ഇടുക്കിയില്‍ കോട്പ വരുന്നു  

0

ജില്ലാ വികസന സമിതിയുടെ (ഡി ഡി സി) യോഗങ്ങളില്‍ കര്‍ശനമായ പ്രതിമാസ വിലയിരുത്തലിലൂടെ പുകയില നിയന്ത്രണ നിയമം 2003 കോട്പ ശക്തമായി നടപ്പിലാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. കേരളത്തില്‍ പ്രതിവര്‍ഷം 40,000 മരണങ്ങള്‍ക്ക് പുകയില ഉപഭോഗം കാരണമാകുന്നു എന്ന ഞെട്ടിപ്പിക്കുന്ന കണക്കുകളുടെ വെളിച്ചത്തിലാണ് ഈ നീക്കം.

കോട്പ കര്‍ശനമായി നടപ്പിലാക്കുന്നതിലൂടെ പുകയില ഉപഭോഗത്തിന്റെ ദൂഷ്യങ്ങളില്‍നിന്ന് ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധമായ നിലപാട് സ്വീകരിക്കുകയാണെന്ന് ജില്ലാ കലക്ടര്‍ ജി. ആര്‍. ഗോകുല്‍ പറഞ്ഞു. കൃത്യമായ വിലയിരുത്തലുകള്‍ക്കും റിപ്പോര്‍ട്ടുകള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതിനുമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കോട്പ കര്‍ശനമായി നടപ്പിലാക്കുന്നുന്നെ് ഉറപ്പുവരുത്താനായി വരുംദിവസങ്ങളില്‍ മിന്നല്‍ പരിശോധനകളും നിരീക്ഷണങ്ങളും ആസൂത്രണം ചെയ്തുവരികയാണെന്നും ഈ ഉദ്യമത്തിനുള്ള പൊതുജന പങ്കാളിത്തവും പിന്തുണയും പ്രധാനമാണെന്നും കലക്ടര്‍ പറഞ്ഞു. വിലയിരുത്തല്‍ പ്രക്രിയ പ്രയോജനപ്രദവും ലളിതവുമാക്കുന്നതിനായി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദിഷ്ട സമയക്രമങ്ങള്‍ പാലിക്കാനും ബന്ധപ്പെട്ടവരോട് കലക്ടര്‍ ആവശ്യപ്പെട്ടു.

ജില്ലാ ആസൂത്രണ കാര്യാലയമാണ് സംരംഭത്തിന്റെ ഏകോപനം നടപ്പാക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്ന് റിപ്പോര്‍ട്ടുകള്‍ ശേഖരിക്കുന്നതും വിശകലനം ചെയ്യുന്നതും ജില്ലാ പ്ലാനിംഗ് ഓഫീസാണ്. വെബ്‌സൈറ്റില്‍ (http://www.idukki.nic.in/cotpa.htm) റിപ്പോര്‍ട്ടുകള്‍ അപ്‌ലോഡ് ചെയ്യുന്ന ചുമതല ജില്ലാ എന്‍ഐസി കാര്യാലയത്തിനാണ്. ജില്ലയിലെ പുകയില നിയന്ത്രണ ശ്രമങ്ങള്‍ സെപ്റ്റംബര്‍ 2015 മുതല്‍ ഡിഡിസിയുടെ പ്രതിമാസ യോഗങ്ങളില്‍ വിലയിരുത്തുന്നുണ്ട്.

കോട്പയുടെ സെക്ഷന്‍ 4 പ്രകാരം പൊതു കാര്യാലയങ്ങള്‍, ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, പൊതുയാത്രാസംവിധാനങ്ങള്‍ എന്നിവിടങ്ങളിലുള്‍പ്പെടെ പൊതുഇടങ്ങളിലെ പുകവലി നിരോധിച്ചിരിക്കുകയാണ്. സെക്ഷന്‍ 5 പ്രകാരം എല്ലാ രൂപത്തിലുമുള്ള പുകയില പരസ്യങ്ങള്‍, പ്രചരണങ്ങള്‍, സ്‌പോണ്‍സര്‍ഷിപ്പുകള്‍ എന്നിവ നിരോധിച്ചിരിക്കുന്നു. സെക്ഷന്‍ 6 അനുസരിച്ച് പ്രായപൂര്‍ത്തിയാകാത്തവര്‍ പുകയില ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്നതും വാങ്ങുന്നതും നിരോധിച്ചിരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറ് യാര്‍ഡ് പരിധിയില്‍ (91.4 മീറ്റര്‍) പുകയില ഉത്പ്പന്നങ്ങളുടെ വില്‍പ്പനയും നിയമം നിരോധിക്കുന്നു.

കോട്പയുടെ സെക്ഷന്‍ 7 പ്രകാരം നിയമപ്രകാരമുള്ള 85 ശതമാനം സചിത്ര മുന്നറിയിപ്പില്ലാതെ പുകയില ഉത്പ്പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ല. 60 ശതമാനം നിര്‍ദിഷ്ട ചിത്രവും 25 ശതമാനം ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷാലിപികളില്‍ ഉള്ള മുന്നറിയിപ്പും അടങ്ങുന്ന സചിത്ര മുന്നറിയിപ്പ് ലേബല്‍ പായ്ക്കറ്റിന്റെ മുന്‍വശത്തും പിന്‍വശത്തും പതിച്ചിരിക്കണം.