്കും. 3000 ഹെക്ടര്‍ തരിശുനിലത്ത് ഈ മാസം കൃഷിയിറക്കും. അഞ്ചു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 90,000 ഹെക്ടര്‍ തരിശുനിലത്ത് കൃഷിയിറക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനുള്ള വിശദമായ റിപ്പോര്‍ട്ട് തയാറാക്കുകയാണ്. തരിശുനില പാടശേഖരങ്ങളില്‍ കൃഷിയിറക്കാന്‍ ഉടമസ്ഥരുടെ അനുവാദം ലഭിച്ചില്ലെങ്കില്‍ നിയമപരമായി നോട്ടീസ് നല്‍കി പിടിച്ചെടുത്ത് കൃഷി ചെയ്യാന്‍ നടപടിയെടുക്കും. പാടശേഖരങ്ങള്‍ നികത്തുന്നത് വിനാശത്തിനു കാരണമാകുമെന്ന് എല്ലാവരും തിരിച്ചറിയണം. മെത്രാന്‍ കായലില്‍ 30 വ്യാജകമ്പിനികളുടെ പേരിലാണ് കൃഷി ഭൂമി കൈവശം വച്ചിരിക്കുന്നത്. ഇതിന്റെ യാഥാര്‍ഥ്യങ്ങള്‍ പരിശോധിച്ച് നിയമപരമായ നടപടിയെടുത്ത് കൃഷിയിറക്കും. ഭൂവിനിയോഗ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും. കൃഷിയിറക്കുന്നതിനു നടപടിയെടുക്കാന്‍ ഹൈക്കോടതി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കൃഷി മന്ത്രി അറിയിച്ചു.

image


രണ്ടരപതിറ്റാണ്ടിനുശേഷം കൃഷിയിറക്കിയ റാണി കായല്‍ പാടശേഖരത്ത് വിത നിര്‍വഹിച്ച ശേഷം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് ആറന്‍മുള കൃഷിയിറക്കുന്ന വിവരം മന്ത്രി അറിയിച്ചത്. 210 ഹെക്ടര്‍ വരുന്ന റാണിയില്‍ 1992 ലാണ് അവസാനമായി കൃഷിയിറക്കിയത്. 139.10 ഹെക്ടര്‍ നിലം 570 ഭൂവുടമകളുടെ പക്കലാണുള്ളത്. 81.16 ഹെക്ടര്‍ റവന്യൂ ഭൂമിയാണ്. റാണിചിത്തിര കായലുകളുടെ പുറംബണ്ട് 24.75 ലക്ഷം രൂപ മുടക്കി പൈല്‍ ആന്‍ഡ് സല്‍ബ് ഉപയോഗിച്ച് ബലപ്പെടുത്തിയിരുന്നു. റാണിചിത്തിരയില്‍ കൃഷിയിറക്കുന്നതിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി 13ാം ധനകാര്യ കമ്മിഷനില്‍ ഉള്‍പ്പെടുത്തി 3.69 കോടി രൂപ അനുവദിച്ചിരുന്നു. 90 ലക്ഷം രൂപ മുടക്കിയാണ് ഇരു കായലുകളിലേക്കും വൈദ്യുതിയെത്തിച്ചത്. 2014ല്‍ ചിത്തരയില്‍ കൃഷിയിറക്കിയിരുന്നു. റാണിക്കായലില്‍ കഴിഞ്ഞവര്‍ഷം കൃഷിയിറക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും സാങ്കേതികമായ കാരണങ്ങളാല്‍ നടന്നില്ല. തുടര്‍ന്ന് കൃഷി മന്ത്രി കായല്‍ സന്ദര്‍ശിച്ച് കൃഷിക്കുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. മുഞ്ഞ ഇലപ്പുള്ളി രോഗങ്ങളും വരിനെല്ലും മൂലം നെല്‍കൃഷി നശിച്ച കര്‍ഷകര്‍ക്ക് ഹെക്ടറിന് 30,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കൃഷി നശിച്ച കര്‍ഷകര്‍ക്ക് രണ്ടു ഘട്ടമായി 15,000 രൂപ വീതം നഷ്ടപരിഹാരം നല്‍കും. ഈയാഴ്ച ഉത്തരവിറങ്ങും. നഷ്ടം കൃത്യമായി നിജപ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കൃഷി വകുപ്പിനെ ചുമതലപ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ വിതരണം തുടങ്ങും.

image


റാണി കായല്‍ പാടശേഖരത്ത് നടന്ന ചടങ്ങില്‍ തോമസ് ചാണ്ടി എം.എല്‍.എ. ആധ്യക്ഷ്യം വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പി. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ്, കൈനകരി പഞ്ചായത്ത് പ്രസിഡന്റ് ഷീല സജീവ്, ബ്ലോക്ക്് പഞ്ചായത്തംഗം മധു സി. കുളങ്ങര, ഗ്രാമപഞ്ചായത്തംഗം സുശീല ബാബു, രാഷ്ട്രീയ കക്ഷി പ്രതിനിധി ഡി. ലക്ഷ്മണന്‍, റാണിചിത്തിര കായല്‍ പാടശേഖര സമിതി ഭാരവാഹികളായ എ. ശിവരാജന്‍, എ.ഡി. കുഞ്ഞച്ചന്‍, ജോസഫ് ചാക്കോ, അഡ്വ. വി. മോഹന്‍ദാസ്, ജോസ് ജോണ്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ജി. അബ്ദുള്‍ കരിം, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മധു ജോര്‍ജ്ജ് മത്തായി എന്നിവര്‍ പങ്കെടുത്തു.