നഗര ചുമരുകളില്‍ ഇനി ആര്‍ട്ടീരിയയുടെ രണ്ടാം ഘട്ടം

0

നഗരത്തിന്റെ ചുമരുകളില്‍ വര്‍ണചിത്രങ്ങളുടെ മനോഹാരിത തീര്‍ക്കാന്‍ ആര്‍ട്ടീരിയയുടെ രണ്ടാംഘട്ടം തുടങ്ങുന്നു. കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് സ്‌പോണ്‍സര്‍ ചെയ്ത് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് ആര്‍ട്ടീരിയ നടപ്പാക്കുന്നത്. 15000 ഓളം ചതുരശ്ര അടിയിലെ കെട്ടിടത്തിന്റെ ചുവരും ചുറ്റുമതിലിലുമായാണ് രണ്ടാം എഡിഷനില്‍ ചിത്രങ്ങള്‍ വരയ്ക്കുന്നത്. ഇതിനായി കലാസൃഷ്ടികള്‍ തിരഞ്ഞെടുക്കുന്നതിനുള്ള എന്‍ട്രികള്‍ ക്ഷണിച്ചു. ആര്‍ട്ടീരിയയുടെ ഒന്നാംഘട്ടമായി നഗരത്തില്‍ പലയിടങ്ങളിലും ചുമരുകള്‍ വര്‍ണ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്.

കനകക്കുന്ന് കൊട്ടാരത്തിന്റെ ചുറ്റുമതിലിലേക്ക് തിരുവിതാംകൂറിന്റെ ചരിത്രവുമായി ബന്ധപ്പെട്ട ചിത്രമാണ് രണ്ടാംഘടത്തിലേക്ക് തിരഞ്ഞെടുക്കുന്നത്. ഏതാണ്ട് 200 അടിയോളം നീളത്തിലും ആറടി പൊക്കത്തിലുമുള്ള സൃഷ്ടിയാണ് ഇവിടെ ആലേഖനം ചെയ്യപ്പെടുന്നത്. ടൂറിസം ഡയറക്ടറേറ്റിലെ ചുറ്റുമതില്‍ ഏതാണ്ട് 100 അടി നീളവും നാലടി ഉയരവും ഉള്ള മതിലും, 10 അടി പൊക്കവും 10 അടി വീതിയുമുള്ള കെട്ടിടത്തിന്റെ ചുവരും ചേര്‍ന്ന ഒറ്റചിത്രത്തിന്റെയും, തിരുവനന്തപുരം നഗരസഭയുടെ വശത്തുള്ള ഏതാണ്ട് 60 അടി ഉയരവും 30 അടി വീതിയും ഉള്ള ചിത്രത്തിന്റെയും ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഏതാണ്ട് 30 അടി നീളവും 25 അടി പൊക്കവും ഉള്ള ചിത്രത്തിന്റെയും വിഷയം സ്വതന്ത്രമാണ്. ഇതു കൂടാതെ മാസ്‌കറ്റ് ഹോട്ടലിന്റെ ചുറ്റുമതിലില്‍ ചുരുങ്ങിയത് 30 അടി നീളവും 8 അടി പൊക്കവുമുള്ള ഉത്തരവാദിത്ത ടൂറിസം എന്ന വിഷയത്തിലുള്ള രചനകളുടെയും എന്‍ട്രികളാണ് ക്ഷണിക്കുന്നത്. 2015 ഡിസംബര്‍ 30 ന് മുമ്പ് സെക്രട്ടറി, ഡി റ്റി പി സി, കവടിയാര്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ താല്പര്യമുള്ള വിഷയങ്ങളില്‍ സ്ഥലത്തിന് ആനുപാതികമായ വലിപ്പത്തിലുള്ള രേഖാചിത്രങ്ങള്‍, ചിത്രകാരന്റെ ബയോഡാറ്റ, ചിത്രത്തെക്കുറിച്ചുള്ള ഒരു ആശയവിവരണം എന്നിവക്കൊപ്പം എത്തിക്കണം.

ഒന്നിലധികം പേര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകള്‍ക്കും കലാവിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. എന്‍ട്രികളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ 2016 ജനുവരി 20 നുള്ളില്‍ സൃഷ്ടികള്‍ ചുവരില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന തരത്തിലായിരിക്കും രണ്ടാംഘട്ടം ആരംഭിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡി.റ്റി.പി.സി സെക്രട്ടറിയുമായി ബന്ധപ്പെടണം.