പ്രതിസന്ധികളില്‍ തളരാത്ത ആംആദ്മി പാര്‍ട്ടി

പ്രതിസന്ധികളില്‍ തളരാത്ത  ആംആദ്മി പാര്‍ട്ടി

Thursday April 07, 2016,

4 min Read


ഒരു സ്റ്റാര്‍ട്ട് അപ് കമ്പനി വിജയിപ്പിച്ചെടുക്കുന്നതിന്റെ ബുദ്ധിമുട്ട് അത് നടത്തുന്നവര്‍ക്ക് മാത്രമറിയാവുന്ന കാര്യമാണ്. ഇതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന് പറഞ്ഞു വെക്കുകയാണ് ആം ആദ്മി നേതാവ് അഷുതോഷ്. സ്റ്റാര്‍ട്ട് അപ്പുകളുടെ കാലത്ത് താന്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അതിജീവനത്തിന്റെ വഴികള്‍ അദ്ദേഹം യുവര്‍‌സ്റ്റോറിയുമായി പങ്കു വെക്കുന്നു.
image


പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ശേഖര്‍ ഗുപ്ത അവതരിപ്പിക്കുന്ന എന്‍ ഡി ടി വിയുടെ 'വാക്ക് ദി ടോക്ക്' പരിപാടി ഞാന്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഈ പരിപാടി കാണണമെന്നു നിര്‍ബന്ധമുള്ളൊരാളല്ല ഞാനെന്നു സമ്മതിക്കുന്നു. പക്ഷേ അന്ന് രണ്ടു കോളജ് വിദ്യാര്‍ഥികള്‍ ശേഖര്‍ ഗുപ്തയോട് സംസാരിക്കുന്നതു കണ്ട് ഞാന്‍ ശരിക്കും സ്തബ്ധനായി. സ്‌നാപ്ഡീല്‍ സ്ഥാപകരായ കുണാള്‍ ബാഹ്‌ലും രോഹിത് ബെന്‍സാലുമായിരുന്നു അതെന്നു മനസ്സിലാക്കാന്‍ എനിക്കധികം സമയം വേണ്ടിവന്നില്ല. 27,5000 വില്‍പ്പനക്കാരും 30 മില്യന്‍ സാധനങ്ങളും ഇന്ത്യയിലുടനീളമായി 6000 പട്ടണങ്ങളിലും നഗരങ്ങളിലും സാന്നിധ്യമറിയിച്ച വെറും 6 വര്‍ഷത്തെ ചരിത്രം മാത്രമുള്ള സ്‌നാപ്ഡീല്‍. ഈ രണ്ടു ബിസിനസുകാര്‍ക്കും 30 വയസ്സ് തികഞ്ഞിട്ടില്ല. പക്ഷേ അതിനുമുന്‍പ് തന്നെ സ്റ്റാര്‍ട്ടപ് രംഗത്ത് അവര്‍ സ്വന്തം സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.

