യുവര്‍ സ്റ്റോറി 'ഭാഷ' 2016ന് ദില്ലിയില്‍ തുടക്കമായി

യുവര്‍ സ്റ്റോറി 'ഭാഷ' 2016ന് ദില്ലിയില്‍ തുടക്കമായി

Friday March 11, 2016,

2 min Read

ഇന്ത്യന്‍ ഭാഷയുടെ ഡിജിറ്റല്‍ ഉത്സവമായ 'ഭാഷ' 2016ന് ഡല്‍ഹിയില്‍ തുടക്കമായി. യുവര്‍ സ്റ്റോറി സ്ഥാപകയും ചീഫ് എഡിറ്ററുമായ ശ്രദ്ധ ശര്‍മ്മ, യുവര്‍ സ്റ്റോറി മാനേജിംഗ് എഡിറ്റര്‍ ഡോ. അരവിന്ദ് യാദവ് എന്നിവര്‍ ചേര്‍ന്ന് ന്യൂഡല്‍ഹി ഹോട്ടല്‍ ഗ്രാന്റില്‍ ചേര്‍ന്ന ചടങ്ങില്‍ 'ഭാഷ' 2016ന് തിരിതെളിച്ചു. ഡിജിറ്റല്‍ സാങ്കേതിക രംഗത്ത് ഇന്ത്യന്‍ പ്രാദേശിക ഭാഷകള്‍ക്കുള്ള പ്രാതിനിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭാഷക്ക് യുവര്‍ സ്‌റ്റോറി തുടക്കമിട്ടത്. 

image


ഭാഷ തന്നെയാണ് നമ്മുടെ സംസ്‌കാരവും ജീവിതവുമെന്ന് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് ശ്രദ്ധ ശര്‍മ്മ പറഞ്ഞു. യുവര്‍‌സ്റ്റോറി നിലവില്‍ 12 വ്യത്യസ്ത ഭാഷകളിലായി വിജയകഥകള്‍ ഭാരതത്തിനും ലോകത്തിനും മുന്നില്‍ അവതരിപ്പിക്കുന്നുണ്ട്. അതു കൊണ്ടു തന്നെ അതാത് പ്രദേശിക ഭാഷകളുടെ സമ്മേളനം ഈ ഘട്ടത്തില്‍ ഒരു അനിവാര്യതയാണ്. അതാണ് ഈ ഭാഷാ സമ്മേളനത്തിന്റെ പ്രസക്തിയും. ജനങ്ങള്‍ തങ്ങളുടെ കാര്യങ്ങള്‍ മാതൃഭാഷയില്‍ അവതരിപ്പിക്കുമ്പോഴും സമൂഹം അത് അംഗീകരിക്കുമ്പോഴുമാണ് രാജ്യത്തിന് വികാസമുണ്ടാകുന്നത്.

image


സ്വന്തം ഭാഷയെന്ന വികാരം വ്യക്തമാക്കാന്‍ ശ്രദ്ധ ശര്‍മ്മ തന്റെ കുട്ടിക്കാലത്തെ ഒരു സംഭവം ഓര്‍ത്തെടുത്തു. തന്റെ അമ്മ മക്കളെയെല്ലാം ഇംഗ്ലീഷ് പഠിപ്പിക്കാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. അതിനായി അമ്മ ഞങ്ങളെയെല്ലാം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ചേര്‍ത്തു. അവിടെ അധ്യാപക രക്ഷകര്‍തൃ മീറ്റിംഗില്‍ പങ്കെടുക്കാനായി അമ്മ എത്തിയപ്പോള്‍ അമ്മക്ക് ഇംഗ്ലീഷില്‍ സംസാരിക്കാനാകാത്തത് എനിക്ക് പ്രയാസമായി. ഇംഗ്ലീഷ് പഠിച്ചു വന്നിരുന്ന ഞാന്‍ തന്നെ അമ്മക്കു വേണ്ടി സംസാരിച്ചു. ഞാന്‍ പത്താം ക്ലാസിലായപ്പോള്‍ ഇതു പോലൊരു മീറ്റിംഗിനായി അമ്മ വീണ്ടും സ്‌കൂളില്‍ എത്തി. അമ്മയെ സഹായിക്കാന്‍ ഇംഗ്ലീഷില്‍ സംസാരിക്കാനായി ഞാന്‍ എഴുന്നേറ്റപ്പോള്‍ അമ്മ എന്നെ തടുത്തു. അമ്മ പറഞ്ഞു- നിങ്ങള്‍ക്ക് ഇംഗ്ലീഷില്‍ സംസാരിക്കാനാകുമെങ്കില്‍ ആയിക്കോളൂ. എന്നാല്‍ എനിക്ക് എന്റെ ഹിന്ദി സംസാരിക്കുന്നതില്‍ ഒരു കുറച്ചിലും തോന്നുന്നില്ല. നിങ്ങള്‍ക്ക് ഇംഗ്ലീഷില്‍ അറിവുണ്ടാകാനായാണ് നിങ്ങളെ ഈ സ്‌കൂളില്‍ ചേര്‍ത്തത്. അതു കൊണ്ട് എന്ന ഹിന്ദിയില്‍ സംസാരിക്കാന്‍ അനുവദിക്കൂ എന്നു പറഞ്ഞാണ് അമ്മ അന്നവിടെ സംസാരിച്ചത്. ഇതിനര്‍ഥം ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ക്ക് എല്ലാം അറിയാമെന്നോ ഹിന്ദി സംസാരിക്കുന്നവര്‍ രണ്ടാം തരക്കാരാണെന്നോ കരുതേണ്ടതില്ല എന്ന സന്ദേശമാണ് എനിക്ക് എന്റെ അമ്മ നല്‍കിയത്. ഓരോരുത്തര്‍ക്കും അവരവരുടെ മാതൃഭാഷ അഭിമാനമാണ്. ഒരു ഭാഷ മറ്റൊരു ഭാഷയേക്കാള്‍ താഴെയല്ല. ഭാഷകള്‍ ഒരുമിച്ചു നില്‍ക്കുമ്പോള്‍ ലഭിക്കുന്ന ആത്മവിശ്വാസവും ധൈര്യവും ഒന്നു വേറെ തന്നെയാണ്. ഞാന്‍ എന്ന വാക്കിന് പകരം നമ്മള്‍ എന്ന വാക്കാണ് ലോകത്തെ മുന്നോട്ട് നയിക്കുന്നത്. അതു കൊണ്ടു തന്നെ ഭാഷകളുടെ കൂട്ടായ്മക്കായി നമ്മള്‍ ഒരുമിച്ചു നില്‍ക്കണമെന്നും ശ്രദ്ധ ശര്‍മ്മ പറഞ്ഞു. 

