മണിക്ക് തുല്യം മണി മാത്രം.....

മണിക്ക് തുല്യം മണി മാത്രം.....

Wednesday March 09, 2016,

6 min Read


മണി ഒരിക്കല്‍ പറയുകയുണ്ടായി, ഞാന്‍ മരിച്ചാല്‍ മാധ്യമങ്ങള്‍ക്ക് തന്നെക്കുറിച്ച് ഒന്നരമാസം നീണ്ടുനില്‍ക്കുന്ന പരിപാടി വേണമെങ്കില്‍ ചെയ്യാനുണ്ടാകും. അഹങ്കാരത്തിന്റെയോ ആത്മപ്രശംസയുടേയോ ഭാഗമല്ല ഈ വാക്കുകള്‍. പച്ചയായ ഒരു മനുഷ്യന്‍ പറഞ്ഞ നഗ്നസത്യം മാത്രം. മണിക്ക് തുല്യം മണി മാത്രമായിരുന്നു. ചാലക്കുടിയിലെ മണിക്കൂടാരത്തിന് മുന്നില്‍ തടിച്ചുകൂടിയ ജനസാഗരം സാക്ഷ്യപ്പെടുത്തുന്നതും ഇതുതന്നെ. ഒരു വലിയ ശൂന്യത അവശേഷിപ്പിച്ചാണ് മണി കടന്നുപോയത്.

image


കലാഭവന്‍മണി ഏവരുടെയും നെഞ്ചിലെ കെടാനാളമായിരുന്നു. സഹായം ചോദിച്ച് അടുത്തെത്തിയവരെ മനസും വയറും നിറച്ചേ മണി തിരിച്ചയച്ചിട്ടുള്ളൂ. വിശപ്പിന്റെ വേദന അറിയാവുന്നവനേ വിശക്കുന്നവന്റെ വേദന മനസിലാക്കാനാകൂ. ഒരു ചെറിയ കാര്യം ചെയ്താല്‍ പോലും വാര്‍ത്തയാക്കി പ്രശസ്തി പിടിച്ചുപറ്റാന്‍ ഏതൊരാളും ശ്രമിക്കുന്ന ഇക്കാലത്ത് താന്‍ ചെയ്യുന്ന സഹായങ്ങളില്‍ ഒന്നുപോലും വാര്‍ത്തയാക്കാന്‍ മണി ശ്രമിച്ചിട്ടില്ല. വാര്‍ത്തയാക്കിയാല്‍ തന്നെ അത് ഒന്നോ രണ്ടോ പേജില്‍ ഒതുക്കാവുന്നതുമല്ല.

മണിയുടെ ജീവചരിത്രത്തില്‍നിന്നുള്ള ഏതാനും ഭാഗങ്ങള്‍

നമ്മുടെ ചാലക്കുടിയിലെ ചങ്ങാതി

image


ആറാം പ്രസവത്തിന് ചാലക്കുടി ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിയ അമ്മിണിയെ കണ്ട് ഡോക്ടര്‍ ഞെട്ടി. അഞ്ചാം പ്രസവത്തില്‍ ആണ്‍കുഞ്ഞിനെ ലഭിച്ച അമ്മിണിയുടെ പ്രസവം നിര്‍ത്തിയ ഡോക്ടര്‍ക്ക് മുന്നില്‍ അമ്മിണിയുടെ നിറവയര്‍ ചോദ്യച്ചിഹ്നമായി. ആശങ്കകള്‍ പുറത്തുകാണിക്കാതെ ഡോക്ടര്‍ അമ്മിണിയുടെ പ്രസവം ഏറ്റെടുത്തു. വേദനകള്‍ക്കൊടുവില്‍ അമ്മിണി ഒരു കറുത്തമുത്തിന് ജന്‍മമേകി. പിറന്നുവീണ അവന്‍ കരഞ്ഞില്ല. പകരം പൊട്ടിച്ചിരിച്ചു. ങ്യാഹാ...ഹ്...ഹാ.....

