വനിതാ കൊമേഡിയന്‍ നീതി പാല്‍ട്ട

0

കൊമേഡിയന്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസില്‍ ആദ്യം ഓടിയെത്തുന്നത് പുരുഷന്മാരായ കോമഡി താരങ്ങളുടേയും ടിവി അവതാരകരുടേയും മറ്റും മുഖമാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കോമഡി എന്നത് പുരുഷന് മാത്രം മുദ്ര വച്ച് നല്‍കിയ മേഖലയാണോ? ഇവിടെയാണ് നാം നീതി പാല്‍ട്ട എന്ന യുവതിയെപ്പറ്റി മനസിലാക്കേണ്ടത്. സ്റ്റാന്‍ഡ് അപ് കോമഡി അവതരിപ്പിച്ച് പ്രേക്ഷകരെ കൈയിലെടുത്ത നീതിയുടെ കഥയാണിത്.

തികച്ചും ആകസ്മികമായാണ് നീതി ഈ മേഖലയില്‍ എത്തിപ്പെട്ടത്. ആദ്യം പരസ്യചിത്രങ്ങളിലായിരുന്നു നീതിയുടെ ജോലി. അവിടെ അവള്‍ സീനിയര്‍ ആര്‍ട്ട് ഡയറക്ടറായിരുന്നു. എന്നാല്‍ അവളുടെ ഭാഷയില്‍ 'യുവാക്കള്‍ക്കിടയില്‍ കോള വിറ്റ്' മടുത്തതോടെ നീതി ആ മേഖലയോട് ബൈ പറഞ്ഞു. അതിന് ശേഷം അവള്‍ ഒരു കുട്ടികളുടെ ചാനലിലെ പരിപാടിയുടെ എപ്പിസോഡുകള്‍ എഴുതിത്തുടങ്ങി. നാല് വര്‍ഷത്തോളം ആ ഷോ മുന്നോട്ട് പോയി.

അതിന് ശേഷം മറ്റൊരു പരിപാടിയില്‍ തത്സമയ ശബ്ദ എഫക്ടുകള്‍ തയ്യാറാക്കുന്ന ജോലിയും നീതി ചെയ്തു. ഈ പരിപാടിയാണ് അവളുടെ ജീവിതത്തില്‍ കാതലായ മാറ്റം ഉണ്ടാക്കിയത്. ഈ ഷോയിലെ നീതിയുടെ പ്രകടനം പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു. ഇതാണ് തന്നെ ഒരു ഹാസ്യതാരമാക്കി മാറ്റിയതെന്ന് അവര്‍ വ്യക്തമാക്കി.

ഒരു കൊമേഡിയന്‍ ആകുന്നത് അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് നീതി പറയുന്നത്. താന്‍ എല്ലായ്‌പ്പോഴും വളരെ രസകരമായ എന്തെങ്കിലും ജീവിതത്തില്‍ നിന്നും കണ്ടെത്താന്‍ ശ്രമിച്ചിരുന്നു. ഒരു കുടുംബത്തിലോ സംഘത്തിലോ ആര്‍ക്ക് വേണമെങ്കിലും രസികനാകാം, എന്നാല്‍ അതൊരു വേദിയില്‍ അവതരിപ്പിക്കുക എന്നത് അല്‍പം വ്യത്യസ്തമാണ്.

ആദ്യമായി പബ്ബുകളിലാണ് നീതി ഹാസ്യാവതരണം നടത്തിയത്. അവിടെ കുടിക്കാനും കഴിക്കാനുമായി വരുന്നവരെ രസിപ്പിക്കുകയാണ് തൊഴില്‍. ഈ ജോലി ചെയ്യണമെങ്കില്‍ ഹാസ്യതാരത്തിന് കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടി വേണമെന്നാണ് നീതിയുടെ പക്ഷം. താന്‍ പല തവണ അവഗണിക്കപ്പെട്ടിട്ടുണ്ടെന്നും തന്നെ വിഷമിപ്പിക്കുകയും ദേഷ്യപ്പെടുത്തുകയും ചെയ്ത പല സംഭവങ്ങളില്‍ നിന്നും തനിക്ക് കോമഡി അവതരിപ്പിക്കാന്‍ സാധിക്കുന്ന പല ഐഡിയകളും ലഭിച്ചതായും അവര്‍ വ്യക്തമാക്കി.

