സൗന്ദര്യ സംരക്ഷണത്തിന് ഹെഡോണിസ്റ്റ

0

സൗന്ദര്യ സംരക്ഷിക്കണത്തിന് പ്രാധാന്യം നല്‍കുന്നവരാണ് നമ്മള്‍ ഓരോരുത്തരും. കടകളില്‍നിന്ന് കണ്ണില്‍ കാണുന്നതെല്ലാം വാങ്ങി ഉപയോഗിക്കുമ്പോള്‍ അത് ദോഷകരമായി ബാധിക്കുന്ന സംഭവവും അപൂര്‍വമല്ല. മിക്ക സൗന്ദര്യവര്‍ധക വസ്തുക്കളിലും കൃത്രിമ വസ്തുക്കള്‍ ചേര്‍ക്കുന്നതാണ് ഇതിന് കാരണം. ഇത്തരത്തിലല്ലാതെ ശരീരത്തിന് ദോഷമൊന്നുമില്ലാതെ തികച്ചും പ്രകൃതി ദത്തമായ ചേരുവകള്‍ കൊണ്ട് തയ്യാറാക്കിയ ഉല്‍പന്നങ്ങള്‍ നമ്മളിലെത്തിക്കുകയാണ് ഹെഡോണിസ്റ്റ എന്ന ഓണ്‍ലൈന്‍ സ്ഥാപനവും നടത്തിപ്പുകാരി ഷാഗുണ്‍ ശര്‍മയും.

ശരീരത്തിന് യാതൊരു തരത്തിലും ദോഷമുണ്ടാക്കാത്ത ചേരുവകള്‍ ചേര്‍ത്താണ് ഓരോ ഉല്‍പന്നങ്ങളും തയ്യാറാക്കിയിരിക്കുന്നത്. തന്റെ ചെറിയ ചില പരീക്ഷണങ്ങളില്‍നിന്നാണ് ഷാഗുണ്‍ ഇന്ന് കാണുന്ന ഹെഡോണിസ്റ്റ എന്ന സ്ഥാപനത്തിലെത്തിയത്.

ഷാഗുണിന്റെ വാക്കുകളില്‍ പറഞ്ഞാല്‍: ഓരോരുത്തരും ജീവിതത്തില്‍ ആരായി തീരുമെന്നത് ജനിക്കുമ്പോള്‍ തന്നെ ഈശ്വരന്‍ കുറിച്ച് വെച്ചിട്ടുണ്ടാകും. അത് മാറ്റിയെഴുതാന്‍ ശ്രമിച്ചാലും അവസാനം അവര്‍ അതില്‍തന്നെ എത്തിച്ചേരും. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ഉടനേ ഷഗുണ്‍ ശര്‍മ പോയത് മുംബൈയിലെ നിഫ്റ്റിലേക്കാണ്( നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി). ഫാഷന്‍ ഡിസൈനിംഗ് പഠിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ എട്ട് മാസത്തെ പഠനംകൊണ്ട് തന്നെ തനിക്ക് അധികനാള്‍ ഇതില്‍ തുടരാനാകില്ലെന്ന് ഷാഗുണ്‍ മനസിലാക്കി. അങ്ങനെ അതില്‍നിന്ന് കുറേശ്ശെ പിന്‍മാറാനും തുടങ്ങി. എന്നാല്‍ തന്റെ ചുറ്റുമുള്ളവരെല്ലാം ഷാഗുണിനെ എതിര്‍ത്തു. എന്നാല്‍ തനിക്ക് താല്‍പര്യമുള്ള കാര്യങ്ങള്‍ ചെയ്യുമെന്നും അതിന് എത്ര പരിശ്രമിക്കാനും തയ്യാറാണെന്ന തീരുമാനത്തില്‍ ഷാഗുണ്‍ ഉറച്ചുനിന്നു. ഇത് തന്നെയായിരുന്നു ഷാഗുണിന്റെ പ്രവര്‍ത്തന വിജയത്തിന്റെ അടിസ്ഥാന തത്വവും.

പൂര്‍ണമായും കൈകൊണ്ട് നിര്‍മിക്കുന്ന രാസവസ്തുക്കളൊന്നും ചേര്‍ക്കാത്ത വളരെ ഗുണകരമായ ഉല്‍പന്നങ്ങളാണ് ഹെഡോണിസ്റ്റയുടേത്. സവിശേഷ സൗന്ദര്യ വസ്തുക്കള്‍ കൂട്ടിച്ചേര്‍ത്ത് വളരെ സുഗന്ധമുള്ളതാണ് ഉല്‍പന്നങ്ങളെല്ലാം. തന്റെ ലക്ഷ്യത്തെക്കുറിച്ച് എപ്പോഴും ഓര്‍മിക്കാനും അതിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രചോദനമാകാനും ഹെഡോണിസ്റ്റയുടെ ടാറ്റു സ്വന്തം കയ്യില്‍തന്നെ ഷാഗുണ്‍ പതിപ്പിച്ചിട്ടുണ്ട്.

രണ്ട് വര്‍ഷത്തോളെ ഷാഗുണ്‍ പരമ്പരാഗത രീതിയില്‍ മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന വസ്തുക്കള്‍ ഉപയോഗിച്ച് സോപ്പ് നിര്‍മാണം നടത്തിയിരുന്നു. ഇത് വളരെ ഗൗരവത്തോടെ എടുത്ത ഷാഗുണ്‍ പുതിയ പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ തുടങ്ങി. തന്റെ പരീക്ഷണങ്ങള്‍ ഉപയോഗിച്ച സുഹൃത്തുക്കളില്‍നിന്നും അവളുടെ ഉല്‍പന്നങ്ങള്‍ക്കുള്ള മികച്ച വിലയിരുത്തല്‍ കിട്ടി. ക്രമേണെ കൂടുതല്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് തന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ തുടങ്ങി.

