വെള്ളിത്തിരയില്‍ ദസ്തയേവ്‌സ്‌കിയും അന്നയും പുനര്‍ജനിച്ചു

വെള്ളിത്തിരയില്‍ ദസ്തയേവ്‌സ്‌കിയും അന്നയും പുനര്‍ജനിച്ചു

Monday November 21, 2016,

2 min Read

നീണ്ട ഒന്നര നൂറ്റാണ്ടിനിപ്പുറം പ്രണയത്തിന്റെ ദിനങ്ങള്‍ സ്മരിച്ച് ദസ്തയേവ്‌സ്‌കിയും അന്നയും പുനര്‍ജനിച്ചു. പ്രണയത്താല്‍ തളിരിട്ട സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ ദിനങ്ങളെ കാലം പുനരവതരിപ്പിച്ചു. അവര്‍ അറിയാതെ അവരെ അടുത്തുനിന്ന് കാണാന്‍ കാലത്തെയും ദൂരത്തെയും പിന്നിലാക്കി ദസ്തയേവ്‌സ്‌കിയെ മലയാളത്തിനു സമ്മാനിച്ച സാഹിത്യകാരന്‍ പെരുമ്പടവം ശ്രീധരനുമെത്തി. ആ അതുല്യസംഗമത്തിനു ഹ്രസ്വചിത്ര നിര്‍മാതാവും സംവിധായികയുമായ ഷൈനി ജേക്കബ് ബെഞ്ചമിന്‍ രംഗഭാഷ ചമച്ചപ്പോള്‍ പ്രതിഭാധനനായ ഒരെഴുത്തുകാരന്‍ തന്റെ തന്റെ തൂലികയിലൂടെ മുന്‍ഗാമിയായ മറ്റൊരു വിഖ്യാത എഴുത്തുകാരനെ കണ്ടെടുക്കും പോലെയായി.

image


' ഒരു സങ്കീര്‍ത്തനം പോലെ ' പുറത്തിറങ്ങി 23 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് പെരുമ്പടവം ശ്രീധരന്‍ റഷ്യയിലെത്തുന്നത്. അതും ആ നോവലിനെയും അതിലെ കേന്ദ്രകഥാപാത്രമായ ദസ്തയേവ്‌സ്‌കിയെയും മുന്‍നിര്‍ത്തി തയാറാക്കുന്ന ഹ്രസ്വചിത്രത്തിന്റെ ഭാഗമാകാന്‍. സാഹിത്യകാരന്‍ സക്കറിയുടെ തിരക്കഥയില്‍ സംവിധായികയായ ഷൈനി ജേക്കബ് ആ യാത്രയെ ' പകരം ഒരു പുസ്തകം മാത്രം ' (ഇന്‍ റിട്ടേണ്‍ ജസ്റ്റ് എ ബുക്ക്) എന്ന ഹ്രസ്വചിത്രത്തിലൂടെ വേറിട്ടതാക്കുന്നു. ഇന്നലെ തിരുവനന്തപുരം കലാഭവന്‍ തിയറ്ററിലെ നിറഞ്ഞ സദസില്‍ ചിത്രം ആദ്യമായി പ്രദര്‍ശിപ്പിച്ചു.

image


എറണാകുളം ജില്ലയിലെ പെരുമ്പടവം ഗ്രാമത്തില്‍ നിന്നാണു ചിത്രം തുടങ്ങുന്നത്. ദസ്തയേവ്‌സ്‌കിയെ ഭാവനയില്‍ കണ്ട് പെരുമ്പടവം കോറിയിട്ട അതുല്യ വരികളിലൂടെ ആ യാത്ര കാതങ്ങള്‍ പിന്നിട്ട് അകലെ റഷ്യയിലേക്ക്. അവിടെ തന്റെ പ്രിയപ്പെട്ട നായകന്റെ ജീവിതസംഘര്‍ഷങ്ങളെ കഥാകാരന്‍ തൊട്ടറിയുന്നു. ദസ്തയേവ്‌സ്‌കിയുടെ ജീവിതത്തിലെ 21 പ്രണയദിനങ്ങളാണ് നോവലില്‍ അദ്ദേഹം അവതരിപ്പിച്ചത്. ഒരു സങ്കീര്‍ത്തനം പോലെ യുടെ താളുകള്‍ തന്റെ നായകന്റെ ആത്മാവ് അലിഞ്ഞുചേര്‍ന്ന മണ്ണില്‍ എഴുത്തുകാരന്‍ നിവേദ്യമായി സമര്‍പ്പിക്കുമ്പോള്‍ ചിത്രം അവസാനിക്കും.

image


സോമാ ക്രിയേഷന്‍സിന്റെ ബാനറില്‍ ബേബി മാത്യു സോമതീരം നിര്‍മിച്ച ഹ്രസ്വചിത്രത്തില്‍ റഷ്യന്‍ തിയറ്റര്‍ ആര്‍ട്ടിസ്റ്റുകളായ ഒക്‌സാനാ കര്‍മിഷിനാ, വാള്‍ഡിമര്‍ പോസ്റ്റ്‌നിക്കോവ് എന്നിവരാണ് ദസ്തയേവ്‌സ്‌കിയെയും അന്നയെയും അവതരിപ്പിക്കുന്നത്. കലാഭവന്‍ തിയറ്ററില്‍ നടന്ന പ്രദര്‍ശനം കാണാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരെത്തി.