തമാശ കേള്‍ക്കുന്നവരുടെ മനോഭാവമാണ് മറ്റെരു പ്രധാന വിഷയം. ഭക്ഷണശാലയായതിനാല്‍ പലപ്പോഴും നമ്മള്‍ പറയുന്ന തമാശകളൊന്നും അവരുടെ ബഹളത്തിനിടെ ശരിക്കും വ്യക്തമാകണമെന്നില്ല. ചിലപ്പോള്‍ അവര്‍ ഇടയ്ക്ക് ഉച്ചത്തില്‍ സംസാരിക്കും.മറ്റു ചിലപ്പോള്‍ നമ്മള്‍ പറയുന്നത് അവര്‍ ശ്രദ്ധിക്കില്ല. ഇത് നമ്മെ അപമാനിക്കുന്നതു പോലെ ഇടയ്ക്ക് തോന്നും. തമാശയുടെ ഒരു വരി ശ്രദ്ധിക്കാതെ ബാക്കി ഭാഗം ശ്രദ്ധിക്കുന്ന വ്യക്തിക്ക് ഒരുപക്ഷെ അതിലെ ഹാസ്യം മനസിലാക്കാന്‍ സാധിച്ചെന്നു വരില്ലെന്നും നീതി വ്യക്തമാക്കി.

ഒരു മികച്ച ഹാസ്യതാരമാകാന്‍ നല്ല പരിശീലനം ആവശ്യമാണെന്നാണ് നീതിയുടെ അഭിപ്രായം. വിഷയവും തിരക്കഥയുമെല്ലാം തയ്യാറായാല്‍ അത് അവതരിപ്പിക്കേണ്ടത് എങ്ങനെയെന്ന് വ്യക്തമായി മനസിലാക്കിയിരിക്കേണ്ടത് ആവശ്യമാണ്. എല്ലായ്‌പ്പോഴും പുതിയ വിഷയങ്ങള്‍ കണ്ടെത്തുക എന്നത് കുറച്ച് പ്രയാസകരമാണ്. എല്ലാവര്‍ക്കും ഒരേ ഗാനം പല തവണ ആസ്വദിക്കാം, എന്നാല്‍ ഒരേ തമാശ വീണ്ടും സഹിക്കാന്‍ അവര്‍ തയ്യാറാകില്ല എന്നും അവര്‍ പറഞ്ഞു.

താന്‍ പരിപാടി അവതരിപ്പിക്കുമ്പോള്‍ ചിലര്‍ തന്നെപ്പറ്റി കമന്റുകള്‍ പറയാറുണ്ടെന്ന് നീതി പറഞ്ഞു. ചിലര്‍ നേരിട്ടെത്തി അഭിനന്ദിക്കാറുണ്ട്. തന്റെ തമാശകള്‍ കേട്ട് ജനങ്ങള്‍ ചിരിക്കുന്നത് തനിക്കേറെ സംതൃപ്തി നല്‍കുന്നുണ്ടെന്നാണ് നീതിയുടെ അഭിപ്രായം. തനിക്ക് സുഖമില്ലാത്ത സമയത്ത് പോലും താന്‍ പരിശീലനം നടത്താനും പരിപാടി വിജയമാക്കാനും ശ്രമിച്ചിട്ടുണ്ടെന്നും അവള്‍ പറഞ്ഞു.

ഒരിക്കല്‍ തന്റെ പരിപാടി കാണാന്‍ നീതി അവളുടെ മാതാപിതാക്കളേയും കൊണ്ടുവന്നു. നീതി ഹാസ്യതാരമായി ഒരു വര്‍ഷത്തിന് ശേഷമാണിത്. ആദ്യമൊന്നും മകളെ ഹാസ്യതാരമായി കാണാന്‍ അവര്‍ക്ക് ഇഷ്ടമുണ്ടായിരുന്നില്ല. നീതിയുടെ അച്ഛന്‍ ഒരു സൈനികനായിരുന്നു. മകള്‍ എഴുത്തുകാരിയെന്ന് അറിയപ്പെടാനായിരുന്നു അദ്ദേഹത്തിന് താല്‍പര്യം. അതിനാല്‍ തന്നെ ഒട്ട് ആശങ്കയോടെയാണ് അവള്‍ മാതാപിതാക്കളെ ജോലി ലഭിച്ച് ഒരു വര്‍ഷത്തിന് ശേഷം തന്റെ പ്രകടനം നേരില്‍ കാണാന്‍ ക്ഷണിക്കുന്നത്.