ശരീര സംരക്ഷണത്തിന് വേണ്ടി മാര്‍ക്കറ്റില്‍ ഉല്‍പന്നങ്ങള്‍ നിലവിലുണ്ടെന്ന് ഷാഗുണിന് അറിയാമായിരുന്നു. എന്നാല്‍ പ്രകൃതി ദത്തമായ രീതിയില്‍ യാതൊരു കൃത്രിമ വസ്തുക്കളും ചേര്‍ക്കാതെ കുളിക്കാനും സൗന്ദര്യ സംരക്ഷണത്തിനുമുള്ള ഉല്‍പന്നങ്ങള്‍ക്ക് എന്നും ഡിമാന്‍ഡ് ഉണ്ട്. ഇത് മനസിലാക്കിയ ഷാഗുണ്‍ തന്റെ ഉല്‍പന്നങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ ഇടവും കണ്ടെത്തി.

ഡല്‍ഹിയിലാണ് ഷാഗുണ്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം. ഡെല്‍ഹിയില്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയശേഷം ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ മിറാന്‍ഡ ഹൗസില്‍നിന്ന് ഇംഗ്ലീഷ് പഠനം പൂര്‍ത്തിയാക്കി. പൂനെ സിംബയോസിസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബിസിനസ് മാനേജ്‌മെന്റില്‍നിന്ന് എം ബി എയും ഷാഗുണ്‍ പൂര്‍ത്തിയാക്കി.

തന്റെ കരിയറിലുടനീളം ഷാഗുണ്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുമായി ജോലി ചെയ്തിരുന്നു. മാത്രമല്ല ഹിന്ദുസ്ഥന്‍ ടൈംസിലും ഫ്യൂച്ചര്‍ ബ്രാന്‍ഡ്‌സ് എന്ന സ്ഥാപനത്തിലും ജോലി ചെയ്തിരുന്നു. ഇവിടങ്ങളില്‍ നിന്നുള്ള പ്രവൃത്തി പരിചയം വനിതാ ഉപഭോക്താക്കളെ തിരിച്ചറിഞ്ഞ് അവരുടെ ആവശ്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ ഷാഗുണിനെ സഹായിച്ചു.

ഒരു സംരംഭം തുടങ്ങുന്നത് പുറമെ കാണുന്ന പോലെ ഗ്ലാമറുള്ള കാര്യമല്ലെന്നാണ് ഷാഗുണ്‍ പറയുന്നത്. നിരവധി ചുമതലകളെടുത്ത് ചുമലില്‍ വെക്കുകയും കൈകള്‍ വൃത്തികേടാക്കുകയും ചെയ്യുന്ന കാര്യമാണിത്. സ്ഥിരമായി അഴുക്ക് പുരളുന്ന ജോലിയാണിത്. ഒറ്റയാള്‍ പട്ടാളം എന്ന നിലയില്‍ സ്ഥാപനം മാനേജ് ചെയ്യുന്നത് വഴി ഒരോ ഉല്‍പന്നങ്ങള്‍ കണ്ടെത്തുകയും ഫാക്ടറിയില്‍ പ്രൊഡക്ഷന്‍ ടീമിനെ നയിക്കുകയും മാര്‍ക്കറ്റിലെ വിടവ് തിരിച്ചറിഞ്ഞ് അവിടെ ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുകയും അതിനെ പ്രചരിപ്പിക്കാന്‍ ബ്രാന്‍ഡ് ഉണ്ടാക്കിയെടുക്കുകയും ബിസിനസ് പ്ലാനുകള്‍ ഉണ്ടാക്കുകയും ഓരോ മാസത്തെയും വര്‍ക്കിംഗ് ക്യാപിറ്റല്‍ കണക്കാക്കുകയും തുടങ്ങി വലിയ ജോലികളാണ് ഷാഗുണ്‍ ഒറ്റക്ക് ഏറ്റെടുത്തിരിക്കുന്നത്.

എല്ലാ ആവശ്യങ്ങള്‍ക്കും ക്ഷമയാണ് അടിസ്ഥാനമായി വേണ്ടതെന്ന് ഷാഗുണ്‍ പറയുന്നു. ചില ചെറിയ കണ്ടുപിടിത്തങ്ങളും കാര്യങ്ങളും എത്ര വിജയത്തിലെത്തുന്നത് ചിലപ്പോള്‍ വളരെ അത്ഭുതം തോന്നുന്ന കാര്യങ്ങളാണ്.

മറ്റൊരു പ്രധാന വെല്ലുവിളി സമയമാണ്. സമയത്തിന് പലപ്പോഴും ഏറെ വില നല്‍കേണ്ടി വരുന്നു. ഒരു സംരംഭക എന്ന നിലയില്‍ സമയമാണ് എനിക്ക് ഏറ്റവും പ്രധാനം. തന്റെ മെയ്ഡ് ഇന്‍ ഇന്ത്യ ഉല്‍പന്നങ്ങളുമായി ആഗോള മാര്‍ക്കറ്റ് പിടിച്ചടക്കാനൊരുങ്ങുകയാണ് ഷാഗുണ്‍. ഓണ്‍ലൈന്‍ വില്‍പനക്ക് പുറമെ റീട്ടെയില്‍ സ്‌റ്റോറുകള്‍ വഴിയും സലൂണുകള്‍ വഴിയും ഹോട്ടലുകള്‍ വഴിയുമെല്ലാം ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നുണ്ട്.