ഐ.ടി. @ സ്‌കൂള്‍ വിക്ടേഴ്‌സില്‍ തിരുവോണദിനത്തില്‍ പത്ത് പുതിയ പരിപാടികള്‍

0

തിരുവോണ ദിനത്തില്‍ ഐ.ടി. @ സ്‌കൂള്‍ വിക്ടേഴ്‌സ് ചാനലില്‍ പത്ത് പുതിയ പരിപാടികള്‍ സംപ്രേഷണം ചെയ്യും. ഉത്രാട ദിനത്തില്‍ രാവിലെ ആറിന് 'തിരുവോണപ്പെരുമയും' ഒമ്പതിന് 'ഫോക് ഫെസ്റ്റും' 10.30 ന് 'മാവേലി വാണിടും കാലവും' ഉച്ചയ്ക്ക് പന്ത്രണ്ടിന് 2016ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാന ജേതാവും പരമ്പരാഗത ഗാന ചരിത്രത്തില്‍ നവീന ആശയ പ്രകാശനങ്ങള്‍ സൃഷ്ടിച്ച ബോബ് ഡിലനെക്കുറിച്ച് പ്രതിപാദിക്കുന്ന പരിപാടിയായ 'നൊബേല്‍ ലൊറേറ്റ്‌സും' വൈകുന്നേരം നാലിന് 'ഓണവില്ലും' ഏഴിന് ഓണപ്പാട്ടുകളും സംപ്രേഷണം ചെയ്യും.

തിരുവോണ ദിനത്തില്‍ രാവിലെ 6.30 ന് 'പാഠങ്ങള്‍ പടവുകളില്‍' പുതുവര്‍ഷവും ഏഴിന് 'ബാലസൂര്യനും' എട്ടിന് 'എന്റെ എഴുത്തുകാരും' ഒമ്പതിന് സംഗീതജ്ഞ ഡോ. കെ.ഓമനക്കുട്ടി, മുന്‍ ബാലഭവന്‍ പ്രിന്‍സിപ്പലും തിരുവനന്തപുരം ചെഷയര്‍ഹോം സെക്രട്ടറിയുമായ വിമലാ മേനോന്‍, കഥാകാരിയും ചിത്രകാരിയുമായ പത്മജാ രാധാകൃഷ്ണന്‍ എന്നിവരോടൊപ്പം ഓണത്തിന്റെ നല്ല അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന 'ഓണനിലാവും' ഉണ്ടാകും.

പതിനൊന്നിന് പ്രശസ്ത കവി കമുരുകന്‍ കാട്ടാക്കട പങ്കെടുക്കുന്ന 'ലുക്കിങ്ങ് അറ്റ് ദി മീഡിയയും' ഉച്ചയ്ക്ക് ഒന്നിന് ഓണമുറ്റത്തും വൈകുന്നേരം നാലരയ്ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍ കുമാര്‍ പങ്കെടുക്കുന്ന 'കുട്ടിച്ചോദ്യവും രാത്രി 8.30 ന് സൂര്യ സ്റ്റേജ് ഫിലിം സൊസൈറ്റിയുടെ സ്ഥാപകനും നാട്യകലാരൂപങ്ങളുടെ പ്രചാരകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി ഓണ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന 'കുട്ടികളോടൊപ്പ'വും സംപ്രേഷണം ചെയ്യും. അവിട്ട ദിനത്തില്‍ രാവിലെ 6.05. ന് നാടന്‍ പാട്ടുകളും 7.30 ന് 'ഓണക്കളിയാട്ടും' വൈകുന്നരം നാലരയ്ക്ക് 'പൊട്ടനാട്ടവും' രാത്രി പത്തിന് 'പടയണിക്കാലവും' ചതയ ദിനത്തില്‍ രാവിലെ 6.05 ന് 'ശ്രീനാരായണഗുരു' ഡോക്യുമെന്ററിയും സംപ്രേഷണം ചെയ്യും.