വറുതിയുടെ നൊമ്പരക്കാലമായിരുന്നു ഇന്നലെകളില്‍. പേരില്‍ തന്നെ 'മണി' ഉണ്ടായിരുന്നിട്ടും ഒരുമണിയരിയില്ലാത്ത ദാരിദ്ര്യത്തിലായിരുന്നു ആ നാളുകള്‍ കടന്നുപോയത്. കാലം മാറി, മണിയും. ഇന്ന് കലാഭവന്‍ മണി നിറഞ്ഞു ചിരിക്കുന്നു. മലയാളികളുടെ മനസ് കവര്‍ന്ന അതേ ചിരി. പക്ഷേ ആ ചിരിക്കുപിന്നില്‍, മനസിന്റെ ഏതോ കോണില്‍ ഇന്നലെകള്‍ നീറുന്ന നൊമ്പരമായി അവിടെത്തന്നെ ഉണ്ടാകും, കാലമെത്ര കടന്നുപോയാലും... മണി നമ്മളോടൊപ്പമുണ്ട്.

1971

ദാരിദ്ര്യത്തിന്റെ ചൂളംവിളികള്‍ക്ക് നടുവിലേക്ക് ഞാനും പിറന്നുവീണു. 71 ലെ പുതുവത്സരരാവില്‍. ചാലക്കുടിക്കാരന്‍ രാമന്റേയും, അമ്മിണിയുടേയും ആറാമത്തെ പുത്രനായി. നാല് പെണ്‍മക്കള്‍ക്ക് പിന്നാലെ ഒരു ആണിനെ ലഭിച്ച സന്തോഷത്തി ല്‍ അമ്മ പ്രസവം നിര്‍ത്തി. എന്നാല്‍ ചാലക്കുടി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് സംഭവിച്ച കയ്യബദ്ധത്തില്‍ ഭാഗ്യം സിദ്ധിച്ചത് എനിക്കായിരുന്നു. അങ്ങനെ ചാലക്കുടി ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്ക് പേരുദോഷമായി മണി ഭൂജാതനായി. അതിനുശേഷവും അമ്മ പ്രസവിച്ചു. ഒരുപക്ഷേ അനുജന്‍ രാമകൃഷ്ണന്റെ ജന്‍മവും ദൈവം തീരുമാനിച്ചതായിരിക്കണം.

image


ജീവിതം തുടങ്ങുന്നു

അച്ഛന്‍ രാമന് കൂലിപ്പണിയായിരുന്നു. ചാലക്കുടിക്കാരന്‍ കൃഷ്ണന്‍ മേനോന്റെ ഏക്കറുകണക്കിനു ഭൂമിയിലെ 13 രൂപ ദിവസ ശമ്പളക്കാരന്‍. ആ ശമ്പളത്തിലും ഞങ്ങളെ ഏഴുപേരെ അച്ഛന്‍ വളര്‍ത്തി. പെങ്ങന്‍മാരെ കെട്ടിച്ചുവിടേണ്ട ബാധ്യതയൊന്നും അച്ഛന്‍ ഞങ്ങള്‍ ആണ്‍മക്കള്‍ക്ക് തന്നില്ല. 15 സെന്റിലെ ഓരോ സെന്റും 3500 രൂപയ്ക്ക് വിറ്റാരുന്നു കല്യാണങ്ങള്‍. ബാക്കിയായ അഞ്ചു സെന്റിലെ ചാണകം മെഴുകിയ ഓലപ്പുരയില്‍ ഞങ്ങള്‍ ജീവിച്ചു. മഴപെയ്യുമ്പോള്‍ ഓലയ്ക്കിടയിലൂടെ ചന്നംപിന്നം വീഴുന്ന മഴത്തുള്ളികളെ ശേഖരിക്കാന്‍ ചില സമയത്ത് വീട്ടിലെ പാത്രങ്ങള്‍ തികയാറില്ലായിരുന്നു.

