പാരിസ് സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച പത്തൊന്‍പതുകാരി

0


ആഗോള താപനത്തെക്കുറിച്ചുള്ള പാരിസ് സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിച്ചത് എന്‍ജിനീയറിങ് രണ്ടാംവര്‍ഷ വിദ്യാര്‍ഥിയും 19 കാരിയുമായ യുഗ്‌രത്‌ന ശ്രീവാസ്തവയാണ്. ലോകഭൗമദിനമായ ഏപ്രില്‍ 22ന് നടന്ന ചടങ്ങില്‍ സംസാരിക്കാന്‍ ഐക്യരാഷ്ട്ര സംഘടന തിരഞ്ഞെടുത്ത ആറുപേരില്‍ ഒരാള്‍. അന്നാണ് ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും നിയന്ത്രിക്കുന്നതിന് ചിര്രപരമായ പാരിസ് ഉടമ്പടിയില്‍ 150 ലേറെ ലോകരാജ്യങ്ങള്‍ ഒപ്പുവച്ചത്.

ഇന്ത്യയുടെ ഗ്രീന്‍ ഗേള്‍ ആണ് യുഗ്!രത്‌ന. 2009 ല്‍ ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ ലോകത്തിലെ മുന്നൂറു കോടി വിദ്യാര്‍ഥികളെ പ്രതിനിധീകരിച്ച് പ്രസംഗിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ഉള്‍പ്പെടെ നൂറോളം ലോകനേതാക്കളെ സാക്ഷി നിര്‍ത്തിയാണ് യുഗ് രത്‌ന പ്രസംഗിച്ചത്.

2015 ഡിസംബറില്‍ പാരിസില്‍ നടന്ന കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസിലും യുഗ്!രത്‌ന പങ്കെടുത്തു. ആദ്യദിനത്തില്‍ ലോകനേതാക്കള്‍ക്കു മുന്നില്‍ അവള്‍ ഒരു അവതരണം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും അവിടെ സന്നിഹിതരായിരുന്നു. ഡിസംബര്‍ 7ന് പെറ്റിറ്റ് പലായിസില്‍ നടന്ന എര്‍ത്ത് ടു പാരിസ് സമ്മേളനത്തിനിടയില്‍ വച്ച് യുഎന്‍ സെക്രട്ടറി ബാന്‍ കി മൂണിനെ യുഗ് രത്‌നയ്ക്ക് അഭിമുഖം ചെയ്യാനുള്ള ഭാഗ്യവുണ്ടായി.

പാരിസില്‍ നടന്ന കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് (cop21) സമ്മേളനം മനസില്‍ തങ്ങിനില്‍ക്കുന്നതാണെന്നു യുഗ് രത്‌ന ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു. പാരിസ് ഉടമ്പടി ഒപ്പുവച്ചപ്പോള്‍ ലോകമെങ്ങും ഒരു വിജയം നേടിയതിന്റെ ആവേശമായിരുന്നുവെന്നും യുഗ് രത്‌ന പറഞ്ഞു.

പാരിസിലെ സമ്മേളനത്തില്‍ യുവാക്കളെയും സമൂഹത്തെയും പ്രതിനീധികരിച്ച് പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. നമ്മുടെ ശബ്ദത്തിനും വിലയുണ്ടെന്നു അറിയുമ്പോള്‍ കൂടുതല്‍ കരുത്ത് കിട്ടുന്നു. മറ്റെല്ലാം മാറ്റിവച്ച് വര്‍ധിച്ചുവരുന്ന താപനില കുറച്ചുകൊണ്ടുവരുമെന്നുള്ള പ്രതിജ്ഞ യാഥാര്‍ഥ്യമാക്കാന്‍ വേണ്ടി നാമെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും യുഗ് രത്‌ന പറഞ്ഞു.