പരിപാടി അവസാനിച്ചപ്പോള്‍ ഒരു സര്‍ദാര്‍ജി വന്ന് നീതിയെ അഭിനന്ദിച്ചു. ഇതിനു മുമ്പ് ഹാസ്യം അവതരിപ്പിച്ചിരുന്നവര്‍ മോശം ഭാഷയാണ് തമാശയായി അവതരിപ്പിച്ചതെന്നും അവ തന്റെ കുട്ടികള്‍ക്ക് മുന്നിലിരുന്ന് കേട്ടപ്പോള്‍ അരോചകമായിരുന്നെന്നും സര്‍ദാര്‍ജി പറഞ്ഞു. നീതിയുടെ തമാശകള്‍ തന്റെ മക്കള്‍ നന്നായി ആസ്വദിച്ചെന്നും അവളുടെ മാതാപിതാക്കള്‍ക്ക് ഇത്തരമൊരു മകളെ ലഭിച്ചതില്‍ അഭിമാനിക്കാമെന്നും സര്‍ദാര്‍ജി പറഞ്ഞു. ഇത് കേട്ടുകൊണ്ട് നീതിയുടെ മാതാപിതാക്കള്‍ തൊട്ടടുത്തു തന്നെ ഉണ്ടായിരുന്നു. ഈ സംഭവം തനിക്കേറെ അഭിമാനമുണ്ടാക്കിയതായി നീതി വ്യക്തമാക്കി.

ഇതോടൊപ്പം ഒരു സിനിമയ്ക്ക് തിരക്കഥയൊരുക്കുകയും ചെയ്ത മിടുക്കിയാണ് നീതി. ഓ തേരി എന്ന് പേരിട്ട സിനിമയുടെ സഹതിരക്കഥാകൃത്തായിരുന്നു അവള്‍. സല്‍മാന്‍ ഖാനാണ് ചിത്രത്തിന്റെ വിവരണം നടത്തിയത്. അദ്ദേഹത്തിന്റെ അളിയന്‍ അതുല്‍ അഗ്‌നിഹോത്രിയാണ് ചിത്രം നിര്‍മിച്ചത്.

രാജ്യത്താകമാനമുള്ള ഹാസ്യതാരങ്ങളെ ഒന്നിപ്പിക്കുന്ന ലൂണി ഗൂണ്‍സ് എന്നൊരു ആശയവും നീതി മുന്നോട്ട് വച്ചിട്ടുണ്ട്. ഒരിക്കല്‍ തന്നെ ഡല്‍ഹിയിലെ ഒരു സ്‌റ്റേജില്‍ വച്ച് കണ്ട ഒരു യുവാവില്‍ നിന്നും ലഭിച്ച ആശയത്തിലാണ് ഡല്‍ഹിയില്‍ ഒരു കോമഡി സര്‍ക്യൂട്ട് ആരംഭിക്കാന്‍ തീരുമാനിച്ചതും തുടര്‍ന്ന് ലൂണി ഗൂണ്‍സ് പിറന്നതും. ഇതിലൂടെ താന്‍ പല ഹാസ്യതാരങ്ങളുമായി ബന്ധപ്പെടുകയും അവര്‍ക്കൊപ്പം പ്രകടനങ്ങള്‍ നടത്തുകയും ചെയ്യാറുണ്ടെന്നും നീതി പറഞ്ഞു.

കോമഡിയെ കരിയറാക്കന്‍ ആഗ്രഹിക്കുന്ന മറ്റ് സ്ത്രീകളെ നീതി പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ധൈര്യമായി മുന്നോട്ട് പോകണമെന്നാണ് നീതിക്ക് അവരോട് പറയാനുള്ളത്. നിങ്ങളൊരു സന്തുഷ്ടനായ വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് മറ്റുള്ളവരേയും സന്തോഷിപ്പിക്കാനാകും. സമ്മര്‍ദ്ദത്തിനും വിഷമങ്ങള്‍ക്കും അടിമപ്പെട്ടിരിക്കുന്ന പലരേയും താന്‍ കണ്ടിട്ടുണ്ടെന്നും അത്തരത്തിലുള്ളവരെ ചിരിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നുണ്ടെങ്കില്‍ കോമഡി നിങ്ങള്‍ക്ക് പറ്റിയ മേഖലയാണെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു.