ആശ്വാസമായി ഡ്രൈവേഴ്‌സ് കാര്‍ട്ട്

0

നിങ്ങള്‍ക്ക് സ്വന്തമായി ഒരു കാര്‍ ഉള്ളവരാണോ? നിരവധി സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് വാഹനം ഓടിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടായിട്ടില്ലേ, അതല്ലെങ്കില്‍ നിങ്ങളില്ലാത്ത സമയം കുടുംബാംഗങ്ങളെ എവിടെയെങ്കിലും കൊണ്ടാക്കേണ്ടതായി വരാറില്ലേ? ഇനി ഇത്തരം ആശങ്കള്‍ക്കൊക്കെ പരിഹാരമുണ്ട്. ഡ്രൈവേഴ്‌സ് കാര്‍ട് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ചുരുങ്ങിയ സമയം കൊണ്ട് വിശ്വസ്തരായ ഡ്രൈവര്‍മാരെ നിങ്ങള്‍ക്കെത്തിച്ച് തരും. ചെന്നൈ ആസ്ഥാനമാക്കിയാണ് നിലവില്‍ ഇതിന്റെ പ്രവര്‍ത്തനം.

ആവശ്യത്തിനനുസരിച്ച് ഡ്രൈവര്‍മാരെ നല്‍കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണിത്. ഒരു ഡ്രൈവറെ ബുക്ക് ചെയ്യുക മാത്രമേ നിങ്ങള്‍ ചെയ്യേണ്ടതുള്ളൂ. ഒരു വൈകുന്നേരം തന്റെ സുഹൃത്തുക്കളുമൊത്ത് സംസാരിക്കുന്നതിനിടയിലാണ് സാക്ഷം ഗ്രോവറിന് ഇത്തരം ഒരു ആശയം മനസില്‍ തോന്നിയത്. ഒരിക്കല്‍ തന്റെ ഒരു സുഹൃത്ത് മദ്യപിക്കാന്‍ വിസമ്മതിച്ചു. സുഹൃത്തിന് വാഹനം ഓടിക്കേണ്ടതിനലാണ് മദ്യപിക്കാന്‍ വിസമ്മതിച്ചത്.

ഇതിനിടെയാണ് ഡ്രൈവര്‍മാരെക്കുറിച്ച് ഒരു ആശയം സാക്ഷമിന്റെ മനസില്‍ തോന്നിയത്. ഇത്തരം ഒരു പദ്ധതിക്ക് നിരവധി സാധ്യതകളുണ്ടെന്ന് സാക്ഷം മനസിലാക്കി. കുടുംബാംഗങ്ങളെ എവിടെയെങ്കിലും കൊണ്ടാക്കേണ്ടി വരുമെങ്കിലോ, ഒരു തിരക്കേറിയ സ്ഥലത്ത് പാര്‍ക്കിംഗ് സ്ഥലം കണ്ടുപിടിക്കേണ്ടി വരുമെങ്കിലോ എല്ലാം ഈ സേവനം പ്രയോജനപ്പെടുത്താം. ചെറിയ സമയത്തിനുള്ളില്‍ ഡ്രൈവര്‍മാരെ ലഭ്യമാക്കുന്നു എന്നത് ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് സാക്ഷം മനസിലാക്കി.

വിനിത് ശ്രീവാസ്തവയും ലക്ഷ്മി പോട്‌ലുറിയും ഇതുപോലെ സമാന സംരംഭം തുടങ്ങാന്‍ പദ്ധതിയിടുകയായിരുന്നു. ബാഡ്മിന്റന്‍ സുഹൃത്തുക്കളായ സാക്ഷമും വിനിതും ഇതേക്കുറിച്ച് ഒരിക്കല്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. അങ്ങനെ മൂന്നുപേരും ചേര്‍ന്ന് ഡ്രൈവേഴ്‌സ് കാര്‍ട്ട് രൂപീകരിക്കുകയായിരുന്നു.

പരിചയ സമ്പന്നരായ ഡ്രൈവര്‍മാരെയാണ് തങ്ങള്‍ നല്‍കുന്നത്. യാത്രക്കാരെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുമെന്ന് മാത്രമല്ല നിങ്ങളുടെ വാഹനങ്ങളെയും സംരക്ഷിക്കും. യാത്രക്കാര്‍ക്ക് സുരക്ഷിതത്വത്തോടെയും സമാധാനത്തോടെയും യാത്ര ചെയ്യാം. യാത്ര ചെയ്യുന്ന മിനിട്ടുകളുടെ അടിസ്ഥാനത്തിലാണ് ഡ്രൈവര്‍മാര്‍ക്കുള്ള കൂലി നിശ്ചയിക്കുന്നത്: സാക്ഷം പറയുന്നു.