image


സ്വന്തം കമ്പനി തുടങ്ങുന്നതിനുമുന്‍പ് മരണം മുഖാമുഖം കണ്ട നിരവധി സാഹചര്യങ്ങള്‍ ഉണ്ടായതായി അവര്‍ രണ്ടുപേരും ശേഖറിനോട് പറഞ്ഞു. 2007 ലെ ഒരു സംഭവത്തെക്കുറിച്ച് അവര്‍ ഓര്‍ത്തെടുത്തു. ബാങ്കില്‍ 50,000 രൂപ മാത്രമാണുണ്ടായിരുന്നത്. പിറ്റേ ദിവസം ജോലിക്കാര്‍ക്ക് ശമ്പളം നല്‍കാനായി 5 ലക്ഷം രൂപ വേണം. കമ്പനി അടച്ചുപൂട്ടേണ്ടി വരുമെന്നും പുതിയൊരു ജോലി കണ്ടെത്തേണ്ടി വരുമെന്നും ചിന്തിച്ച സാഹചര്യമായിരുന്നു അത്. എന്നാല്‍ കുണാളും രോഹിതും തളര്‍ന്നില്ല. സുഹൃത്തുക്കളില്‍നിന്നും കടം വാങ്ങി കമ്പനി മുന്നോട്ടു കൊണ്ടുപോയി. 2013 ലും സമാനമായൊരു സാഹചര്യമുണ്ടായി. ഒരു ലക്ഷം ഡോളര്‍ കയ്യില്‍ ഉണ്ടായിരുന്നു. എന്നാല്‍ 5 ലക്ഷം ഡോളര്‍ അടയ്ക്കണമായിരുന്നു. എല്ലാ പ്രതീക്ഷകളും തകര്‍ന്ന അവസ്ഥയായിരുന്നത്. എന്നാല്‍ അതിനെയും അവര്‍ തരണം ചെയ്തു. ഇന്നവര്‍ എത്തിനില്‍ക്കുന്നത് എവിടെയാണെന്നു നോക്കുക. ഇത്രയും ഭയങ്കരമായ അവസ്ഥയെ തരണം ചെയ്ത് മുന്നോട്ടുപോകാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിഞ്ഞുവെന്നു ചോദിച്ചപ്പോള്‍ സ്വയം തങ്ങളിലും ബിസിനസിലും ഉള്ള വിശ്വാസമാണെന്നായിരുന്നു പുഞ്ചിരിയോടെയുള്ള ഇരുവരുടെയും മറുപടി.

image


ഈ നിമിഷം എനിക്ക് വളരെ ഗൃഹാതുരത്വമായി തോന്നി. ഞാന്‍ എന്റെ തന്നെ അനുഭവങ്ങളെക്കുറിച്ച് ഓര്‍ത്തു. സ്റ്റാര്‍ട്ടപ്പിന്റെ ഈ കാലഘട്ടത്തില്‍ വളരെയധികം വ്യത്യസ്തമായൊരു രാഷ്ട്രീയ സ്റ്റാര്‍ട്ടപാണ് ആംആദ്മി പാര്‍ട്ടി (എ എ പി). അഴിമതിക്കെതിരെ തുടങ്ങിയ അണ്ണാ ഹസാരെയുടെ സമരമാണ് എഎപിക്ക് തുടക്കമിട്ടത്. അഴിമതിക്കെതിരായ അണ്ണാ ഹസാരെയുടെ സമരം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍തന്നെ രാജ്യം മൊത്തം ചര്‍ച്ചാവിഷയമായിരുന്നു. ഒരു രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കട്ടെയെന്നു അരവിന്ദ് കേജ്!രിവാളും അദ്ദേഹത്തിന്റെ സംഘവും അണ്ണാ ഹസാരെയോടു ചോദിച്ചു. ആ നിമിഷം അണ്ണാ വഴിമാറി സഞ്ചരിക്കാന്‍ തീരുമാനിച്ചു. അണ്ണാക്ക് ആയിരക്കണക്കിന് അനുയായികളുണ്ടായിരുന്നു. ഗാന്ധിജിയോടും ജയപ്രകാശിനോടും അദ്ദേഹത്തെ താരതമ്യപ്പെടുത്തിയിരുന്നു. എല്ലാ സംവാദങ്ങളും അദ്ദേഹത്തില്‍ തുടങ്ങി അദ്ദേഹത്തില്‍ തന്നെയാണ് അവസാനിച്ചത്. അദ്ദേഹമില്ലാതെയുള്ള സമരതന്ത്രത്തെക്കുറിച്ച് ചിന്തിക്കുകയെന്നതും സമരത്തെ മുന്നോട്ടുകൊണ്ടുപോവുകയെന്നതും നടക്കാത്ത കാര്യമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് പിടിവാശിയായിരുന്നു. അദ്ദേഹം ആരുടെയും വാക്കുകള്‍ കേള്‍ക്കാന്‍ തയാറായില്ല. സമരത്തിന്റെ പ്രസക്തി നഷ്ടപ്പെടുകയും രാഷ്ട്രീയം മാത്രമായി മാറുകയും ചെയ്തു. അരവിന്ദും അദ്ദേഹത്തിന്റെ സംഘവും ഈ സമ്പ്രദായത്തെ തുടച്ചുവെടിപ്പാക്കണം എന്ന അഭിപ്രായമായിരുന്നു. അണ്ണാ ഇല്ലാതെ ഇതു നടക്കുമോ എന്നതായിരുന്നു ചോദ്യം? അണ്ണാ ഇല്ലാത്ത രാഷ്ട്രീയപാര്‍ട്ടിക്ക് ഒരു ഭാവിയുമില്ലെന്നും അതു ക്രമേണ മരണപ്പെടുമെന്നും സംഘത്തില്‍നിന്നും അഭിപ്രായം ഉയര്‍ന്നു. എന്നാല്‍ അണ്ണാ ഇല്ലാതെ അരവിന്ദും സംഘവും മുന്നോട്ടുപോകാന്‍ തീരുമാനിച്ചു.

