അറിവുപകരാന്‍ മലകയറി സുരേഷ് ബി ചലഗേരി

0

കിലോമീറ്ററുകളോളം മലകയറേണ്ടി വന്നിട്ടും തളരാതെ അറിവിന്റെ വെളിച്ചം പകര്‍ന്ന് സുരേഷ് ബി ചലഗേരി. ഗോത്രവര്‍ഗക്കാരുടെ ഏക ആശ്രയമായ സ്‌കൂള്‍ അടച്ചുപൂട്ടാതിരിക്കാന്‍ എട്ട് വര്‍ഷത്തോളം മലകയറ്റം ശീലമാക്കുകയായിരുന്നു അധ്യാപകനായ സുരേഷ്. സുരേഷിന്റെ ആത്മാര്‍ത്ഥതകൊണ്ടു മാത്രമാണ് കര്‍ണാടകയിലെ ബൈരാപ്പുര ലോവര്‍ െ്രെപമറി സ്‌കൂള്‍ ഇന്നും പ്രവര്‍ത്തിക്കുന്നത്. എട്ട് കിലോമീറ്ററോളം പുസ്തകങ്ങളും കുട്ടികള്‍ക്കായുള്ള ഭക്ഷ്യസാധനങ്ങളുമായാണ് സുരേഷ് സ്‌കൂളിലെത്തുന്നത്.

കര്‍ണാടകയിലെ ഗഡാഗിലെ ഗജേന്ദ്രഗഡ താലൂക്കിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. വളരെ ശോചനീയമായ അവസ്ഥയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളിനെ നിലനിര്‍ത്താനും മെച്ചപ്പെട്ട രീതിയിലേക്ക് മാറ്റാനുമുള്ള സുരേഷിന്റെ പ്രയത്‌നം ഫലം കണ്ടു. പ്രസിദ്ധമായ കലകലേശ്വര്‍ ക്ഷേത്ത്രതിനടുത്തായാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഗോത്ര വര്‍ഗമായ ലമ്പാനി വിഭാഗത്തില്‍പ്പെട്ട പ്രദേശവാസികളില്‍ കൂടുതല്‍പ്പേരും ആട്ടിടയന്‍മാരായിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഇവരുടെ ഏക ആശ്രയമായിരുന്നു ബൈരാപ്പുര ലോവര്‍ െ്രെപമറി സ്‌കൂള്‍.

ഈ സ്‌കൂളിലേക്ക് സ്ഥലം മാറ്റം ലഭിച്ചപ്പോള്‍ സ്‌കൂള്‍ എവിടെയാണെന്നത് സംബന്ധിച്ച് സുരേഷിന് ഒരറിവും ഉണ്ടായിരുന്നില്ല. കലകലേശ്വര്‍ ക്ഷേത്രം മാത്രമായിരുന്നു സ്ഥലം കണ്ടെത്താനുള്ള ഏക മാര്‍ഗം. ബസ്സിറങ്ങിയ ശേഷം പലരോടും സ്‌കൂളിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് മല കയറുകയല്ലാതെ സ്‌കൂളിലെത്തിച്ചേരാന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്ന് മനസിലായത്.

ആദ്യം അത് ബുദ്ധിമുട്ടായി തൊന്നിയെങ്കിലും പിന്നീട് ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു. ചിലപ്പോള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം തയ്യാറാക്കാനുള്ള സാധനങ്ങളും ബുക്കുകളും മറ്റ് പഠനോപകരണങ്ങളും സ്‌കൂളിലെത്തിക്കേണ്ടിവന്നിട്ടുണ്ട്. ഈ കഴിഞ്ഞയിടക്ക് തനിക്കൊരു ടു വീലര്‍ ലഭിക്കുന്നതുവരെ കയറ്റം കയറിയാണ് ജോലിക്കെത്തിയിരുന്നതെന്ന് സുരേഷ് പറയുന്നു. സര്‍ക്കാര്‍ സ്‌കൂളായതിനാല്‍ കുട്ടികളെ നിലനിര്‍ത്തേണ്ടതിന്റെ ചുമതലയും സുരേഷില്‍ നിക്ഷിപ്തമായിരുന്നു. സ്‌കൂളില്‍ ആകെ ഉണ്ടായിരുന്നത് മൂന്ന് അധ്യാപകരാണ്. പ്രധാന അധ്യാപകന്‍ മുതല്‍ തൂപ്പുകാരന്റെ ചുമതലകള്‍ വരെ സുരേഷിന് ഏറ്റെടുക്കേണ്ടി വന്നു. 60 വിദ്യാര്‍ഥികളില്‍ ഒരാള്‍ പോലും കൊഴിഞ്ഞുപോകാതെ നിലനിര്‍ത്താന്‍ ബുദ്ധിമുട്ടി. എങ്കിലും സ്‌കൂള്‍ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാനാകുന്നതില്‍ സംതൃപ്തനാണ് സുരേഷ്.