വിന്ധ്യ ഇ മീഡിയ വൈകല്യമുള്ളവര്‍ക്കുള്ള തൊഴിലവസരങ്ങള്‍ ഇതാ..

0

വിന്ധ്യ ഇ ഇന്‍ഫോമീഡിയ എന്ന പേരിലെ ബംഗലൂരുവിലെ ബി പി ഒ അവരുടെ ക്വാളിറ്റി ഓഫ് വര്‍ക്കിന്റെ പേരില്‍ പ്രശസ്തമാണ്. എന്നാല്‍ അത് ഇത്ര എടുത്ത് പറയാന്‍ എന്തിരിക്കുന്നു? ഈ കമ്പനി വര്‍ഷം മുന്‍പ് ആരംഭിച്ചത് ഭിന്ന ശേഷിയുള്ളവര്‍ക്ക് ജോലി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ്. അതില്‍ ഈ കമ്പനി 100 ശതമാനം വിജയിക്കുകയും ചെയ്തു.

ബി കോം ബിരുദധാരിയായ പവിത്രയാണ് ഈ കമ്പനി സ്ഥാപിച്ചത്. ജീവിതത്തില്‍ എന്തെങ്കിലും അര്‍ത്ഥവത്തായി ചെയ്യണം എന്ന ചിന്തയാണ് ഭിന്നശേഷിയുള്ളവര്‍ക്ക് ജോലി നല്‍കുന്ന ഒരു കമ്പനി തുടങ്ങണം എന്ന ആശയത്തിലേക്ക് എത്തിയത്. പവിത്രയ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി ഐ ടി പ്രൊഫഷണലായ അവരുടെ ഭര്‍ത്താവ് അശോക് ഗിരിയും ഉണ്ടായിരുന്നു.

'സമൂഹത്തില്‍ ഭിന്നശേഷിയുള്ളവരില്‍ മികച്ച കഴിവുള്ളവര്‍ ഉണ്ട്. എന്നാല്‍ അത് തെളിയിക്കാനായി അവര്‍ക്ക് സമൂഹത്തില്‍ വളരെ വളരെ കുറച്ച് അവസരങ്ങള്‍ മാത്രമേ ലഭിക്കുന്നുള്ളൂ. നല്ല വിദ്യാഭ്യാസം ഉള്ള മികച്ച ആളുകള്‍ ഉണ്ട്. എന്നാല്‍ അവരില്‍ ചെറിയ ഒരു ശതമാനം ആളുകളേ വിവിധ കമ്പനികളില്‍ ജോലി ലഭിക്കുന്നുള്ളൂ. ഇവിടെ ജോലി ലഭ്യമാക്കുമ്പോഴും അവരുടെ കഴിവുകള്‍ നല്ലത് പോലെ പരിശോധിച്ച് ഉറപ്പ് വന്നിട്ടേ ഞങ്ങള്‍ മുന്നോട്ട് നീങ്ങുകയുള്ളൂ.' പവിത്ര പറയുന്നു.

ഇവിടത്തെ ജോലികള്‍ വികലാംഗര്‍ക്കായി പകുത്ത് നല്‍കിയിരിക്കുന്നു. കൈകാലുകള്‍ക്ക് ചലനശേഷി ഇല്ലാത്തവരും കാഴ്ച ശക്തി ഇല്ലാത്തവരും വിവിധ വിഭാഗങ്ങളിലായി ഈ കോള്‍ സെന്ററില്‍ ജോലി നോക്കുന്നുണ്ട്. ഇംഗ്ലീഷും മറ്റു പ്രാദേശിക ഭാഷയും മികച്ച രീതിയില്‍ കൈകാര്യം ചെയ്ത് തങ്ങളുടെ കസ്റ്റമറുമായി വളരെ അടുത്ത ബന്ധം ഇവര്‍ സ്ഥാപിക്കുന്നുണ്ട്. ഇവരുടെ കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഇവിടെ ഉപയോഗപ്പെടുന്നു.

ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും മികച്ച ആശയവിനിമയം എന്നിവയാണ് ഇവിടെ എത്താനുള്ള ഒരു ഉദ്യോഗാര്‍ത്ഥിയുടെ അടിസ്ഥാന യോഗ്യത. ഈ കഴിവുകള്‍ ഇല്ലാത്തവര്‍ വിഷമിക്കേണ്ട. ഇവിടത്തെ സീനിയര്‍ ആയ ഉദ്യോഗസ്ഥര്‍ നല്‍കുന്ന ഹ്രസ്വകാല കോഴ്‌സുകള്‍ കൊണ്ട് ഇത് നേടിയെടുക്കാന്‍ കഴിയും.

കാഴ്ച ശക്തി ഇല്ലാത്തവര്‍ക്ക് പ്രത്യേകം സോഫ്റ്റ്‌വെയറുകള്‍ ഇവിടത്തെ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്നു. ചെവിയില്‍ ഘടിപ്പിച്ചിരിക്കുന്ന ഹെഡ്‌ഫോണിലെ ഒരു ചെവിയിലൂടെ കമ്പ്യൂട്ടര്‍ ഇവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നു.

പവിത്ര എന്ന കമ്പനി മേധാവിയെക്കുറിച്ച് എല്ലാ ജീവനക്കാര്‍ക്കും നല്ല അഭിപ്രായം മാത്രമാണ് പറയാനുള്ളത്. പവിത്ര നേരിട്ട് ഇവരുടെ അടുക്കല്‍ വന്ന് അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ച് മനസ്സിലാക്കാറുണ്ട്.

ബധിരരെയും മൂകരെയും സ്‌കാനിംഗ്, ഡാറ്റ, പാക്കിംഗ് വിഭാഗത്തിലാണ് ജോലി നല്‍കിയിരിക്കുന്നത്. വൈദ്യുത ആഘാതമേറ്റ് രണ്ടു കൈകളും നഷ്ടപ്പെട്ട ശ്രീനിവാസനാണ് വിന്ധ്യ ഇ ഇന്‍ഫോമീഡിയയിലെ റിസപ്ഷനിസ്റ്റ് ആയി ജോലി നോക്കുന്നത്.

ഇവിടത്തെ ജോലിയില്‍ തന്നെ ജീവിതകാലം മുഴുവനും തുടരണം എന്ന് ഒരു നിര്‍ബന്ധവുമില്ല. മികച്ച പരിശീലനവും ജോലി പരിചയവും ഉണ്ടായാല്‍ കൂടുതല്‍ മികച്ച അവസരങ്ങള്‍ ലഭിക്കാന്‍ കമ്പനി തന്നെ അവരെ സഹായിക്കും. ശാരീരിക വൈകല്യം മാത്രമല്ല മാനസിക വൈകല്യമുള്ളവര്‍ക്കും ഇവിടെ പരിശീലനം കൊടുത്ത് ജോലിയും നല്‍കുന്നു.

ഈ ലേഖനം വായിച്ചതിനു ശേഷം വൈകല്യം ഉള്ളവര്‍ ഒതുങ്ങിക്കൂടണ്ട എന്ന് തോന്നുന്നുണ്ടെങ്കില്‍ 09379215750 എന്ന നമ്പറില്‍ ബന്ധപ്പെടാം. വൈകല്യമുള്ളവര്‍ക്ക്, വിന്ധ്യ ഇ ഇന്‍ഫോമീഡിയ ജോലിയുടെ സാധ്യതകള്‍ തുറന്ന് നല്‍കുന്നു.. .