അതിവേഗ പരിഹാരവുമായി കെട്ടിട നിര്‍മാണ അദാലത്ത്

അതിവേഗ പരിഹാരവുമായി കെട്ടിട നിര്‍മാണ അദാലത്ത്

Monday January 30, 2017,

2 min Read

കെട്ടിട നിര്‍മാണ പരാതികള്‍ക്ക് അതിവേഗ പരിഹാരവുമായി കോര്‍പറേഷന്‍ അദാലത്ത്. ഉദ്യോഗസ്ഥര്‍ വര്‍ഷങ്ങളായി നീട്ടിക്കൊണ്ടുപോയ മിക്ക പാരിതകള്‍ക്കും നിമിഷങ്ങള്‍ക്കുള്ളിലാണ് മേയറും മന്ത്രി കെ ടി ജലീലും പങ്കെടുത്ത അദാലത്തില്‍ പരിഹാരമായത്. ഇതോടെ ജനങ്ങളെ അനാവശ്യമായി ഉദ്യോഗസ്ഥര്‍ വലയ്ക്കുകയാണെന്ന ആരോപണവും യാതാര്‍ഥ്യമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. 

image


2008 മുതലുള്ള പരാതികളാണ് അദാലത്തില്‍ എത്തിയത്. എന്നാല്‍ അതത് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മന്ത്രിയുടെ ഇടപെടലില്‍ നിമിഷങ്ങള്‍ കൊണ്ട് ഓരോന്നും പരിഹരിച്ചു. പലതിനും ഉദ്യോഗസ്ഥര്‍ പറഞ്ഞ മുട്ടാപോക്ക് ന്യായവാദങ്ങള്‍ മേയര്‍ വി കെ പ്രശാന്തും മന്ത്രി ജലീലും ഉള്‍പ്പെടുന്ന സംഘം ചെവി കൊടുത്തതുമില്ല. മൂന്ന് മാസം മുമ്പ് കെട്ടിട നമ്പറിനായി ആറ്റിപ്ര സോണല്‍ ഓഫീസില്‍ അപേക്ഷ നല്‍കിയ വി ആര്‍ ഹരികുമാര്‍ എന്നയാളിനാണ് അദാലത്തില്‍ ആദ്യ പ്രശ്‌നപരിഹാരം ഉണ്ടായത്. കഴക്കൂട്ടം കുളത്തൂര്‍ കുഴിവിള സ്വദേശിയാണ് ഇയാള്‍. റസിഡന്‍ഷ്യല്‍ സോണിലാണോ ഗ്രീന്‍ സോണിലാണോ കെട്ടിടം എന്ന സംശയത്തെ തുടര്‍ന്നാണ് നമ്പര്‍ നല്‍കാതിരുന്നത് . മന്ത്രിയുടെയും മേയറുടെയും മേല്‍ നോട്ടത്തില്‍ നിമിഷങ്ങള്‍ കൊണ്ട് റസിഡന്‍ഷ്യല്‍ സോണിലാണ് ഹരികുമാറിന്റെ കെട്ടിടം ഉള്‍പ്പെട്ടതെന്ന് മനസിലാക്കി നമ്പര്‍ നല്‍കി മന്ത്രി ആദ്യ പ്രശ്‌ന പരിഹാരമായി അത് പ്രഖ്യാപിച്ചു. ഇന്നലെ രാവിലെ പത്തിന് നടന്ന ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം 10.30 ഓടെയാണ് അദാലത്തിന് തുടക്കമായത്. അഞ്ച് കൗണ്ടറുകളിലൂടെ ടോക്കണ്‍ നല്‍കിയാണ് പൊതുജനങ്ങളെ അദാലത്ത് ഹാളില്‍ പ്രവേശിപ്പിച്ചത്. എത്തിയവര്‍ക്ക് വിശ്രമിക്കുന്നതിനായി കസേരകളും കുടിവെള്ളവും ഒരുക്കിയിരുന്നു. കൗണ്ടറുകളില്‍ നിന്നും ലഭിക്കുന്ന ടോക്കണുമായി അതാത് സെക്ഷന്‍ ഉദ്യോഗസ്ഥരുടെ അടുത്ത് എത്തുന്ന രീതിയിലാണ് സജ്ജീകരണം ഒരുക്കിയിരുന്നത്. ഉദ്യോഗസ്ഥരില്‍നിന്ന് മന്ത്രിയുടെ അടുത്തേക്ക് എത്തുന്ന രീതിയിലായിരുന്നു അദാലത്ത്. ഇതില്‍ അദാലത്ത് ആരംഭിച്ച ഉടന്‍ മന്ത്രിയുടെ അടുത്തെത്തിയ ആദ്യപേരുകാരന് രണ്ട് മിനിറ്റിനുള്ളില്‍ കെട്ടിട നമ്പര്‍ നല്‍കി എളുപ്പത്തില്‍ എങ്ങനെ കാര്യങ്ങള്‍ പൊതുജനത്തിന് സാധിച്ച് നല്‍കാമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് കാണിച്ച് കൊടുത്തു. 270 പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. ഭൂരിപക്ഷത്തിനും കാര്യമായ ചര്‍ച്ചകളോ സമയമോ വേണ്ടി വന്നില്ല. പലതും നിസാര പ്രശ്‌നങ്ങളുടെ പേരില്‍ ഉദ്യോഗസ്ഥര്‍ പൂഴ്ത്തി വച്ചിരുന്നതാണെന്ന് വ്യക്തമായി. കെട്ടിട നമ്പറിനായി എത്തുന്നവരെ കൈക്കൂലിക്കും മറ്റുമായി ഉദ്യോഗസ്ഥര്‍ എന്തുമാത്രം ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് അദാലത്ത് തെളിയിച്ചു. 2008 ല്‍ കുടംബസ്വത്ത് വീതംവെച്ചതില്‍ ലഭിച്ച രണ്ടര സെന്റ് വസ്തുവില്‍ കെട്ടിടം വച്ചതിന് ഇതുവരെ നമ്പര്‍ ലഭിക്കാത്ത പരാതിയുമാണ് വള്ളക്കടവ് സ്വദേശി അലാവുദ്ദീന്‍ അദാലത്തില്‍ എത്തിയത്. സ്ഥലം തികയാത്തതിനാല്‍ വീട് വെച്ചപ്പോള്‍ അതിര്‍ത്തിയില്‍ നിന്ന് നിശ്ചിത അകലം പാലിക്കാതെ നിര്‍മാണം നടത്തിയതിനാല്‍ ഇതുവരെ കെട്ടിട നമ്പര്‍ നല്‍കിയില്ല. എന്നാല്‍ നിയമപരമായി താല്‍കാലിക നമ്പര്‍ നല്‍കാം. ഇതിന്റെ അടിസ്ഥാനത്തില്‍ അദാലത്തില്‍ നിന്നും താല്‍ക്കാലിക നമ്പര്‍ നല്‍കി. ഇങ്ങനെ അതത് സെക്ഷന്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ മനസറിഞ്ഞ് പരിശ്രമിച്ചിരുന്നുവെങ്കില്‍ വളരെ എളുപ്പത്തില്‍ തീര്‍ക്കാവുന്ന പരാതികളാണ് അദാലത്തില്‍ പരിഹാരമായത്.