തലസ്ഥാനത്തിന് അഭിമാനമായി താളിയോല മ്യൂസിയം തിരുവനന്തപുരത്ത്

0

ലോകത്തെ ഏറ്റവും വലിയ താളിയോല മ്യൂസിയം തിരുവനന്തപുരത്ത് ഒരുങ്ങുന്നു. പുരാരേഖാ ആര്‍ക്കൈവ്‌സ് വകുപ്പിന്റെ കയ്യിലുള്ള താളിയോലകളുടെ അമൂല്യ ശേഖരം മ്യൂസിയമാക്കുന്ന പ്രവര്‍ത്തനം പ്രാഥമിക ഘട്ടത്തിലാണ്. പടിഞ്ഞാറെ കോട്ടയിലെ ആര്‍ക്കൈവ്‌സ് കെട്ടിടത്തിലാണ് മ്യൂസിയം ഒരുങ്ങുന്നത്. താളിയോലകളെ കുറിച്ച് കേട്ടുമാത്രം പരിചയിച്ചിട്ടുള്ള പുതിയ തലമുറയ്ക്ക് അവ മനസിലാക്കാനും ചരിത്രാന്വേഷികള്‍ക്ക് കൂടുതല്‍ അറിവു പകരാനും ഈ മ്യൂസിയം സഹായമാകും.

14ാം നൂറ്റാണ്ടു മുതലുള്ള താളിയോലകളും പേപ്പര്‍ ശേഖരങ്ങളും അടങ്ങുന്ന രേഖകളാണ് പുരാരേഖാ ആര്‍ക്കൈവിലുള്ളത്. 25 വര്‍ഷം വരെ പഴക്കമുള്ള രേഖകളാണ് ഇവിടെ സൂക്ഷിക്കുക. ഫോര്‍ട്ട് താലൂക്ക് ആശുപത്രിക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന സെന്‍ട്രല്‍ ആര്‍ക്കൈവ്‌സിലും കേരള ആര്‍ക്കൈവ്‌സിന്റെ ആസ്ഥാനമായ നന്തന്‍കോട് നളന്ദയിലുമായാണ് താളിയോലകള്‍ സൂക്ഷിച്ചിട്ടുള്ളത്. ഒരു കോടിയിലധികം വരുന്ന താളിയോലകളാണ് ആര്‍ക്കൈവ്‌സിന്റെ തലസ്ഥാനത്തെ രണ്ടു കെട്ടിടങ്ങളിലുമായി സൂക്ഷിച്ചിരിക്കുന്നത്. മ്യൂസിയം തയാറാകുന്നതോടെ താളിയോലകള്‍ ഒരുമിച്ച് സൂക്ഷിക്കാന്‍ സാധിക്കും.

ചുരുണകളായാണ് താളിയോലകള്‍ സൂക്ഷിച്ചിട്ടുള്ളത്. 90 സെ.മി വരുന്ന ഒരു ചുരുണയില്‍ 1000 ഓലകളുണ്ടാകും. വിവിധ വിഷയങ്ങള്‍ ഈ ചുരുണകളില്‍ അടങ്ങിയിരിക്കുന്നു. തിരുവിതാംകൂര്‍ ചരിത്രവുമായി ബന്ധപ്പെട്ട മതിലകം രേഖകള്‍ 3000 ചുരുണകളിലായാണ് ഉള്‍ക്കൊള്ളുന്നത്. തിരുവിതാംകൂര്‍ രാജഭരണകാലത്തെ നീട്ടുകള്‍ (ഉത്തരവുകള്‍), ഭൂമി ക്രയവിക്രയ രേഖകള്‍, കോടതി രേഖകള്‍ ഇവയെല്ലാം ചുരുണകളായി സൂക്ഷിച്ചിട്ടുണ്ട്. വട്ടെഴുത്ത്, കോലെഴുത്ത് തുടങ്ങിയ പഴയ ലിപി സമ്പ്രദായത്തിലാണ് താളിയോലകളിലുള്ളത്. ഇത് വിവര്‍ത്തനം ചെയ്യുന്ന ജോലിയും പുരോഗമിക്കുകയാണ്. മാനുസ്‌ക്രിപ്‌റ്റോളജിയില്‍ എം ഫില്‍, പി എച്ച് ഡി ഉള്ളവരാണ് വിവര്‍ത്തനം ചെയ്യുന്നത്. ഈ രേഖകളുടെ ഡിജിറ്റലൈസേഷന്‍ ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു.

കേരളപ്പിറവിക്ക് മുമ്പും ശേഷവുമുള്ള സകല രേഖകളും സൂക്ഷിച്ചിരിക്കുന്നത് ആര്‍ക്കൈവ്‌സിലാണ്. 1765 മുതല്‍ക്കുള്ള സെക്രട്ടറിയേറ്റ് രേഖകളും ഇവിടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്തെ രേഖകളും പഴയ നാട്ടുരാജ്യങ്ങളുമായി ബന്ധപ്പെട്ട രേഖകളും ഇതില്‍പെടുന്നു. 1903 മുതലാണ് വകുപ്പുകള്‍ തിരിച്ച് ശേഖരിച്ച് തുടങ്ങിയത്. 43 വകുപ്പുകളിലെ രേഖകളായിട്ടാണ് തരം തിരിച്ചിട്ടുള്ളത്. മൂന്ന് റപ്പോസിറ്ററികളിലായിട്ടാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. താളിയോലകള്‍ക്കു പുറമെ പേപ്പറുകളിലും മറ്റുമുള്ള രേഖകളും ആര്‍ക്കൈവ്‌സില്‍ സൂക്ഷിക്കുന്നുണ്ട്. ശാസ്ത്രീയമായ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ രേഖകള്‍ കേടുപാടു കൂടാതെ സൂക്ഷിക്കുന്നത്. അനുകൂലമായ അന്തരീക്ഷമൊരുക്കി സസൂക്ഷ്മമാണ് രേഖകള്‍ കൈകാര്യം ചെയ്യുന്നത്. താളിയോലകളിലെ അക്ഷരങ്ങള്‍ മാഞ്ഞുപോകാതിരിക്കാനും കാലപ്പഴക്കം മറികടക്കാനുമുള്ള ശാസ്ത്രീയമാര്‍ഗ്ഗം ആര്‍ക്കൈവ്‌സില്‍ ഒരുക്കിയിട്ടുണ്ട്.

പടിഞ്ഞാറെ കോട്ടയിലെ ആര്‍ക്കൈവ്‌സ് കെട്ടിടം പുതുക്കിപ്പണിയുന്ന ആലോചനയിലാണ് ആര്‍ക്കൈവ്‌സ് വിഭാഗം. ഏറെ കാലപ്പഴക്കമുള്ളതാണ് നിലവിലെ കെട്ടിടം. താളിയോലകള്‍ സൂക്ഷിക്കാവുന്ന വിധത്തിലാണ് കെട്ടിടം നവീകരിക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള താളിയോലകളും രേഖകളും സൂക്ഷിക്കാന്‍ ഉതകും വിധമാണ് മ്യൂസിയം പണിതീര്‍ക്കേണ്ടത്. ഇത് വര്‍ഷങ്ങളുടെ പ്രവൃത്തിയും പണച്ചെലവുമുള്ള പ്രവര്‍ത്തനമാണ്.