image


ഡല്‍ഹിയെയാണ് പ്രവര്‍ത്തനകേന്ദ്രമായി അവര്‍ തിരഞ്ഞെടുത്തത്. ഒരു വര്‍ഷത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. ഒരു പ്രസ്ഥാനം കെട്ടിപ്പടുത്തുക, പ്രവര്‍ത്തകരെ ഒന്നിച്ചുകൊണ്ടുവരിക, ബിജെപിയെയും കോണ്‍ഗ്രസിനെയും കടത്തിവെട്ടി ജനങ്ങള്‍ക്കിടയില്‍ എഎപിയെ കൊണ്ടെത്തിക്കുക ബുദ്ധിമുട്ടേറിയതായിരുന്നു. അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന്റെ ബീജകേന്ദ്രം ഡല്‍ഹിയായിരുന്നെന്ന വസ്തുത ഞാന്‍നിഷേധിക്കുന്നില്ല. അരവിന്ദ് കേജ്രിവാളിനെപ്പോലുള്ള നേതാക്കളെക്കുറിച്ച് ജനങ്ങള്‍ക്ക് നല്ല അവബോധവുമുണ്ടായിരുന്നു. എന്നാല്‍ ഏറ്റവും വലിയ വെല്ലുവിളി ഇതായിരുന്നില്ല. ഓരോ സ്ഥലത്തും എഎപിയുടെ സാന്നിധ്യം എത്തിക്കുക, ബിജെപിയെയും കോണ്‍ഗ്രസിനെയും എഎപിക്ക് തോല്‍പ്പിക്കാനാവുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക തുടങ്ങിയവയായിരുന്നു. ഇതിനു ഞങ്ങള്‍ക്കു സാധിക്കുമോ? ഇതായിരുന്നു ചോദ്യം. ഇതു സാധിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസം ടീമിനുണ്ടായിരുന്നു. തിരഞ്ഞെടുപ്പുഫലം പ്രഖ്യാപിച്ചപ്പോള്‍ രാഷ്ട്രീയ പണ്ഡിതന്‍മാര്‍ അന്തിച്ചുപോയി. തിരഞ്ഞെടുപ്പു സര്‍വേ നടത്തിയവരും തിരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് അവലോകനം നടത്തിയവരും നാലു സീറ്റില്‍ കൂടുതല്‍ എഎപിക്ക് നല്‍കിയില്ല. അസാധ്യമെന്നു കരുതിയത് നടന്നു. അതും അണ്ണാ ഹസാരെയുടെ സാന്നിധ്യമില്ലാതെ. എങ്ങനെയാണ് ഇതു സംഭവിച്ചത്? ലക്ഷ്യം നേടാനാകുമെന്ന ആത്മവിശ്വാസവും ദൃഢവിശ്വാസവും മൂലമാണ്.