സ്വന്തം കാറില്‍ യാത്ര ചെയ്യണം, എന്നാല്‍ വാഹനം സ്വയം ഓടിക്കാന്‍ തയ്യാറല്ല

ഓഫീസിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും പോകണം, എന്നാല്‍ യാത്രക്കിടെ നിരവധി കാര്യങ്ങള്‍ ചെയ്യേണ്ടതായുണ്ട്.

ഷോപ്പിംഗ് മാളുകളിലും ആശുപത്രികളിലും ആരാധനാലയങ്ങളിലും പോകേണ്ടവരാണ്. എന്നാല്‍ അവിടങ്ങളില്‍ പാര്‍ക്കിംഗ് സ്ഥലം തിരഞ്ഞുനടക്കാന്‍ വയ്യ

ആഘോഷവേളകളില്‍ പങ്കെടുക്കുന്നവര്‍, ആഘോഷങ്ങള്‍ക്കിടെ മദ്യപിക്കുന്നതിനാല്‍ വാഹനം ഓടിക്കാന്‍ തയ്യാറല്ല

കുടുംബത്തില്‍ അച്ഛനും അമ്മയും ജോലിക്ക് പോകേണ്ടവരാണ്. ഇതിനിടെ കുട്ടികളെ സ്‌കൂളിലും മറ്റും എത്തിക്കാന്‍ സമയമില്ല

ഇങ്ങനെയുള്ളവര്‍ക്കാണ് ഡ്രൈവേഴ്‌സ് കാര്‍ട്ടിന്റെ പ്രയോജനം ലഭിക്കുന്നത്. മൊബൈലില്‍ പ്ലേ സ്റ്റോറിലും ആപ്ലിക്കേഷന്‍ സ്റ്റോറിലും ഇതിനുള്ള ആപ്ലിക്കേഷന്‍ ഉണ്ട്. ആവശ്യപ്പെടുന്ന സ്ഥലവും ആവശ്യമുള്ള സമയവും കാണിക്കണം. ഈ അപേക്ഷ ഓപ്പറേഷന്‍ ടീം പരിശോധിക്കുകയും അതനുസരിച്ച് ഡ്രൈവര്‍മാരെ നല്‍കുകയും ചെയ്യും. യാത്രക്കുള്ള സമയവും അതിനനുസരിച്ചുളള ബില്ലിംഗും എല്ലാം ആട്ടോമറ്റിക്കായി തന്നെ നടക്കും. യാത്ര അവസാനിച്ചാല്‍ ചാര്‍ജിന്റെ വിവരങ്ങള്‍ അടങ്ങിയ എസ് എം എസ് ഡ്രൈവര്‍ക്കും കസ്റ്റമര്‍ക്കും കിട്ടും.

ക്യാഷ്‌ലെസ് ട്രാന്‍സാക്ഷനും ഡ്രൈവേഴ്‌സ് കാര്‍ട്ടില്‍ അവസരമുണ്ട്. ഓണ്‍ലൈന്‍ വഴി പേയ്‌മെന്റിനുള്ള സൗകര്യമുണ്ട്. ഒരു നീണ്ട സമയത്തേക്ക് ഡ്രൈവര്‍മാരെ ആവശ്യപ്പെടുന്നവര്‍ക്കായി ഇന്‍സ്റ്റാമോജോ എന്ന സ്ഥാപനവുമായി പാര്‍ട്‌നര്‍ഷിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. തങ്ങളുടെ ഡ്രൈവര്‍മാര്‍ തന്നെയാണ് തങ്ങളുടെ ഏറ്റവും വലിയ ആസ്തിയെന്ന് ടീം അംഗങ്ങള്‍ പറയുന്നു. ഡ്രൈവര്‍മാരുടെ സ്വഭാവത്തെക്കുറിച്ച് കൂടി അന്വേഷിച്ച ശേഷമാണ് ഇവരെ തിരഞ്ഞെടുക്കുന്നത്. അഞ്ച് ഘട്ടങ്ങളിലായി സ്‌ക്രീനിംഗ് നടത്തിയശേഷമാണ് ഇവരെ തിരഞ്ഞെടുക്കുന്നത്. അവരുടെ വ്യക്തിത്വവും, സാങ്കേതിക പരിജ്ഞാനവും, സ്വഭാവവും, ഡ്രൈവിംഗ് കഴിവും എല്ലാം പരിഗണിക്കും.

