ഉത്തരവാദിത്ത ടൂറിസം: ദേശീയ ശില്‍പശാലയ്ക്ക് തുടക്കമായി  

0

ഉത്തരവാദിത്ത ടൂറിസം സംബന്ധിച്ച ദേശീയ ശില്‍പശാലയുടെ ഉദ്ഘാടനം സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ടൂറിസത്തിന്റെ സാധ്യതകള്‍ മനസിലാക്കി ജനകീയ പങ്കാളിത്തത്തിന് ഊന്നല്‍ നല്‍കിയാണ് ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 

പ്രാദേശികമായ ഉത്പാദനം വര്‍ധിപ്പിക്കാനുതകുന്ന നിരവധി പദ്ധതികള്‍ ഇതിന്റെ ഭാഗമായി ഉയര്‍ന്നുവന്നിട്ടുണ്ട്. പ്രാദേശിക സാമ്പത്തികവ്യവസ്ഥയ്ക്ക് ഇത് വലിയ ഉണര്‍വാണ് സമ്മാനിച്ചത്. ടൂറിസം വളര്‍ച്ചയ്ക്ക് സഹായകരമായ രീതിയില്‍ പദ്ധതി നടപ്പാക്കിയ മേഖലകളില്‍ പ്രാദേശികമായി ജനങ്ങളെ ശാക്തീകരിക്കാനും ഉത്പന്നങ്ങളുടെ വിപണനത്തിനും നടപടികള്‍ സ്വീകരിച്ചിരുന്നു. 

ഉത്തരവാദിത്ത ടൂറിസം പ്രോത്‌സാഹിപ്പിക്കുന്നതിന് ടൂറിസം വ്യവസായരംഗം മുഖ്യപങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. യു.എന്‍.ഡബ്‌ളിയു.ടി.ഒ പ്രോഗ്രാം ആന്റ് കോ-ഓര്‍ഡിനേഷന്‍ ചീഫ് ഫിലിപ്പ് ലെമൈസ്ട്രി വിശിഷ്ടാതിഥിയായിരുന്നു. ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍, കിറ്റ്‌സ് ഡയറക്ടര്‍ ഡോ. രാജശ്രീ അജിത്ത്, കിറ്റ്‌സ് പ്രിന്‍സിപ്പല്‍ ഡോ. ബി. രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.