image


ഡല്‍ഹിയില്‍ അധികാരത്തിലെത്തി 49 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ രാജിവച്ചു. എല്ലാവരും അമ്പരന്നു. രാഷ്ട്രീയ പണ്ഡിതന്മാരും അവലോകനക്കാരും വീണ്ടും വിധിയെഴുതി. എ എ പി ഇനിയൊരിക്കലും ഉയിര്‍ത്തെഴുന്നേല്‍ക്കില്ല. ഇനി എല്ലാം മോദിമാത്രം. ഭാവിയില്‍ ഇന്ത്യയുടെ നേതാവിനെ അദ്ദേഹത്തിലാണ് കാണുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് എ എ പിക്ക് തിരിച്ചടി നല്‍കി. ഡല്‍ഹിയിലെ ശക്തമായ സീറ്റുകള്‍പ്പോലും നഷ്ടമായി. എ എ പിയെയും നേതാക്കളെയും സാധാരണ ജനങ്ങള്‍പോലും നടുറോഡില്‍ വച്ച് കൊഞ്ഞനം കുത്തുമെന്ന വിശേഷണം ചാര്‍ത്തി നല്‍കി. മോദിയുടെ പ്രശസ്തി ആകാശത്തിന്റെ ഉയരങ്ങളിലേക്കെത്തി. ഒറ്റയ്ക്ക് മുന്നില്‍നിന്ന് 4 സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചു. ഡല്‍ഹി അഞ്ചാമത്തെ ആകുമെന്നു പറഞ്ഞു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ജീവിതത്തെയും മരണത്തെയും മുഖാമുഖം കണ്ട സാഹചര്യമായിരുന്നു. ഞങ്ങള്‍ തളരുമെന്നു കരുതി, പക്ഷേ തളര്‍ന്നില്ല. അരവിന്ദ് കേജ്‌രിവാള്‍ രാജിവച്ചതില്‍ ജനങ്ങള്‍ക്ക് ദേഷ്യമുണ്ടായിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് ഇനിയും വിജയിക്കാനാകുമെന്നു സ്വയം വിശ്വസിച്ചു.

ജനങ്ങള്‍ക്ക് ഞങ്ങളില്‍ വിശ്വാസമുണ്ടെന്നും ഞങ്ങള്‍ നിഷ്‌കളങ്കരാണെന്നും അവിശ്വസിക്കേണ്ടതില്ലെന്നും ജനങ്ങള്‍ക്കറിയാമെന്ന് ഞങ്ങള്‍ മനസ്സിലാക്കി. ജനങ്ങളുടെ അടുത്തേക്ക് നേരിട്ട് ചെല്ലാന്‍ തീരുമാനിച്ചു. രാജിവച്ചതിന് അവരോട് മാപ്പ് പറഞ്ഞു. ഡല്‍ഹിക്കായി ഒരു അജന്‍ഡ ഞങ്ങളുടെ പക്കലുണ്ടെന്നും എങ്ങനെയാണ് ഭരിക്കേണ്ടതെന്നും ഞങ്ങള്‍ക്കറിയാമെന്നു അവര്‍ക്ക് മുന്നില്‍ വ്യക്തമാക്കിക്കൊടുത്തു. കഴിഞ്ഞ 30 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തനായ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയോടാണ് മല്‍സരിക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഇതു ഡേവിഡും ഗോലിയത്തും തമ്മിലുള്ള യുദ്ധമായിരുന്നു. അദ്ദേഹത്തിന് പണവും മറ്റു വിഭവങ്ങളും ഉണ്ടായിരുന്നു. അദ്ദേഹം പരാജയപ്പെടില്ല എന്നൊരു ഐതിഹ്യവും ഇതിനെല്ലാം മുകളിലായി ഉണ്ടായിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് എന്താണ് ഉള്ളത്? പണത്തിന്റെ കാര്യത്തില്‍ ഞങ്ങളെ ഒരിക്കലും അദ്ദേഹവുമായി താരതമ്യപ്പെടുത്താനാവില്ല. ഞങ്ങള്‍ക്കൊരു ആശയമുണ്ടായിരുന്നു. അതൊരു വിപ്ലവമായിരുന്നു. ഞങ്ങള്‍ക്ക് പ്രവര്‍ത്തകരുടെ ഒരു സൈന്യമുണ്ടായിരുന്നു. അവര്‍ ഞങ്ങളുടെ ആശയത്തില്‍ അടിയുറച്ച് വിശ്വസിച്ചിരുന്നു.