മാത്രമല്ല ഒരാളെ സെലക്ട് ചെയ്തു കഴിഞ്ഞാല്‍ അവര്‍ക്ക് ഡ്രൈവേഴ്‌സ്‌കാര്‍ട്ടിന്റെ മാന്വല്‍ പ്രകാരം പരിശീലനവും നല്‍കും. ടീ ഷര്‍ട്ട്, ബാഗ്, ക്ലീനിംഗ് തുണി, ഫ്‌ളോര്‍ മാറ്റ് തുടങ്ങിയവ അടങ്ങുന്ന കിറ്റും ഡ്രൈവര്‍മാര്‍ക്ക് നല്‍കും. സ്മാര്‍ട് ഫോണുകളില്ലാത്ത ഡ്രൈവര്‍മാര്‍ക്ക് അതും നല്‍കും.

ഡ്രൈവേഴ്‌സ് കാര്‍ട്ടിന് പുറമെ കോഗ്‌നിസന്റ് മൊബിലിറ്റി എന്ന സ്ഥാപനത്തില്‍ സീനിയര്‍ പ്രോഡക്ട് ഡെവലപര്‍ ആയും സാക്ഷം പ്രവര്‍ത്തിക്കുന്നുണ്ട്. ലക്ഷ്മി മെന്റര്‍, അഡൈ്വസര്‍, ജബോംഗ് ഫൗണ്ടിംഗ് ടീം അംഗം എന്നിങ്ങനെ നിരവധി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഐ ബി എം, ഗോള്‍ഡ്മാന്‍ സാച്‌സ് എന്നിവക്ക് വേണ്ടിയും ലക്ഷമി പ്രവര്‍ത്തിക്കുന്നുണ്ട്.

ഐ ഐ എം കൊല്‍ക്കത്തയില്‍നിന്നും ഗ്രാജ്വേഷന്‍ നേടിയ ആളാണ് വിനിത്. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം എന്നിവയിലെല്ലാം വിനിതിന് പ്രവര്‍ത്തന പരിചയം ഉണ്ട്. പ്രീസ്‌കൂള്‍ ചെയില്‍ ലിറ്റില്‍ ഐന്‍സ്റ്റിന്റെ സഹസ്ഥാപകനും ചെന്നൈ ഏഞ്ചല്‍സിന്റെ അംഗവും കൂടിയാണ് വിനിത്.

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഡ്രൈവര്‍മാരെ എത്തിച്ചുകൊടുക്കാനാണ് ഡ്രൈവേഴ്‌സ് കാര്‍ട് ലക്ഷ്യമിടുന്നത്. ഇതിനായി വിവിധ ഡ്രൈവര്‍മാരുടെ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം. ഡ്രൈവേഴ്‌സ് കാര്‍ട്ടിന് സ്വന്തമായി വാഹനങ്ങളൊന്നുമില്ല. തങ്ങളുടെ ഡ്രൈവര്‍മാര്‍ക്കായി കൂടുതല്‍പേര്‍ ആവശ്യപ്പെട്ടെത്തുന്നത് തങ്ങളുടെ സേവനങ്ങള്‍ക്കുള്ള മികച്ച പ്രതികരണമാണ്.

ദിവസവും 80 മുതല്‍ 800 യാത്രകളാണ് തങ്ങള്‍ക്ക് ലഭിക്കുന്നത്. 70 ഡ്രൈവര്‍മാരാണ് ഇപ്പോള്‍ തങ്ങള്‍ക്കുള്ളത്. ഓപ്പറേഷന്‍ ടീം എന്ന പേരില്‍ ആറ് പേരാണ് ഇപ്പോള്‍ ഡ്രൈവേഴ്‌സ് കാര്‍ട്ടിന്റെ നേതൃനിരയിലുള്ളത്. അടുത്ത കുറച്ച് മാസങ്ങളോടെ ഡ്രൈവര്‍മാരുടെ എണ്ണം 1000 എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഡ്രൈവേഴ്‌സ് കാര്‍ട്ടിന് സമാന്തരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഡ്രൈവ് യു.

അടുത്ത കുറച്ച് വര്‍ഷങ്ങളോടെ ഇന്ത്യയില്‍ കാര്‍ സ്വന്തമായി ഉള്ളവരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 1000 ആളുകളില്‍ 13 പേര്‍ക്ക് എന്ന നിരക്കിലാണ് കാറുകളുടെ എണ്ണം.