സമുദ്രത്തോട് പടവെട്ടി വിജയിച്ചവള്‍

0

ചുറ്റും ആരവങ്ങള്‍ ഉയരുന്നത് അവള്‍ കേട്ടില്ല. 200 മീറ്റര്‍ നീന്തല്‍ മത്സരത്തിനായി സ്റ്റാര്‍ട്ടിംഗ് ബ്ലോക്കില്‍ നിന്ന ഭക്തി ശര്‍മ്മയെന്ന എട്ടുവയസുകാരിയുടെ മനസില്‍ ലക്ഷ്യം മാത്രമായിരുന്നു ചിന്ത. ആദ്യമായി സംസ്ഥാന തലത്തില്‍ മത്സരിക്കാനെത്തിയ എട്ടു വയസുകാരിയെ നോക്കി ഇവള്‍ക്ക് ഇത് പൂര്‍ത്തിയാക്കാനാകുമോ എന്ന് ടൈംകീപ്പര്‍ സംശയം പ്രകടിപ്പിച്ചു. മറ്റുള്ളവരെ ഏറെ കാതം പിന്നിലാക്കി മികച്ച സമയത്തില്‍ നീന്തിക്കയറിയായായിരുന്നു ഭക്തി അതിന് മറുപടി നല്‍കിയത്. അന്ന് 200 മീറ്റര്‍ കടക്കാനാകുമോ എന്ന് ടൈംകീപ്പര്‍ സംശയിച്ച ഭക്തിയുടെ മുന്നില്‍ പിന്നീട് നാലു സമുദ്രങ്ങളും ഇംഗ്ലീഷ് ചാനലടക്കമുള്ള ജലാശയങ്ങളും കീഴടങ്ങി.

തിരകളെ കീഴടക്കാന്‍ ജനിച്ചവള്‍ക്ക് മറ്റൊന്നാകാന്‍ കഴിയുമായിരുന്നില്ല. കാരണം പിച്ചവയ്ക്കാന്‍ തുടങ്ങുന്ന പ്രായത്തില്‍ തന്നെ ഭക്തി ശര്‍മയുടെ കാലുകള്‍ പരിശീലിച്ചത് നീന്തലാണ്. മുംബൈയില്‍ ജനിച്ച് ഉദയ്പൂരില്‍ വളര്‍ന്ന ഭക്തിക്ക് നീന്തല്‍ എന്നത് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു. ദേശീയ നീന്തല്‍താരമായ അമ്മയില്‍ നിന്നാണ് ഭക്തി നീന്തലിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. രണ്ടര വയസ് പ്രായമുള്ളപ്പോഴാണ് ഭക്തിയെ അമ്മ പരിശീലിപ്പിച്ചു തുടങ്ങിയത്.

ഉള്ളില്‍ ഭയമുണ്ടായെങ്കിലും ചെറുപ്രായത്തില്‍ തന്നെ നീന്തല്‍ പഠിക്കാനായത് നന്നായെന്ന കാഴ്ച്ചപ്പാടാണ് ഭക്തിക്ക്. ചെറുപ്പത്തില്‍ തന്നെ നീരൊഴുക്കിന്റെ കൂട്ടുകാരിയായിരുന്നുവെങ്കിലും വളര്‍ന്നു വരും തോറും ഭക്തിക്ക് നീന്തലില്‍ നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു. സമീപപ്രദേശങ്ങളില്‍ മികച്ച സ്വിമ്മിങ് പൂള്‍ ഇല്ലാതിരുന്നതായിരുന്നു ആദ്യ വെല്ലുവിളി. കൂടാതെ വനിതാ നീന്തല്‍താരം എന്ന നിലയില്‍ നിരവധി സാമൂഹിക നിയന്ത്രണങ്ങളും അവള്‍ക്കുണ്ടായി. ഇതോടെ സ്വിമ്മിങ് വിടാന്‍ ഭക്തി നിര്‍ബന്ധിതയായി. പിന്നീട് കരാട്ടെയിലേക്ക് തിരിഞ്ഞ അവള്‍ക്ക് അവിടെയും ഉറച്ചു നില്‍ക്കാനായില്ല.