സന്ധ്യയായാല്‍ അപ്പുറത്തെ വീട്ടിലെ അന്തോണിചേട്ടന്റെ വീടിനുമുന്നിലെ സിമിന്റ് പാകിയ ഇറയത്ത് നിവര്‍ന്ന് കിടക്കും. 'സ്വര്‍ഗസ്ഥനായ പിതാവേ' എന്ന് തുടങ്ങുന്ന പ്രാര്‍ഥന തീരാനായി ഞാന്‍ കാത്തിരിക്കും. അന്തോണിചേട്ടന്റേയും കുടുംബത്തിന്റെയും പ്രാര്‍ഥന കഴിഞ്ഞാലുടന്‍ റേഡിയോ ഓണ്‍ ചെയ്യും. വയലും വീടും, ചേട്ടനും ചേട്ടത്തിയും... എന്റെ കലാസ്വാദനത്തിന്റെ ആദ്യ നാളുകള്‍.

അക്കാലത്ത് റേഡിയോ ഉള്ള ചുരുക്കം വീടുകളില്‍ ഒന്നായിരുന്നു അന്തോണിച്ചേട്ടന്റേത്. റേഡിയോ ഓണ്‍ ചെയ്യാനുള്ള കാത്തിരിപ്പ്, 'സ്വര്‍ഗസ്ഥനായ പിതാവേ' ഏത് ക്രിസ്ത്യാനിയേക്കാളും നന്നായി പാടാന്‍ എന്നെ പഠിപ്പിച്ചു. ആ പാട്ടായിരിക്കും കലയുടെ ആദ്യ തുടക്കം.

എട്ടുമണിയാകുമ്പോള്‍ വീട്ടില്‍ വേവിക്കുന്ന പയറിന്റേയും മുളകിന്റേയും മണം ഇറയത്തേക്ക് ഒഴുകിയെത്തും. പിന്നെ വീട്ടിലേക്ക് ഒറ്റ ഓട്ടമാണ്; അടുപ്പ് പുകയുന്ന സന്ധ്യക്ക്് വീട്ടിലെ 'ക്യൂവില്‍' പ്ലേറ്റുമായി ആറാം സ്ഥാനം പിടിക്കാന്‍. എഴുന്നേറ്റ് പോരുമ്പോള്‍ അന്തോണിച്ചേട്ടന്റെ ഇറയത്ത് എന്റെ രൂപം നിലത്ത് വരച്ചമാതിരിയുണ്ടാകും, വിയര്‍പ്പ് മൂലം. ഒരു സി.ബി.ഐ ഡയറിക്കുറുപ്പില്‍ ഡമ്മി താഴേക്കെറിഞ്ഞ് ചോക്കുവരച്ചുണ്ടാക്കുന്ന രൂപം പോലെ.

ഉച്ചഭക്ഷണം, സ്‌കൂളില്‍ കഞ്ഞിയുണ്ടാക്കാന്‍ വരുന്ന രാധചേച്ചിയുടെ വകയായിരുന്നു. സര്‍ക്കാര്‍ അരിച്ചാക്കുമായി വരുന്ന വണ്ടി കഞ്ഞിപ്പുരയിലേക്ക് വരാനുള്ള സാഹചര്യം സ്ഥലപരിമിതി കവര്‍ന്നെടുത്തു. സ്‌കൂള്‍ ഉമ്മറത്തേക്കു അരിച്ചാക്കുകള്‍ ചുമലില്‍ കയറ്റിയിറക്കിയതും കഞ്ഞിപ്പുരയിലെത്തിച്ചതും ഒരു കയറ്റിറക്കു തൊഴിലാളിയുടെ മെയ്‌വഴക്കത്തോടെയാണ്. അതിനു പ്രത്യുപകാരമെന്നോണം കഞ്ഞിക്കും പയറിനുമൊപ്പം 25 പൈസയുടെ അച്ചാറും രാധചേച്ചി സ്‌പെഷ്യലായി തരും.

പഠിക്കാന്‍ പിന്നിലായിരുന്നെങ്കിലും മറ്റെല്ലാത്തിലും ഞാന്‍ മുന്‍പന്തിയിലായിരുന്നു. ഓട്ടം, ചാട്ടം, ഫുട്‌ബോള്‍, മിമിക്രി, പദ്യ പാരായണം തുടങ്ങി എല്ലാറ്റിലും ഞാ ന്‍ കൈവച്ചു. സ്‌പോര്‍ട്‌സിലും, കലോത്സവങ്ങളിലും ജില്ലയിലും, സംസ്ഥാനത്തും സമ്മാനങ്ങള്‍ വാരിക്കൂട്ടി ഞാന്‍ സ്‌കൂളിന്റെ അഭിമാനമായി.

കലോത്സവത്തിന്റെ പല വേദികളിലും പലതിനും ഒന്നാം സ്ഥാനത്തേക്ക് ആദ്യം അനൗണ്‍സ് ചെയ്യുന്ന പേര് എന്റേതാവും. എന്നാല്‍ കയ്യൂക്കുള്ള രക്ഷിതാക്കളുടെ അന്നേയുള്ള കയ്യേറ്റം ഐന്റ സ്ഥാനങ്ങള്‍ പലതും രണ്ടും മൂന്നുമാക്കി.

പത്താംതരം

എങ്ങനെയൊക്കെയോ തട്ടിയും മുട്ടിയും പത്താം ക്ലാസിലെത്തി. ജീവിതത്തിലെ ആദ്യ പൊതു പരീക്ഷ. സര്‍ക്കാര്‍ കനിഞ്ഞു നല്‍കിയ 30 മാര്‍ക്കിന്റെ മോഡറേഷനും, എന്‍. സി. സിയും, സ്‌പോര്‍ട്‌സും, യുവജനോത്സവവും, എല്ലാം ചേര്‍ത്ത് നല്‍കിയ ഗ്രേസ് മാര്‍ക്കിനും ജയിക്കാന്‍ വേണ്ട 210 എന്ന കടമ്പയിലേക്ക് എന്നെ എത്തിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ നിരാശനായില്ല. അടുത്ത അവസരത്തിനായി കാത്തിരുന്നു. അതിനിടെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ അലി, രാജന്‍ എന്നീ ഓട്ടോറിക്ഷ മുതലാളിമാരുെട ഡ്രൈവറായി. വര്‍ഷം ഒന്ന് പിന്നിട്ടു. ജീവിതത്തിലെ രണ്ടാം പരീക്ഷ. എന്നാല്‍ 'വിപ്ലവം' സൃഷ്ടിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. വീണ്ടും എട്ടുനിലയില്‍ പൊട്ടി. മാര്‍ക്കിന്റെ വലിപ്പം പുറത്തുകാണിക്കാന്‍ പറ്റാത്ത അത്ര വലുതായിരുന്നു.

പത്താംക്ലാസെന്ന മോഹമുപേക്ഷിച്ച ഞാന്‍ വൈദ്യശാലകള്‍ക്കുവേണ്ടി കുറുന്തോട്ടി പറിക്കാന്‍ പോയി. എന്നിട്ടും വീട്ടില്‍ രണ്ടുനേരം തീപുകയില്ലെന്ന് ഉറപ്പായപ്പോള്‍ തെങ്ങുകയറ്റത്തിനും, മണല്‍വാരലിനും, കിണറുകുത്തിനും പോയി. അതിനിടെ ഇടയ്ക്കിടെ പൊതുപ്രവര്‍ത്തകന്റെ വേഷമണിഞ്ഞ് ചില സമരങ്ങളും സംഘടിപ്പിച്ചു. ചാലക്കുടിയുടെ സമഗ്ര വികസനമായിരുന്നു മീശ മുളയ്ക്കാത്ത കുട്ടിസഖാവായ എന്റെ മനസുനിറയെ.

