മുഴുവന്‍ അംഗപരിമിതര്‍ക്കും സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് :ആരോഗ്യ മന്ത്രി കെ.കെ. ശൈലജ

0

സംസ്ഥാനത്തെ മുഴുവന്‍ അംഗപരിമിതര്‍ക്കും സവിശേഷ തിരിച്ചറിയല്‍ കാര്‍ഡും അംഗപരിമിതര്‍ക്കായി സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുമെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് അംഗപരിമിത സെന്‍സസ് 2015 അനുസരിച്ച് 7,93,937 അംഗപരിമിതരാണുളളത്. 

ഇതില്‍ ഏകദേശം രണ്ട് ലക്ഷം പേര്‍ക്കാണ് അംഗപരിമിത തിച്ചറിയല്‍ കാര്‍ഡ് ഉളളത്. എന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡ് വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുളളത്. ഇതില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ യു.ഡി.ഐ.ഡി പദ്ധതിയുടെ സോഫട്‌വെയര്‍ സഹായത്തോടെ രാജ്യത്തെ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നതിനായി ഉപയോഗിക്കാവുന്ന സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് അംഗപരിമിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കും. ഒരു വര്‍ഷം കൊണ്ട് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനായി ക്യാമ്പയിന്‍ രീതിയിലുളള പ്രവര്‍ത്തനം നടപ്പാക്കും. 4,00,00,000 രൂപ സംസ്ഥാന സര്‍ക്കാര്‍ ഇതിനായി അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സാമൂഹ്യനീതി വകുപ്പ്, ആരോഗ്യ വകുപ്പ്, റവന്യൂ വകുപ്പ് എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുളള നോഡല്‍ ഏജന്‍സിയായി സാമൂഹ്യ സുരക്ഷാ മിഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ അംഗപരിമിതി തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും, സാമൂഹ്യനീതി വകുപ്പ് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉളളവരും, അംഗപരിമിത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മാത്രം ഉളളവരും, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരും സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് എടുക്കുന്നതിന് വീണ്ടും അംഗപരിമിത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എടുക്കേണ്ടതില്ല. നിലവിലുളള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ സവിശേഷ തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കാം ഇതിനായി പ്രതേ്യകം അപേക്ഷ നല്‍കണം. അംഗപരിമിത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ ആദ്യം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കേണ്ടതും, ഇതിന്റെ അടിസ്ഥാനത്തില്‍ സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതുമാണ്. സവിശേഷ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭിക്കുന്നതിനായുളള അപേക്ഷകള്‍ സംസ്ഥാനത്തെ എല്ലാ അങ്കണവാടികളും വഴി മാര്‍ച്ച് ഒന്‍പത് മുതല്‍ വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷകള്‍ അങ്കണവാടികളില്‍ തന്നെ സ്വീകരിക്കും. ആദ്യഘട്ട അപേക്ഷകള്‍ മാര്‍ച്ച് 20-ാം തീയതി വരെ എല്ലാ അങ്കണവാടികളിലും സ്വീകരിക്കും. മാര്‍ച്ച് 20ന് ശേഷവും രണ്ടാംഘട്ടമായി അപേക്ഷകള്‍ അങ്കണവാടികളില്‍ തന്നെ സ്വീകരിക്കും. സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് സംബന്ധിച്ച സംശയങ്ങള്‍ക്ക് 0471 -2343466 എന്ന നമ്പരില്‍ ബന്ധപ്പെടണം.