image


 ഇന്ത്യയിലെ 1.31 ബില്യന്‍ ജനസംഖ്യയില്‍ 120 മില്യന്‍ ജനങ്ങള്‍ക്ക് മാത്രമാണ് ഇംഗ്ലീഷ് സംസാരിക്കാനാകുന്നത്. ഇത് മൊത്തം ഇന്ത്യന്‍ ജനസംഖ്യയുടെ 10 ശതമാനം മാത്രമാണ് എന്നതാണ് വസ്തുത. ബാക്കി 90 ശതമാനം പേര്‍ക്കും അവരവരുടെ മാതൃഭാഷ മാത്രമാണ് അറിയാവുന്നത്. ലോകം അതിവേഗം വളരുമ്പോഴും ഇംഗ്ലീഷ് അറിയാത്തതിനാല്‍ അതിന്റെ ഒഴുക്കിനൊപ്പം നീന്താനാകാതെ മാറിനില്‍ക്കേണ്ടി വരുന്ന വലിയൊരു ജനസമൂഹം ഇന്ത്യയിലുണ്ട്. സേവനങ്ങളും വിപണിയും ഡിജിറ്റല്‍ രംഗത്തിന്റെ സഹായത്തോടെ വളരുന്ന ആധുനിക കാലത്ത് ഐ ടി രംഗം നേരിടുന്ന പ്രധാന പ്രശ്‌നം സേവനങ്ങള്‍ പ്രാദേശിക ഭാഷാവിഭാഗങ്ങളിലേക്ക് എത്തിക്കാനാകുന്നില്ല എന്നതാണ്. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് ഡിജിറ്റല്‍ സാങ്കേതിക മേഖലില്‍ പ്രാദേശിക ഭാഷാ സംവേദനം സാധ്യമാകണമെന്ന ലക്ഷ്യത്തോടെ യുവര്‍സ്‌റ്റോറി ഭാഷക്ക് തുടക്കമിട്ടത്. ഇന്ത്യയില്‍ 957 മില്യന്‍ ടെലികോം ഉപഭോക്താക്കളാണുള്ളത്. 

image


ഇതില്‍ 10 മില്യന്‍ ജനങ്ങളോളം പേര്‍ ഇന്റര്‍നെറ്റിന്റെ സേവനം ആദ്യമായാണ് ഉപയുക്തമാക്കുന്നത്. പ്രധാനമായും ഇതിനായി മൊബൈലിനെയാണ് ജനങ്ങള്‍ ഇന്ന് ആശ്രയിക്കുന്നത്. ഇന്ത്യയിലെ 100 മില്യന്‍ ഫേസ് ബുക്ക് ഉപഭോക്താക്കളില്‍ 85 ശതമാനും പേരും മൊബൈലിലൂടെയാണ് ഇത് ഉപയോഗിക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ ഭാവിയില്‍ പ്രാദേശിക ജനതയെ പ്രാദേശിക ഭാഷയില്‍ അഭിമുഖീകരിക്കാതെ ഡിജിറ്റല്‍ ലോകത്തിന് മാറിനില്‍ക്കാനാകില്ല. അതിനുള്ള നാന്ദി കൂടിയായി മാറുകയാണ് ഭാഷ 2016