ബ്ല്ക്ക്‌ബെല്‍റ്റിനായി പരിശീലിക്കുന്നതിനിടെ ഭക്തിയുടെ ട്രെയ്‌നര്‍ സ്ഥലം മാറിപ്പോയി. ഇതോടെ കരാട്ടെയും മതിയാക്കി. നൂറു ശതമാനം മികച്ചതായി ചെയ്തില്ലെങ്കില്‍ ഒന്നും ചെയ്യാതിരിക്കണമെന്ന അമ്മയുടെ വാക്കുകളാണ് ഭക്തിയെ വീണ്ടും നീന്തലില്‍ എത്തിച്ചത്. മികച്ച പരിശീലനം കൊണ്ട് സംസ്ഥാന ദേശീയ മല്‍സരങ്ങളില്‍ നേട്ടംകൊയ്യാന്‍ അവള്‍ക്കായി. നീന്തലിന് പഠനത്തെക്കാള്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയ ഭക്തി, ദിവസം അഞ്ചു മണിക്കൂര്‍ വരെ നീന്തല്‍ പരിശീലിച്ചു. പഠനവും നീന്തലും ഒന്നിച്ചു കൊണ്ടു പോകുക എളുപ്പമല്ലെന്ന് പറഞ്ഞിരുന്നുവെങ്കിലും അവള്‍ പഠനത്തില്‍ പിന്നിലായിരുന്നില്ല. പത്താംക്ലാസില്‍ നേടിയ 84% വിജയവും പ്ലസ്ടുവിലെ 87% വിജയവും അവളുടെ പഠനമികവ് തെളിയിക്കുന്നതാണ്.

നിരവധി സമ്മാനങ്ങളും റെക്കോഡുകളും നേടി പങ്കെടുത്ത മല്‍സരങ്ങളിലെല്ലാം ഭക്തി താരവുമായി. ഒട്ടുമിക്ക മല്‍സരങ്ങളിലും ഏറ്റവും പ്രായം കുറഞ്ഞ മല്‍സരാര്‍ഥിയായിരുന്നു അവള്‍. 14ാമത്തെ വയസിലാണ് ആദ്യമായി അവള്‍ നീന്തല്‍ക്കുളത്തിനപ്പുറമുള്ള ഓപ്പണ്‍ വാട്ടര്‍ നീന്തല്‍ പരിശീലിക്കുന്നത്. ഉറാന്‍ പോര്‍ട്ട് മുതല്‍ ഗേറ്റ് വേ ഓഫ് ഇന്ത്യ വരെയുള്ള നീണ്ട ദൂരമാണ് ഭക്തി മറികടന്നത്. അമ്മയുടെ ഉപദേശപ്രകാരം നടത്തിയ ഈ നീന്തല്‍ അവളുടെ കരിയറിനെ മാറ്റി മറിച്ചു. സമുദ്രങ്ങള്‍ കൈയ്യടക്കാന്‍ അവള്‍ക്ക് പ്രേരണയായതും ഇതാണ്.

തുടര്‍ന്ന് മണിക്കൂറുകളോളം നീന്തല്‍ പരിശീലനത്തിനായി മാറ്റി വച്ചു. കടുത്ത തണുപ്പിലും പരിശീലനം മുടക്കാതിരുന്ന ഭക്തിക്കായി സ്വമ്മിങ് പൂള്‍ അധികൃതര്‍ പ്രത്യേക സൗകര്യമൊരുക്കിയിരുന്നു. അഞ്ചു ഡിഗ്രി വരെ താഴ്ന്ന താപനിലയിലും നാലു മണിക്കൂര്‍ വരെ തുടര്‍ച്ചയായി പരിശീലിച്ചു. അമ്മയോടൊപ്പമായിരുന്നു ഭക്തിയുടെ നീന്തല്‍ പരിശീലനം.

എന്നാല്‍, പ്രൊഫഷണല്‍ ട്രെയ്‌നര്‍ ഇല്ലാതിരുന്നതിന്റെ ബുദ്ധിമുട്ട് പലഘട്ടങ്ങളിലും ഉണ്ടായിട്ടുണ്ടെന്ന് ഭക്തി ഓര്‍ക്കുന്നു. എത്ര കഠിനമായി പരിശ്രമിച്ചിട്ടും മല്‍സരങ്ങളില്‍ പരാജയപ്പെടുമ്പോള്‍ നീന്തല്‍ ഉപേക്ഷിക്കാമെന്നുവരെ തോന്നിയിരുന്നു. കഠിന പരിശ്രമം നടത്തിയിട്ടും മഹാരാഷ്ട്രയിലെയും തെക്കന്‍ സംസ്ഥാനങ്ങളിലെയും താരങ്ങള്‍ക്കൊപ്പമെത്താന്‍ കഴിയാത്തത് ഭക്തിയെ നിരാശപ്പെടുത്തിയിരുന്നു. ദീര്‍ഘദൂര സ്വിമ്മിങിന് ഒരു പ്രൊഫഷണല്‍ കോച്ച് ഉണ്ടായിരുന്നില്ലെന്നതും തന്റെ കുറവായി ഭക്തി വിലയിരുത്തി. എന്നാല്‍ പരമാവധി പരിശ്രമിച്ച് കൂടുതല്‍ ദൂരം കീഴടക്കാന്‍ അവള്‍ തയാറായി. ഇതാണ് അവളുടെ മിന്നുന്ന വിജയത്തിനു പിന്നിലും.