image


വീണ്ടും പരീക്ഷാ കാലമെത്തി...മനസിലെവിടെയോ ഉപേക്ഷിച്ച ആഗ്രഹം വീണ്ടും മുളപൊട്ടി. ഒരു പത്താംക്ലാസുകാരനാകാന്‍ മനസ് വല്ലാതെ കൊതിച്ചു. വാശിയില്‍ പരീക്ഷ എഴുതി. മൂന്നാം അവസരത്തിലെ പരീക്ഷാഫലം എന്നെ മാത്രമല്ല, നാട്ടുകാരേയും ഒരുപോലെ ഞെട്ടിച്ചു. എനിക്ക് 500ലേറെ മാര്‍ക്ക്. റിസള്‍ട്ടിനൊപ്പം ബ്രായ്ക്കറ്റില്‍ പരീക്ഷാനടത്തിപ്പുകാര്‍ മറ്റൊരു കാര്യം കൂടി സൂചിപ്പിച്ചു:'കോപ്പി അടിച്ചതിനാല്‍ റിസള്‍ട്ട് തടഞ്ഞുവച്ചിരിക്കുന്നു!' അമ്മയാണേ സത്യം, ഞാന്‍ കോപ്പിയടിച്ചിട്ടില്ല. നേരത്തെ രണ്ട് പ്രാവശ്യം പരീക്ഷയെഴുതിയ ഞാന്‍ പാഠങ്ങള്‍ എല്ലാം കാണാപാഠമാക്കിയിരുന്നു. എന്നിട്ടും എന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്ത പരീക്ഷാഭവന്റെ നടപടി എന്നെ പ്രകോപിപ്പിച്ചു. പത്താംക്ലാസുകാരനാകാന്‍ ഏറെ കൊതിച്ച ഞാന്‍ എസ്.എസ്. എല്‍. സി ബുക്ക് പ്രതിഷേധത്തിന്റെ ഭാഗമായി പരീക്ഷാബോര്‍ഡിന് സമര്‍പ്പിച്ചു. 24 വര്‍ഷമായി എന്റെ എസ്.എസ്. എല്‍. സി ബുക്ക് സൂക്ഷിക്കുന്ന, മാറിമാറിവരുന്ന സര്‍ക്കാരിന് എന്റെ അഭിവാദ്യങ്ങള്‍!

കലയുടെ കളരിയിലേക്ക്

എസ്.എസ്. എല്‍. സി ബുക്ക് കയ്യില്‍ കിട്ടിയില്ലെങ്കിലും പോലീസില്‍ ചേരണമെന്നായിരുന്നു ആഗ്രഹം. സ്‌കൂളിലെ എന്‍. സി. സി. സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തി ല്‍ സി. ഐ. എസ്. എഫില്‍ അലക്കുകാരന്റെ പണി തരമായി. പഞ്ചാബിലേക്കായിരുന്നു ആദ്യ നിയമനം. അതിനാല്‍ ജോലിക്ക് പ്രവേശിക്കാതെ പഴയ പണികളുമായി പിന്നെയും മുന്നോട്ടുപോയി.

ആയിടയ്ക്ക് അല്ലറ ചില്ലറ മിമിക്രി വേദികളായിരുന്നു അധിക വരുമാനം തന്നത്്.ഒരിക്കല്‍ ഒരു പരിപാടി ഒത്തുകിട്ടി. ചാലക്കുടി മപ്രാണം ലാല്‍ ഹോസ്പിറ്റലിനു സമീപം. വെള്ള ജുബ്ബ അണിഞ്ഞ് സ്‌റ്റേജില്‍ പ്രവേശിച്ച എന്നെ വരവേറ്റത് നിര്‍ത്താത്ത കൂവലായിരുന്നു. ജുബ്ബാ ഹാങ്ങറില്‍ തൂക്കിയിട്ടിരിക്കുന്നതാരാ എന്നുവരെ ചില വിരുതന്‍മാര്‍ വിളിച്ചുചോദിച്ചു. എന്നാല്‍ ഞാനവരോട് ഒരു അഭ്യര്‍ഥന നടത്തി.'രൂപം കണ്ട് നിങ്ങള്‍ എന്നെ കൂവി തോല്‍പ്പിക്കരുത്. പരിപാടി ഇഷ്ടപ്പെട്ടാല്‍ മാത്രം കയ്യടിച്ചാല്‍ മതി''. അതേറ്റു.പരിപാടി തുടങ്ങി. പിന്നെ നിലയ്ക്കാത്ത കയ്യടി.

