എന്റെ സംരംഭം മരിച്ച ദിവസം

0


ജീവിതത്തില്‍ എനിക്കൊരിക്കലും മറക്കാന്‍ കഴിയാത്ത ഒരു ദിവസമാണ് ജൂണ്‍ 17, 2014. ജെപി നഗറിലെ എന്റെ ചെറിയ ഓഫീസായ നെറ്റ്വര്‍ക്‌സ് എന്‍ജീനീയറിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേര് ഞാന്‍ അവസാനമായി വായിച്ച ദിവസമായിരുന്നു അത്. ഏകദേശം വൈകിട്ട് ഒരു 4 മണിയായിട്ടുണ്ടാകും. ഒരു ചൊവ്വാഴ്ചയായിരുന്നു അന്ന്.

കമ്പനി അടച്ചുപൂട്ടുന്നതിന്റെ വക്കിലെത്തിയ അവസാന ആഴ്ചകളില്‍ എന്റെ സ്റ്റാര്‍ട്ടപിനെ രക്ഷിക്കാനായി ശ്രമം നടത്തി. പക്ഷേ അതൊക്കെ പരാജയപ്പെട്ടു. കമ്പനിയുടെ സിഇഒ ആയ എന്റെ കഴിവിലുള്ള വിശ്വാസം നഷ്ടപ്പെട്ടതയി എന്റെ സഹസ്ഥാപകന്‍ എന്നോട് പറഞ്ഞു. ഞാന്‍ എന്റെ അച്ഛനെ വിളിച്ചു. 50 വര്‍ഷമായി അദ്ദേഹം ബിസിനസ് ചെയ്യുകയാണ്. ഞാനദ്ദേഹത്തോട് എന്റെ സഹസ്ഥാപകന്‍ പറഞ്ഞതൊക്കെ വിവരിച്ചു. അദ്ദേഹം ഞാന്‍ പറഞ്ഞതൊക്കെ ശ്രദ്ധിച്ചു കേട്ടു. അതിനുശേഷം എന്നോട് ഇങ്ങനെ പറഞ്ഞു: മോനേ, ജീവിതത്തിലെ ചില സമയങ്ങള്‍ നമുക്ക് അനുയോജ്യമായവ ആയിരിക്കില്ല. നഷ്ടങ്ങളെ മറക്കുക, എന്നിട്ട് മറ്റൊരു ദിവസം വരുന്നതും കാത്ത് ജീവിക്കുക.

എന്റെ ബാങ്ക് അക്കൗണ്ടില്‍ ആകെ ഉണ്ടായിരുന്നത് വെറും 14,130 രൂപ. ഒരു മാസത്തെ വാടകയ്ക്കുപോലും അതു തികയുമായിരുന്നില്ല. അഞ്ചു മാസത്തിനുശേഷം ഞാന്‍ സ്‌നേഹിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പോവുകയാണ്. അവളുടെ കുടുംബം ഒരിക്കലും ഞാന്‍ സമ്പാദിച്ചതെന്താണെന്നു എന്നോടു ചോദിച്ചിട്ടില്ല. പക്ഷേ എന്റെ ബാങ്ക് ബാലന്‍സ് ഉള്ളില്‍ എനിക്ക് അമര്‍ഷം ഉണ്ടാക്കി.

ആ നിമിഷം എനിക്കൊരു കാര്യം മനസിലായി. ഒരുപാട് ആഗ്രഹത്തോടെയും ലക്ഷ്യത്തോടെയും നമ്മള്‍ തുടങ്ങുന്ന വ്യവസായ സംരംഭം അടക്കിപ്പിടിച്ച കരച്ചിലോടെ നമുക്ക് ചില സമയത്ത് അടച്ചുപൂട്ടേണ്ടി വരും.

ഞാനെന്റെ സഹപ്രവര്‍ത്തകരോട് സ്ഥാപനം അടച്ചുപൂട്ടുന്നതായി പറഞ്ഞു. മറ്റു ജോലികള്‍ക്ക് ശ്രമിക്കാന്‍ അവര്‍ക്ക് എന്തെങ്കിലും സഹായം വേണമോയെന്നു ചോദിച്ചു. അവരെല്ലാം നല്ല കഴിവുള്ളവരായിരുന്നു. അവര്‍ക്കു മുന്‍പുതന്നെ പല ജോലികള്‍ക്കുമുള്ള വാഗ്ദാനങ്ങള്‍ ലഭിക്കുന്നുണ്ടായിരുന്നു. അവര്‍ അതൊക്കെ വേണ്ടെന്നു വയ്ക്കുകയായിരുന്നു. മറ്റു ജോലികള്‍ നോക്കിക്കോളാം എന്നവര്‍ പറഞ്ഞു. അതു കേട്ടപ്പോള്‍ മനസിനു ചെറിയൊരു ആശ്വാസം തോന്നി. എന്റെ ടീമെങ്കിലും രക്ഷപ്പെട്ടല്ലോ എന്നോര്‍ത്തായിരുന്നു.