കൃത്യമായ പരിശീലനവും അര്‍പ്പണബോധവും ഉയരങ്ങള്‍ കീഴടക്കാന്‍ ഭക്തിയെ സഹായിച്ചു. നാലു സമുദ്രങ്ങളും എട്ട് ജലാശയങ്ങളും നീന്തിക്കടന്ന ബഹുമതി അവളെത്തേടിയെത്തി. ഈ റെക്കോഡുകള്‍ സ്വന്തമാക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നീന്തല്‍ താരവും ഏഷ്യയിലെ ആദ്യത്തെ പ്രായം കുറഞ്ഞ താരവും ഭക്തിയാണ്. അമ്മയും മകളും ഒന്നിച്ച് ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടന്നു എന്ന ബഹുമതിയും ഭക്തി നേടിയെടുത്തിട്ടുണ്ട്.

അമ്മയുമൊത്തുള്ള നീന്തല്‍ വളരെ യാദൃശ്ചികമായി വന്നുചേര്‍ന്നതാണെന്ന് ഭക്തി പറയുന്നു. ജോദ്പൂരില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടക്കാന്‍ ട്രെയ്‌നിങ് ആവശ്യപ്പെട്ടു സമീപിച്ചിരുന്നു. ആ പെണ്‍കുട്ടിക്ക് പരിശീലനം നല്‍കുന്നതിന് റിലെ ടീം തയാറാക്കാന്‍ ശ്രമം നടത്തി. കൂടുതല്‍ നീന്തല്‍ താരങ്ങളെ കിട്ടാതായപ്പോള്‍ താനും അമ്മയുമായി അവളോടൊപ്പം റിലെ നീന്തല്‍ നടത്തുകയായിരുന്നു. 45 വയസായിരുന്നു അമ്മയ്ക്ക് അന്ന് പ്രായം. ഡിസംബറിലെ തണുപ്പുള്ള ദിവസം 24 മണിക്കൂര്‍ പരിശീലനം നടത്തിയാണ് തയാറെടുപ്പുകള്‍ നടത്തിയത്. എന്നാല്‍ ആദ്യ ശ്രമത്തില്‍ ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടക്കുക എന്ന ലക്ഷ്യം പരാജയപ്പെട്ടു. മോശം കാലാവസ്ഥമൂലം ആദ്യ ഒമ്പതു മണിക്കൂറിനകത്തു തന്നെ നീന്തല്‍ നിര്‍ത്തേണ്ടി വന്നു. തന്റെ ജിവിതത്തില്‍ ആദ്യയമായും അവസാനമായും പരിശ്രമം അവസാനിപ്പിക്കാം എന്ന് പറഞ്ഞ സംഭവമാണിതെന്ന് പറയുമ്പോള്‍ ഭക്തിക്ക് തെല്ലുനിരാശയുണ്ട്. എന്നാല്‍ രണ്ടാമത്തെ ശ്രമത്തില്‍ അമ്മയുമായി അവള്‍ ലക്ഷ്യം കൈക്കലാക്കി. ഒറ്റയ്ക്ക് ഭക്തി ഈ നേട്ടം കൈക്കലാക്കിയത് 16-ാമത്തെ വയസിലായിരുന്നു.

നീന്തലിലെ സംഭാവനകള്‍ക്കുള്ള 'ടെന്‍സിങ് നോര്‍ഗെ' അവാര്‍ഡ് 2012ല്‍ രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങിയത് ഭക്തിക്ക് ഏറ്റവും പ്രിയമുള്ള സംഭവമാണ്. അവാര്‍ഡ് ചടങ്ങിന് തൊട്ടു മുമ്പുള്ള ദിവസം നടന്ന റിഹേഴ്‌സല്‍ വളരെ കൗതുകകരമായിരുന്നു. ട്രോഫി ഉള്‍പ്പെടയുള്ള അവാര്‍ഡ് റിഹേഴ്‌സലില്‍ തന്നെ കൈകളിലെത്തിയ നിമിഷം വളരെ സന്തോഷകരമായിരുന്നു. യുവരാജ് സിങ് അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങിയ ചടങ്ങിലായിരുന്നു തനിക്ക് അവാര്‍ഡ് ലഭിച്ചതെന്ന് പറയുമ്പോള്‍ അവള്‍ ആഹ്ലാദം മറച്ചുവയ്ക്കുന്നില്ല. പ്രസിഡന്റ് അവാര്‍ഡ് നല്‍കുന്നതിനു മുമ്പ് അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തിയപ്പോള്‍ തന്റെ നേട്ടങ്ങള്‍ കേട്ട സദസ് അത്ഭുതം പ്രകടിപ്പിച്ച് 'ഓാാ' ശബ്ദംവച്ചത് അഭിമാനമായി ഭക്തി പറയുന്നു.