പരിപാടിക്കുശേഷം തൃശൂര്‍പീറ്റര്‍ എന്നെ കണ്ടു. 'കലാഭവനില്‍' ചേരാന്‍ താല്‍പര്യമുണ്ടോ എന്നന്വേഷിച്ചു. അക്കാലത്തെ എന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങളില്‍ ഒന്നായിരുന്നു കലാഭവന്‍. ഞാന്‍ പീറ്ററിനെ തൊഴുതു.

ഒരാഴ്ച കടന്നുപോയി. എന്റെ പ്രതീക്ഷകള്‍ ഏതാണ്ട് അസ്തമിച്ചു. ഓട്ടോറിക്ഷ ഓടിക്കല്‍ സജീവമായി. ഒരു ദിവസം ചാലക്കുടി ജംഗ്ഷനില്‍ സവാരിക്കു കാത്തിരുന്ന എന്റെ സമീപത്തേക്ക് ഒരു മഞ്ഞ കാര്‍ഡുമായി പോസ്റ്റുമാന്‍ എത്തി. കലാഭവനില്‍ ഇന്റര്‍വ്യൂവിന് ക്ഷണം. ആയിരം പൂത്തിരികള്‍ മനസില്‍ ഒരുമിച്ച് കത്തി. വേലായുധന്‍ ചേട്ടന്റെ വര്‍ക്ക്‌ഷോപ്പില്‍ വണ്ടി ഒതുക്കി, കാക്കി വേഷത്തില്‍ തന്നെ ചാലക്കുടി കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിലേക്ക് ഒരോട്ടമായിരുന്നു.

എറണാകുളം കലാഭവനില്‍ എത്തി. ഇന്റര്‍വ്യൂ ചെയ്യാനിരിക്കുന്നവരുടെ നിര കണ്ട് ഞെട്ടി. അന്‍സാര്‍ കലാഭവന്‍, കെ.എസ്. പ്രസാദ്, നാരായണന്‍കുട്ടി, കലാഭവന്‍ റഹ്മാന്‍. സിംഹമടയിലേക്ക് പ്രേവശിച്ച മാന്‍പേടയുടെ അവസ്ഥയില്‍ ഞാന്‍ നിന്നു. ചോദ്യശരങ്ങള്‍ ആരംഭിച്ചു. ശബ്ദാനുകരണത്തിന്റെ സമയമായി. കോളിംഗ് ബെല്‍ ശബ്ദമാണ് ഞാന്‍ അനുകരിച്ചത്. ആ ശബ്ദത്തിന്റെ പ്രതിധ്വനി കലാഭവന്റെ ഭിത്തികളില്‍ ആഞ്ഞടിച്ചു. ആബേലച്ചന്‍ ഓടിവന്നു.

'മിമിക്‌സ്പരേഡ്' സിനിമയില്‍ ഇന്നച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തെപ്പോലെ തലയാട്ടി എന്നെ അരികിലേക്ക് വിളിച്ചു. തോളില്‍ കൈവച്ചു. എനിക്ക് കുറേസമയത്തേക്ക് സ്ഥലകാലബോധം ഉണ്ടായില്ല. എന്തെന്നാല്‍ കലാഭവനിലേക്ക് തിരഞ്ഞെടുത്ത വാര്‍ത്ത എന്റെ സ്വബോധത്തിന് താങ്ങാന്‍ പറ്റുന്നതിലുമപ്പുറമായിരുന്നു. അങ്ങനെ ചാലക്കുടിക്കാരന്‍ മണി, കലാഭവന്‍ മണിയായി.

സിനിമയിലേക്ക്

ചാലക്കുടി പള്ളിയുടെ തിരുമുറ്റമായിരുന്നു ഞങ്ങള്‍ കൂട്ടുകാരുടെ സൊറ പറച്ചിലിന്റെ താവളം. ടോണി, പച്ചക്കറി ജോസ്, പട്ടുകുട ഷാജു, തോമസ് അങ്ങനെ ഒരുപറ്റം ചെറുപ്പക്കാര്‍. പള്ളിക്കു സമീപമായിരുന്നു ചാലക്കുടി ചന്ത. അവിടെ കോഴി വാങ്ങാന്‍ സ്ഥിരമായി ലോഹിസാറും ഭാര്യ സിന്ധുവും വരാറുണ്ടായിരുന്നു. ആ സമയത്തെല്ലാം കൂട്ടുകാര്‍ പറയും, ലോഹിസാറിനെ കണ്ട് സിനിമയിലേക്ക് അവസരം ചോദിക്കാന്‍. എന്നാല്‍ അപകര്‍ഷതാബോധം എന്നെ അതിന് അനുവദിച്ചില്ല.

