മൃതസഞ്ജീവനി പുതിയ അധ്യായത്തിലേക്ക്

0

മരണാന്തര അവയവദാന പദ്ധതിയാണ് കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ് അഥവാ മൃതസജ്ജീവനി. മൃതസഞ്ജീവനി വഴിയാണ് കേരളത്തില്‍ അവയവദാനം നടത്തുന്നത്. 1994ല്‍ ലോകസഭ പാസാക്കിയ നിയമം അടിസ്ഥാനമാക്കി ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ഭാഗമായാണ് മൃതസഞ്ജീവനിക്ക് സംസ്ഥാനത്ത് തുടക്കം കുറിച്ചത്. അവയവമാറ്റത്തിന് സംവിധാനവും ലൈസന്‍സും ഉള്ള ആശുപത്രികള്‍ വഴി മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കേരളത്തിലെ സര്‍ക്കാര്‍സ്വകാര്യ ആശുപത്രികളില്‍ മസ്തിഷ്‌കമരണം സംഭവിച്ചാല്‍ മൃതസഞ്ജീവനിയില്‍ അറിയിക്കുന്നു. മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ കുടംബാംഗങ്ങളുടെ സമ്മതത്തോടെ പ്രവര്‍ത്തനസജ്ജമായ അവയവം എടുക്കുന്നതും സര്‍ക്കാര്‍ ലിസ്റ്റില്‍ കാത്തിരിക്കുന്നവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ നല്‍കുന്നതും മൃതസഞ്ജീവനി വഴിയാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് മൃതസഞ്ജീവനി ടീം. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവാണ് ഈ പദ്ധതിയുടെ സംസ്ഥാന കണ്‍വീനര്‍. ഡോ. നോബിള്‍ ഗ്രേഷ്യസ് നോഡല്‍ ഓഫീസറും അനീഷ് പി.വി., വിനോദ്കുമാര്‍, ശരണ്യ എസ്. എന്നിവര്‍ ട്രാന്‍സ്പ്ലാന്റ് കോഓര്‍ഡിനേറ്റര്‍മാരുമാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായി നടുവരു വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ എല്ലാവിധ അത്യാധുനിക സജ്ജീകരണങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ആരോഗ്യ വകുപ്പു മന്ത്രി വി.എസ്. ശിവകുമാറിന്റെ പ്രത്യേക താത്പര്യ പ്രകാരമാണ് ഈ സജ്ജീകരണങ്ങള്‍ മെഡിക്കല്‍ കോളേജില്‍ സാധ്യമാക്കിയത്. സര്‍ക്കാര്‍ മേഖലയിലെതന്നെ ആദ്യത്തെ സംരംഭമാണിത്. സര്‍ക്കാരിന്റെ ഫണ്ട് ലഭിച്ച് ചുരുങ്ങിയ കാലത്തിനുള്ളില്‍ ഈ സംരംഭം പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിഞ്ഞത് വലിയൊരു നേട്ടമാണ്. 20 മുതല്‍ 30 ലക്ഷം രൂപവരെ ചെലവുവരുന്ന കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സര്‍ക്കാര്‍ മേഖലയില്‍ക്കൂടി പ്രാവര്‍ത്തികമാകുന്നതോടെ സാധാരണക്കാരന് താങ്ങാവുന്ന നിരക്കില്‍ ഇത് ചെയ്യാന്‍ കഴിയും.

ഒരു അവയവം കിട്ടിക്കഴിഞ്ഞാല്‍ അത് രോഗിക്ക് ചേരുമോയെന്ന് ഒത്തുനോക്കേണ്ടത് വളരെ അത്യാവശ്യമാണ്. വൃക്ക മാറ്റിവയ്ക്കലിന് ഏറ്റവും പ്രധാനപ്പെട്ടതാണ് എച്ച്.എല്‍.എ ലാബ്. ദാതാവിന്റെയും സ്വീകര്‍ത്താവിന്റെയും അവയവങ്ങളുടെ ചേര്‍ച്ച നിര്‍ണ്ണയിക്കുന്നത് ഈ ലാബിലൂടെയാണ്. ഇപ്പോള്‍ കേരളത്തിലെ ചുരുക്കം ചില സ്വകാര്യ ആശുപത്രികളില്‍ മാത്രമേ ഈ ലാബ് നിലവിലുള്ളൂ. ഒരു സര്‍ക്കാരാശുപത്രിയില്‍ ആദ്യമായാണ് ഇത്തരമൊരു ലാബ് വരുന്നത്. 70 ലക്ഷത്തോളം രൂപമുടക്കിയാണ് ഈ സര്‍ക്കാര്‍ സംരംഭം ഒരുക്കിയിരിക്കുന്നത്. ഈ ലാബ് പ്രവര്‍ത്തിക്കുന്നതോടെ അവയവമാറ്റത്തിനായി കാത്തിരിക്കുന്ന നിരവധി രോഗികള്‍ക്ക് തുശ്ചമായ ചെവലില്‍ വളരെ വേഗത്തില്‍ ക്രോസ്മാച്ചിംഗ് നടത്താവുന്നതാണ്.

ഏറ്റവും സങ്കീര്‍ണമായ ശസ്ത്രക്രിയകളില്‍ ഒന്നാണ് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ഒരാളുടെ വൃക്ക പൂര്‍ണമായും പ്രവര്‍ത്തിച്ചില്ലെങ്കിലും ഡയാലിസിസ് ചെയ്താലും ജീവന്‍ നിലനിര്‍ത്താനാകും. എന്നാല്‍ കരളിന്റെ പ്രവര്‍ത്തനത്തിന് ഡയാലിസിസ്‌പോലെ പകരം സംവിധാനമില്ലാത്തതിനാല്‍ വളരെ സൂക്ഷ്മതയോടെ മാത്രമേ ദാതാവിനേയും സ്വീകര്‍ത്താവിനേയും തീരുമാനിക്കാന്‍ സാധിക്കുകയുള്ളൂ.

മസ്തിഷ്‌കമരണം സംഭവിച്ചയാളുടെ കരളാണ് അനുയോജ്യമായ രോഗിക്കായി എടുക്കുന്നത്. വളരെ സസൂക്ഷ്മം ചെയ്യുന്ന ഈ ശസ്ത്രക്രിയയ്ക്ക് വളരെയേറെ അത്യാധുനിക ഉപകരണങ്ങള്‍ ആവശ്യമാണ്. ഇതിനായി മൂന്നര കോടി മുടക്കി 21 ഉപകരണങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ശസ്ത്രക്രിയയ്ക്ക് ശേഷവും രോഗിക്ക് തീവ്ര പരിചരണം ആവശ്യമാണ്. ഇത് മുന്നില്‍ കണ്ടാണ് അത്യാധുനിക സംവിധാനത്തോടെ 27 ലക്ഷം രൂപ മുടക്കി ഐ.സി.യു. സജ്ജമാക്കിയിരിക്കുന്നത്. ഇതോടൊപ്പം 11 ലക്ഷം രൂപ വീതം വിലയുള്ള രോഗികള്‍ക്കാവശ്യമായ മരുന്നുകളടങ്ങിയ ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ കിറ്റുകളും ഒരുക്കിയിട്ടുണ്ട്. ഈ പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ അനേകം രോഗികള്‍ക്ക് മൃതസഞ്ജീവനി വഴി കരള്‍ മാറ്റിവയ്ക്കാന്‍ കഴിയും. മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ അനുയോജ്യമായ കരള്‍ കിട്ടുക എന്നതാണ് പ്രധാനം. അത് കിട്ടുന്ന മുറയ്ക്ക് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് കഴിയും.