പക്ഷേ എന്റെ സ്ഥാപനത്തിലെ മികച്ച എന്‍ജിനീയര്‍ എന്നോടു പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ ഹൃദയം തകര്‍ന്നുപോയി സാഹില്‍, താങ്കള്‍ക്ക് നല്ല ആശയം ഉണ്ടെങ്കില്‍ ഞാന്‍ താങ്കള്‍ക്കൊപ്പം നില്‍ക്കാം. നമുക്ക് രണ്ടുപേര്‍ക്കും ഒരുമിച്ചുനിന്ന് ആശയം പ്രാവര്‍ത്തികമാക്കാം.

ഇപ്പോള്‍ ആശയങ്ങള്‍ ഒന്നുംതന്നെ ഇല്ലാത്ത ഒരു വ്യക്തിയാണ് ഞാന്‍. മറ്റൊരു പ്രധാനപ്പെട്ട കാര്യം എനിക്കിപ്പോള്‍ ഒന്നിനുമുള്ള കരുത്തില്ല. ഒരു ദിവസം നമുക്കൊരുമിച്ചു പ്രവര്‍ത്തിക്കാമെന്നു ഉറപ്പു നല്‍കുന്നതായും ചിരിച്ചുകൊണ്ട് ഞാന്‍ മറുപടി പറഞ്ഞു.

ഓരോരോ കാര്യങ്ങളായി ചെയ്തു ഞാനെന്റെ ഓഫീസ് വൃത്തിയാക്കി. ഒഎല്‍എക്‌സ് വഴി ഫര്‍ണിച്ചറുകള്‍ വിറ്റു. അവസാന മാസത്തെ ശമ്പളം എല്ലാവര്‍ക്കും കൊടുത്തു. അവസാന ദിവസം ഓഫിസിലെ ബാക്കി വന്ന സാധനങ്ങള്‍ വീട്ടിലേക്ക് മാറ്റുന്നതിനായി ചെലവഴിച്ചു. എല്ലാം എടുത്ത് ഞാനെന്റെ കാറില്‍ വച്ചു വീട്ടിലേക്കു പോയി. എന്റെ മനസ് മുഴുവനും ശൂന്യത ആയിരുന്നു.

ആ സമയത്ത് ഏതാണ് ശരിയെന്നു എനിക്ക് അറിയില്ലായിരുന്നു. രാജ്യത്തെ മികച്ച എന്‍ജിനീയറിങ് കോളജില്‍ ഒന്നിലാണ് ഞാന്‍ പഠിച്ചത്. ലോകത്തിലെ തന്നെ മികച്ച കമ്പനികളിലൊന്നിലാണ് ജോലി ചെയ്തത്. വെല്ലുവിളികള്‍ ഞാന്‍ ഏറ്റെടുത്തിരുന്നു. അവയില്‍ നിന്നും ബിസിനസിനെ വളര്‍ത്താനായി ശ്രമിച്ചു. പക്ഷേ ഞാന്‍ പരാജയപ്പെട്ടു.

ഞാനൊരു ദീര്‍ഘനിശ്വാസമെടുത്തു. എന്റെ ഓഫീസിന്റെ പേരെഴുതിയ ബോര്‍ഡ് ചുമരില്‍നിന്നും ഇളക്കിയെടുത്തു. ആ ഒരു നിമിഷം എന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ നിമിഷമായിരുന്നു. കഴി!ഞ്ഞ വര്‍ഷത്തെ ഈ ദിവസം എന്റെ കണ്ണിലൂടെ മിന്നിമറഞ്ഞു. എന്റെ കൈയ്യില്‍ പിടിച്ചിരിക്കുന്ന ആ ബോര്‍ഡ് ഒന്നുകൂടി കാണാനുള്ള മാനസികാവസ്ഥ എനിക്ക് ഇല്ലായിരുന്നു.

സ്ഥാപനം അടച്ചുപൂട്ടിയതിനുശേഷമുള്ള മാസത്തിലെ ആദ്യ ദിവസം ഞാനെന്റെ അപ്പാര്‍ട്‌മെന്റില്‍തന്നെ ഇരുന്നു. പുറത്തോട്ടു പോയില്ല. ഭക്ഷണം ശരിയായി കഴിച്ചില്ല. എന്റെ സഹോദരിയോടും പ്രതിശ്രൂത വധുവിനോടും (ഇന്നെന്റെ ഭാര്യയാണ്) ഒഴികെ മറ്റാരോടും സംസാരിച്ചില്ല. മദ്യം കഴിച്ചില്ല. കഴിക്കണമെന്നു തോന്നിയില്ല. കുറച്ചുനാള്‍ ഇതേപടി തുടര്‍ന്നു. പതുക്കെ പതുക്കെ മറ്റു ജോലികള്‍ക്കായി ശ്രമിക്കാന്‍ തുടങ്ങി. അതെനിക്കു ബുദ്ധിമുട്ടുണ്ടാക്കി. കാരണം ഇതിനുമുന്‍പ് ഞാനൊരു മുതലാളിയായിരുന്നു. പക്ഷേ അതൊക്കെ മറന്നു ജോലിക്കായി ശ്രമിച്ചു.