ഇടയ്‌ക്കെപ്പോഴോ ഒരു തമിഴ് സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വേഷം ലഭിച്ചു. മുഖം കാണാന്‍പോലും പറ്റാത്ത ചെറിയ വേഷം. ക്യാപ്റ്റന്‍ പ്രഭാകരന്‍. അന്ന് വിജയകാന്ത,് ഷൂട്ടിംഗിന്റെ ഇടവേളകളില്‍ ഞാന്‍ കാണിക്കുന്ന നമ്പറുകള്‍ വീഡിയോയില്‍ പകര്‍ത്തി. മോശം പറയരുത് എനിക്ക് 150 രൂപ പ്രതിഫലം കിട്ടി. കൂടെ വയറുനിറച്ച് ശാപ്പാടും.

അതിനുമുന്‍പ് എനിയ്ക്ക് ലഭിച്ച വലിയ ഒരു പ്രതിഫലമുണ്ട്. 87ലെ സ്‌കൂള്‍ യുവജനോത്സവത്തില്‍ മന്ത്രി കെ. ചന്ദ്രശേഖരന്‍ സാറിന്റെ കയ്യില്‍ നിന്ന് മേടിച്ച 500 രൂപയുടെ ക്യാഷ് അവാര്‍ഡ്. അന്ന് അച്ഛന്‍ മൂത്രത്തില്‍ പഴുപ്പായി ചാലക്കുടി ആശുപത്രിയില്‍. കൊല്ലത്തുനിന്നു ചാലക്കുടി വരെ നെഞ്ചോടടുക്കിപ്പിടിച്ചു കൊണ്ടുവന്ന ആ വലിയ തുകയില്‍ നിന്നു 50 രൂപ കൊടുത്ത് ഞാന്‍ അച്ഛനു മരുന്ന് വാങ്ങി. അച്ഛന്‍ സുഖമായി വീട്ടില്‍ തിരിച്ചെത്തി.

ബാക്കി കാശിന് എന്റെ വലിയ രണ്ട് മോഹങ്ങള്‍ ഞാന്‍ പൂവണിയിച്ചു. അച്ഛന്റെ കൂട്ടുകാരന്‍ ശങ്കരേട്ടന്റെ കയ്യില്‍ നിന്നും 75 രൂപയ്ക്ക് ദോശക്കല്ലിന്റെ വലിപ്പമുള്ള ഒരു വാച്ച് വാങ്ങി. ഒപ്പം കുറച്ച് കാശിന് ഒരു പഴയ സൈക്കിളും. സൈക്കിള്‍ വീട്ടില്‍കൊണ്ടുവന്ന് പെയിന്റടിച്ച് ചാലക്കുടി മൊത്തം കറങ്ങി. ഒരു പക്ഷേ ഇന്ന് ബെന്‍സ് കാര്‍ ഓടിച്ചാല്‍ പോലും ആ സുഖം കിട്ടില്ല.

ബാക്കി വന്ന കാശ് സൂക്ഷിച്ചുവെക്കാന്‍ എന്റെ ബയോളജി ബുക്ക് ലോക്കറാക്കി. ബുക്കിന്റെ താളുകള്‍ക്കിടയില്‍ നോട്ട് ഒട്ടിപ്പിടിക്കാതിരിക്കാന്‍ പൗഡറിട്ട് നോട്ടുകള്‍ അടുക്കിവച്ചു. അതിനുശേഷം ഒരു പായില്‍ പൊതിഞ്ഞ് വീട്ടുമുറ്റത്ത് സൂക്ഷിച്ചു..എന്റെ സമ്പാദ്യം സൂക്ഷിച്ച ആദ്യ അലമാര.....