എന്താണ് ആ ആശയം? വ്യവസ്ഥാനുരൂപമായ രാഷ്ട്രീയത്തെയും രാഷ്ട്രീയക്കാരെയും രാജ്യത്തുനിന്നും വേരോടെ പിഴുതെറിയും, അതിനൊരു മാറ്റമുണ്ടാക്കും. ശ്രേഷ്ഠ ഭരണാധികാരികള്‍ക്ക് ഭരിക്കാന്‍ അര്‍ഹതയുള്ള രാജ്യമാണ് ഇന്ത്യയെന്ന ആശയം. 

സാധാരണ ജനങ്ങളില്‍നിന്നും ഒഴുകിയെത്തിയ പിന്തുണയില്‍ നിന്നാണ് ആം ആംദ്മി ശക്തിയാര്‍ജിച്ചത് എന്ന ആശയം. സത്യസന്ധമായ രാഷ്ട്രീയം, ശുദ്ധമായ രാഷ്ട്രീയം, എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാവുന്ന രാഷ്ട്രീയം എന്ന ആശയം. ഈ ആശയത്തിന്റെ ശക്തിയെക്കുറിച്ച് ഞങ്ങള്‍ക്കറിയാമായിരുന്നു. ജനങ്ങള്‍ ഈ ആശയത്തെ ഉള്‍ക്കൊള്ളും എന്ന വിശ്വാസമുണ്ടായിരുന്നു. ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷയും സഹനശക്തിയും കൈവിട്ടില്ല. ഇന്നു ഞങ്ങള്‍ എവിടെയെത്തി നില്‍ക്കുന്നുവെന്നു നോക്കുക. 70 സീറ്റുകളില്‍ 67 എണ്ണവും ഞങ്ങള്‍ നേടി. ചരിത്രത്തെയും മുന്‍കീഴ്‌വഴക്കങ്ങളെയെല്ലാം തെറ്റിച്ചു.

രാജ്യത്ത് മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത ഭരണമികവ് പുലര്‍ത്തി മുന്നേറുകയാണ് ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹിയില്‍ ഞങ്ങളെ വിജയത്തിലേക്ക് നയിച്ച അതേ ആശയം തന്നെയാണ് പഞ്ചാബിലും പ്രാവര്‍ത്തികമാക്കുന്നത്. എല്ലാം നല്ല രീതിയില്‍ പോവുകയാണെങ്കില്‍ ഡല്‍ഹിയിലുണ്ടായതുപോലുള്ള വിജയം പഞ്ചാബിലും മറ്റു നിരവധി സംസ്ഥാനങ്ങളിലും 2017 ല്‍ ഉണ്ടാക്കാന്‍ കഴിയുമെന്നു കരുതുന്നു. കുണാലും രോഹിതും പ്രതിസന്ധികളെ നേരിട്ട് തോല്‍പ്പിച്ചില്ലായിരുന്നെങ്കില്‍ ശേഖര്‍ ഗുപ്തയ്ക്ക് ഈ രണ്ടു യുവ ബിസിനസ് സംരംഭകരെ അഭിമുഖം ചെയ്യാന്‍ കഴിയുമായിരുന്നില്ല. അതുപോലെ അരവിന്ദും അദ്ദേഹത്തിന്റെ സംഘവും അവരുടെ ആശയത്തില്‍ വിശ്വസിച്ചില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ ഞാനെഴുതുന്നതെന്താണോ അതെഴുതാന്‍ കഴിയില്ലായിരുന്നു. സ്റ്റാര്‍ട്ടപ് എന്നു പറയുന്നത് ആശയവും, ആത്മവിശ്വാസവും സഹനശക്തിയുമാണ്. ഇതുള്ളവര്‍ വിജയിക്കും. രോഹിതും കുണാലും വിജയികളാണ്. അവര്‍ക്കായി ഹര്‍ഷാരവം മുഴക്കാം.