അന്റാര്‍ട്ടിക് സമുദ്രത്തില്‍ നീന്തുവാനുള്ള തയാറെടുപ്പിലാണ് ഭക്തിയിപ്പോള്‍. അതിനായി പണം സ്വരൂപിക്കുന്നതിനുള്ള ശ്രമത്തിലാണ്. രാജസ്ഥാനിലെ ഒരു എന്‍.ജി.ഒയുമായി ഇതിനായി സഹകരിക്കുന്നുണ്ട്. ഒരു മാനെജറോ പ്രൊഫഷണല്‍ കോച്ചോ ഇല്ലാതെ ഒറ്റയാള്‍പ്പട്ടാളമായി ഭക്തി അവളുടെ സ്വപ്നങ്ങള്‍ നേടിയെടുക്കുന്നത് കഠിനമായ പരിശ്രമം കൊണ്ടാണ്. മാതാപിതാക്കളുടെ നല്ല മനസ് മാത്രമാണ് അവളുടെ പിന്തുണ. ഭക്തിയുമായി സംസാരിച്ചപ്പോള്‍, രണ്ടുമണിക്കൂര്‍ നീണ്ട നീന്തല്‍ പരിശീലനത്തിനു ശേഷം തോളിലെ പരിക്ക് പരിഹരിക്കാന്‍ ഫിസിയോതെറാപ്പിക്ക് തയാറെടുക്കയായിരുന്നു അവള്‍. സ്‌പോണ്‍സര്‍മാരെ തേടി ഇമെയിലുകള്‍ അയക്കണം, വൈകിട്ട് ജിമ്മില്‍ പരിശീലിക്കണം അങ്ങനെ പോകുന്നു അവളുടെ ഒരു ദിവസം. ഒരു അത്‌ലെറ്റിനൊപ്പം ഒരു മാനെജര്‍, പബ്ലിക് റിലേഷന്‍, സ്‌പോണ്‍സര്‍ഷിപ്പിനായുള്ള ഏജന്റ് എന്നീ ജോലികള്‍ സ്വയം ചെയ്താണ് ഭക്തി വിജയങ്ങള്‍ വെട്ടിപ്പിടിക്കുന്നത്.

മറ്റു കായിക ഇനങ്ങളെക്കാള്‍ വെല്ലുവിളി നേരിടുന്ന രംഗമാണ് നീന്തല്‍. വനിതകള്‍ക്ക് ഈരംഗത്ത് നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ അവസാനിപ്പിച്ച ശേഷം വളരെകരുത്തോടെയാണ് ഭക്തി തിരിച്ചെത്തിയത്. എന്നാല്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും ഇതിനു കഴിയുന്നില്ല എന്ന നിരാശ അവള്‍ക്കുണ്ട്. മറ്റു കായിക ഇനങ്ങള്‍ പോലെ നീന്തല്‍ ജനശ്രദ്ധയുള്ള ഒരു കായിക ഇനമായിട്ടില്ല. അതുകൊണ്ടു തന്നെ പെണ്‍കുട്ടികള്‍ക്ക് ഈ രംഗത്ത് വളരെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതായി ഭക്തി പറയുന്നു. സ്വിമ്മിങ് സ്യൂട്ടുകള്‍ പോലും ലഭ്യമല്ലാതെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നുള്ള തന്റെ കൂട്ടുകാര്‍ രംഗമൊഴിഞ്ഞതും ഇക്കാരണത്താലാണെന്ന് അവള്‍ പറയുന്നു.

നീന്തല്‍ക്കുളത്തിനു പുറത്തുള്ള ഓപ്പണ്‍വാട്ടര്‍ സ്വിമ്മിങ് ആണ് ഭക്തിക്ക് ഏറെപ്രിയം. ഒരു തടാകത്തിലോ സമുദ്രത്തിലോ സംഘമായി നീന്താനാണ് താല്‍പര്യം. വെള്ളത്തില്‍ ഒഴുകിനടന്ന് തിരമാലകളുടെ താരാട്ട് ആസ്വദിക്കുന്നതാണ് ഇഷ്ടമെന്ന് കാവ്യാത്മകമായി പറഞ്ഞു നിര്‍ത്തുന്നു ജലാശയങ്ങളെ സ്‌നേഹിക്കുന്ന ഈ പെണ്‍കുട്ടി.