ഇന്റര്‍വ്യൂകളില്‍ പങ്കെടുത്തു. അവയൊക്കെ വിജയിച്ചു. പലയിടങ്ങില്‍നിന്നും ജോലിക്കായി വിളിച്ചു. പക്ഷേ എനിക്കിഷ്ടപ്പെടുന്ന ഒന്നും അതില്‍ ഉണ്ടായിരുന്നില്ല. ഒരു ദിവസം കാര്‍ത്തിക് എന്നെ വിളിച്ചു. ഐഐടിഎമ്മിലെ എന്റെ സീനിയറായിരുന്നു. ആസ്പദ സ്റ്റാര്‍ട്ടപില്‍ ഞാനും അവന്റെ കൂടെ പ്രവര്‍ത്തിക്കണമെന്നു ആഗ്രഹം പ്രകടിപ്പിച്ചു. ഞാനവനു എന്റെ ബയോഡേറ്റ അയച്ചുകൊടുത്തിരുന്നില്ല.

ഞാനവനെ ചെന്നു കണ്ടു. ആസ്പദയിലെ ടീമംഗങ്ങള്‍ക്ക് ഞാന്‍ അപരിചിതനായിരുന്നു. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാനാണ് അവര്‍ ആഗ്രഹിച്ചത്. 40 മില്യന്‍ ഉപഭോക്താക്കളെ മറ്റു സ്റ്റാര്‍ട്ടപുകള്‍ ശല്യപ്പെടുത്തുന്നതുപോലെ ചെയ്യാന്‍ അവര്‍ താല്‍പര്യപ്പെട്ടില്ല. മാത്രമല്ല ഏറ്റവും പ്രധാനപ്പെട്ടത് അവരുടെ നിക്ഷേപത്തിനു ലാഭം ഉണ്ടാകണമെന്നായിരുന്നു. ഞാന്‍ ഇതിനെല്ലാം സമ്മതം അറിയിച്ചു.

ആസ്പദയില്‍ ചേര്‍ന്നതും ഞാനൊരു കാര്യം മനസില്‍ പറഞ്ഞ് ഉറപ്പിച്ചു. ഒരിക്കലും ഞാനെവിടെ നിന്നാണ് വരുന്നതെന്നു മറക്കരുത്. ഒരു വ്യവസായ സംരംഭകന്റെ ജീവിതമെന്നു പറയുന്നത് കഠിനമേറിയതാണ്. എപ്പോള്‍ വേണമെങ്കിലും ഒറ്റപ്പെട്ടു പോകും. നിങ്ങളുടെ ഭയങ്ങളെ മറ്റൊരൊളോടുമായി പങ്കുവയ്ക്കാന്‍ കഴിയില്ല. നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് ഒരിക്കലും നിങ്ങള്‍ ഒരുപാട് കഷ്ടതകള്‍ അനുഭവിക്കുന്നത് താങ്ങാനാവില്ല. ആ നിമിഷം അവര്‍ ബിസിനസ് അവസാനിപ്പിച്ച് മറ്റെന്തെങ്കിലും ജോലി നോക്കാന്‍ പറയും. ശമ്പളക്കാരായ നിങ്ങളുെട സുഹൃത്തുക്കള്‍ ബാങ്ക് ബാലന്‍സ് കാലിയായ നിങ്ങളെ ഒരിക്കലും മനസിലാക്കില്ല. നിങ്ങളുടെ മറ്റു ബിസിനസ് സംരംഭകര്‍ക്ക് അവരുടേതായ പ്രശ്‌നങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനു അവര്‍ക്ക് സമയം ഉണ്ടാകില്ല.

പക്ഷേ സത്യമായിട്ടും ഞാനെന്റെ സഹപ്രവര്‍ത്തകരുടെ ഭയവും, പ്രശ്‌നങ്ങളും, ഒറ്റപ്പെടലുകളും കൂടെനിന്നു കേട്ടിട്ടുണ്ട്.

സ്റ്റാര്‍ട്ടപുകള്‍ പലതും പൂട്ടിപ്പോകുന്നത് നിക്ഷേപമില്ലാത്തതുകൊണ്ടാണ്. ആ ഒരു ദിവസത്തെക്കുറിച്ച് എനിക്കൊരിക്കലും എഴുതി പ്രതിഫലിപ്പിക്കാനാവില്ല. കാരണം ഞാനിപ്പോഴും ആ വേദനയില്‍ നിന്നും മോചിതനായിട്ടില്ല. ഈ ലേഖനം എഴുതുമ്പോള്‍ പലസമയത്തും എന്റെ കൈവിരലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു.

എന്റെ സാഹചര്യത്തിലുള്ള ഒരു സംരംഭകന് ഇതു വായിച്ചു കഴിയുമ്പോള്‍ കുറച്ച് ആശ്വാസം ലഭിക്കുമെങ്കില്‍ അതിനുവേണ്ടിയാണ് ഞാനിത് എഴുതുന്നത്.